Tuesday, July 20, 2010

പൊതുമരാമത്തു വകുപ്പിൽ തീവെട്ടിക്കൊള്ള: PWD

ഇതെന്റെ കണ്ടെത്തലല്ല. ധന-കം-പൊതുമരാമത്ത് മന്ത്രി ഡോ:തോമസ് ഐസക്
പൊതുമരാമത്ത് വകുപ്പില്‍ തീവെട്ടിക്കൊള്ള നടന്നതായി കണ്ടുപിടിച്ചിരിക്കുന്നു. തന്റെ ഒരു
പ്രസ്താവനയിലൂടെയാണു ഈ വെളിപ്പെടുത്തല്‍. പ്രസ്താവന പത്ര മാധ്യമങ്ങളില്‍ കണ്ടില്ലെങ്കിലും, പൊതു മരാമത്ത് വകുപ്പ് നേരിട്ട് നടത്തുന്ന ഒരു വെബ് ഗ്രൂപ്പിലാണു
പ്രസിദ്ധീകരിച്ചിരിക്കുന്നത് (19-7-2010). അതു കൊണ്ടുതന്നെ പ്രസ്താവനയുടെ
ആധികാരികതയില്‍ സംശയമില്ല.

അതൊരു  ക്ലോസ്ഡ് ഗ്രൂപ്പാണ്. അതില്‍ രണ്ട് പി.ഡി.എഫ് രേഖകളായാണു ഡോ.തോമസ് ഐസകിന്റെ പ്രസ്താവനകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്നത്തെ പത്രങ്ങളിലൊന്നും (ദേശാഭിമാനിയില്‍ പോലും) അതിനെ പ്രസിദ്ധീകരിച്ച് കണ്ടില്ല. ഏതായാലും ഞാന്‍ അതിന്റെ
പകര്‍പ്പ് ശേഖരിച്ചിട്ടുണ്ട്. ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതെല്ലാം ഡോ.തോമസ് ഐസക്കിന്റെ പ്രസ്താവനയെ അടിസ്ഥാനമാക്കിയാണെന്നു സാക്ഷ്യപ്പെടുത്തികൊള്ളൂന്നു.

റോഡ് മെയിന്റനന്‍സിന്റെ പേരില്‍ നടന്നുകൊണ്ടിരിക്കുന്ന കൊള്ളയാണു മന്ത്രി തിരിച്ചറിഞ്ഞിരിക്കുന്നത്.ദേശീയ പാത അറ്റകുറ്റപ്പണി നടത്തുന്നതില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്ന മാനദണ്ഡം കി.മി നു 60,000 രൂപയാണു. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി
കേരളത്തില്‍ ശരാശരി ഒന്നര ലക്ഷം രൂപ വീതം ദേശീയപാത അറ്റകുറ്റപ്പണിക്ക് ചെലവഴിക്കുന്നുണ്ട്. എന്നാല്‍ ചില സ്ഥലങ്ങളില്‍ കി.മിറ്ററിനു ചലവഴിക്കേണ്ടി വന്ന തുക
ശരാശരി 3-4 ലക്ഷം രൂപവീതം വന്നുവെന്നും കണ്ടെത്തി. കൊച്ചി നഗരത്തിലെ റോഡുകളുടെ
കാര്യത്തിലാവട്ടെ കിലോമീറ്ററിനു 10-20 ലക്ഷം രൂപയാണു.

ഇത്രയും ഭീമമായ വ്യതിയാനം വരാനുണ്ടായ  കാരണങ്ങള്‍:

  • വി.ഐ.പി സന്ദര്‍ശനമെന്ന പേരിലും അല്ലാതെയും ടെണ്ടര്‍ ഇല്ലാതെ അറ്റകുറ്റപ്പണികള്‍ നടത്തി. 3 ലക്ഷം രൂപയാണു ടെണ്ടറില്ലാതെ കരാര്‍ കൊടുക്കാനുള്ള ചീഫ് എഞ്ചിനിയറുടെ പരിധി; ഒന്നര ലക്ഷം രൂപ സൂപ്രണ്ടിം എഞ്ചിനിയറുടേയും. ഈ പരിധിയെല്ലാം കാറ്റില്‍ പറത്തി കോടികളുടെ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടു.
  • കരാറുകള്‍ക്ക് ഭരണാനുമതി ഇല്ല. നല്ല പങ്കും പണി തീര്‍ത്തതിനു ശേഷമാണു ഭരണാനുമതി നല്‍കിയത്.
  • ഒരേ റോഡിനെതന്നെ മുന്നൂറും നാനൂറും മീറ്റര്‍ വീതം വിഭജിച്ച് പ്രത്യേക കരാറുകളാക്കി, ഒന്നിനു പോലും ടെണ്ടര്‍ വിളിക്കാതെ എന്നാല്‍ ഒരേകരാറുകാരനു തന്നെ എസ്റ്റിമേറ്റിനു 15% കൂട്ടി ‘ടെണ്ടര്‍
  • എക്സസ്’ നല്‍കി പണിചെയ്യിപ്പിച്ചു.
  • ഒരേ റോഡുകള്‍ തന്നെ വീണ്ടും വീണ്ടും ഭീമമായ തുക മുടക്കി വി.ഐ.പി.കളുടെ സന്ദര്‍ശനങ്ങള്‍ക്ക്
  • സഞ്ചാരയോഗ്യമാക്കുന്ന സര്‍ക്കസ്സും നടത്തി.
  • കോടതി വിധിയുടെ മറപിടിച്ച് ശബരിമല സീസണ്‍ അടുക്കുമ്പോള്‍ എല്ലാ വര്‍ഷവും ഒരേ റോഡുകള്‍ തന്നെ 25 കോടി രൂപ വീതം മുടക്കി അറ്റകുറ്റപ്പണിക്കൊള്ള നടത്തികൊണ്ടിരിക്കുന്നു.
  • പണി തുടങ്ങിയതിനും തീര്‍ന്നതിനും ശേഷം അംഗീകാരം നല്‍കി.
  • ചെറിയ പണി ചെയ്യേണ്ടിടത്ത് വലിയ പണി ചെയ്തു എന്നു വരുത്തി തീര്‍ത്തു.
  • ഒരേ റോഡില്‍ വീണ്ടും വീണ്ടും പണി ചെയ്തു.
  • പണി ചെയ്യാതെ തന്നെ പണി നടത്തി എന്നു രേഖകള്‍ സൃഷ്ടിച്ച് ബില്‍ പാസ്സാക്കി.

ഇത്രയുമൊക്കെ തെളിവുകള്‍ പോരേ ഇതിനുത്തരവാദികളായവര്‍ക്കെതിരെ നടപടികളെടുക്കാ‍ന്‍? എന്നാല്‍  നടപടിയെ പറ്റി ഒരക്ഷരം മന്ത്രിയുടെ പ്രസ്താ‍വനയില്‍ ഇല്ല. ഈ തെളിവുകളെല്ലാം വിജിലന്‍സിനു കൈമാറിയാല്‍ മാത്രം മതിയല്ലോ. അതു ചെയ്യുമെന്ന ഒരു സൂചനയും
പ്രസ്താവനയിലില്ല. പകരം ഹൈക്കോടതിയില്‍ സമര്‍പ്പിക്കുവാനുള്ള സത്യവാങ്മൂലത്തിനു
വേണ്ടി ശേഖരിച്ച വിവരങ്ങള്‍ക്കിടയില്‍  ലഭ്യമായിപ്പോയ കാര്യങ്ങളാണിവയത്രയും.

ഏല്ലാ റോഡുകളുടേയും സംരക്ഷണ ചുമതല അതാത് ത.സ്വ.ഭ. പനങ്ങള്‍ക്കായിരിക്കണമെന്നു
തീരുമാനിച്ചത് ഇന്നോ ഇന്നലയോ അല്ല. അധികാര വികേന്ദ്രീകരണം നടപ്പാക്കിയ അന്നേ തീരുമാനിച്ചതാണു. എന്നാല്‍ ഇന്നു വരെ  റോഡുകളുടെ നിയന്ത്രണവും പരിപാലനവും
പൊതുമരാമത്ത് വകുപ്പുകാര്‍ വിട്ടു കൊടുത്തോ? ഇല്ല. നിലവിലെ മരാമത്ത് ബാബുമാര്‍ എന്നെങ്കിലും അതിനു മുതിരുമെന്നും തോന്നുന്നില്ല. കറവ പശുവിനെ ആരെങ്കിലും വിട്ടുകൊടുക്കുമോ. എന്നാല്‍ ആ ബാബുമാരെ കൂടെ ത.സ്വ.ഭ സ്ഥാപനങ്ങളിലേക്ക് മാറാന്‍/മാറ്റാന്‍ ഉള്ള ഒരു ഉത്തരവിടാന്‍ ഇടതു/വലതു സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ. ഇതെല്ലാം സാധ്യമാകുന്നതു വരെ നമ്മുടെ മന്ത്രി ഇപ്പോള്‍ കണ്ടെത്തിയ തീവെട്ടിക്കൊള്ള തുടര്‍ന്നു കൊണ്ടേയിരിക്കും.


മന്ത്രിയുടെ പ്രതിവിധി നിര്‍ദ്ദേശങ്ങള്‍ (മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിനു ശേഷം).

  • ശബരിമല റോഡുകളുടെ വാര്‍ഷിക റിപ്പയര്‍ അവസാനിപ്പിച്ച് അഞ്ചു വര്‍ഷത്തെ മെയിന്റനന്‍സ് കോണ്ട്രാക്ട് നല്‍കുവാനുദ്ദേശിക്കുന്നു.
  • മറ്റു പി.ഡബ്ല്യു.ഡി റോഡുകളുടെ ഒരു ഭാഗവും ഇത്തരത്തില്‍ ദീര്‍ഘകാല മെയിന്റനന്‍സ് കരാറിനു നല്‍കുവാന്‍ ഉദ്ദേശിക്കുന്നു.
  • റിപ്പയര്‍ വര്‍ക്കുകള്‍ക്ക് ഭരണാനുമതി നല്‍കുന്നതില്‍ താമസം വരുത്തുന്നവര്‍ ശിക്ഷാ നടപടികള്‍ക്ക് വിധേയമാകും.
  • റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് തുടരുന്നുണ്ടെങ്കില്‍ ഇതിനുത്തരവാദികളായവര്‍ ഉത്തരം
  • പറയണം.
  • എസ്റ്റിമേറ്റുകളുടെ നിജസ്ഥിതി സാമ്പിള്‍ അടിസ്ഥാനത്തില്‍ ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ പരിശോധിക്കും.
  • ആരാണു, എത്ര രൂപക്കാണു ഓരോ പ്രദേശത്തേയും അറ്റകുറ്റപ്പണിക്ക് ടെണ്ടറെടുത്തതെന്നു ബന്ധപ്പെട്ട എഞ്ചിനീയറോടോ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോടോ, എം.എല്‍.എ യോടോ ചോദിച്ചാലറിയാം.

ഭാവി പരിപാടി?
  1. ഒരു പുതിയ സ്കീം (ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനുള്ളത്). കരാറുകാര്‍ക്ക് 9.5% പലിശക്ക് വായ്പ സര്‍ക്കാര്‍ തരപ്പെടുത്തിത്തരും. മുതല്‍ തിരിച്ചടവിനെക്കുറിച്ച് കരാറുകാര്‍ അറിയേണ്ടതില്ല. അതു സര്‍ക്കാരിന്റെ ചുമതല. പുതുതായി ടെണ്ടര്‍ വിളിക്കുന്ന എല്ലാ കരാറുകള്‍ക്കും പണി തീരുമ്പോള്‍ തന്നെ പണം തരും. ഫലത്തില്‍ 9.5% ഡിസ്കൌണ്ടില്‍ കൊടുക്കാനുള്ള തുക മുങ്കുര്‍ നല്‍കാം എന്നാണു സര്‍ക്കാര്‍ പറയുന്നത്.
  2. എല്ലാ വര്‍ഷവും റേറ്റുകള്‍ പുതുക്കണം. വേണമെങ്കില്‍ വര്‍ഷത്തില്‍ രണ്ടു തവണ ആകുന്നതിലും വിരോധമില്ല.
  3. എസ്റ്റിമേറ്റ് ഉണ്ടായി കഴിഞ്ഞാല്‍, ബഡ്ജറ്റില്‍ ആവശ്യമായ പണം വകയിരുത്തിയിട്ടുണ്ടെങ്കില്‍ മാത്രം  ഭരണാനുമതി നല്‍കണം. എങ്ങനെയായാലും, ഒരു സമയം ഏറ്റെടുത്തിരിക്കുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ ബഡ്ജറ്റ് തുകയേക്കാള്‍ 150% അധികരിക്കാന്‍ പാടില്ല.
  4. എല്ലാ കരാറുകളും ടെണ്ടര്‍ വിളിച്ച് വേണം നല്‍കാന്‍.വെബ്സൈറ്റില്‍ വിവരങ്ങള്‍ ഇടുന്നതിനും ഈ-മെയിലിലൂടെ അംഗീകൃത കരാറുകാര്‍ക്കൊക്കെ വിവരങ്ങള്‍ അയച്ചുകൊണ്ടുക്കുന്ന രീതി ഏര്‍പ്പെടുത്തണം. 
  5. റിവൈസ്ഡ് എസ്റ്റിമേറ്റുണ്ടാക്കുന്നതില്‍ കര്‍ശനമായ നിയന്ത്രണം വേണം.
  6. ഒരു ചെറിയ ഇമ്പ്രസ്റ്റ് തുക എല്ലാ എഞ്ചിനിയര്‍മാര്‍ക്കും ലഭ്യമാക്കും.
  7. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ,ജനപ്രതിനിധികളോ റോഡില്‍ കുഴികണ്ടാല്‍ ബന്ധപ്പെട്ട
  8. എഞ്ചിനീയറോട് പറഞ്ഞാല്‍ അതുടനെ പരിഹരിക്കാന്‍ വേണ്ടിയാണീ ഇപ്രസ്റ്റ്.
  9. ഓരോ പണിയെയും സംബന്ധിച്ചുള്ള ഓരോ വിവരവും ഉദാ: ഭരണാനുമതിയുടെ വിവരങ്ങള്‍,സാങ്കേതികാനുമതിയുടെ വിവരങ്ങള്‍,  ടെണ്ടര്‍ നിരക്കുകള്‍, റിവൈസ്ഡ് എസ്റ്റിമേറ്റ് സംബന്ധിച്ച വിവരങ്ങള്‍, ബില്ലുകള്‍ സമര്‍പ്പിച്ച തീയതി, പാസ്സാക്കുന്ന ബില്ലുകള്‍, റോഡു വര്‍ക്കിലുള്ള പുരോഗതി എന്നിങ്ങനെ ഇന്റര്‍നെറ്റിലൂടെ ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ അപ്പപ്പോള്‍ ഏവര്‍ക്കും പരിശോധിക്കാവുന്ന ഒരു പ്രോഗ്രമില്‍ ചേര്‍ത്തു കൊണ്ടിരിക്കണം. ബന്ധപ്പെട്ട വിവരങ്ങള്‍ ഈ പ്രോഗ്രമിലൂടെ നല്‍കിയാല്‍ മാത്രമേ ബില്ലുകള്‍ പാസ്സാക്കുവാനുള്ള അനുവാദം നല്‍കുകയുള്ളൂ.
  10. വര്‍ഷാവര്‍ഷമുള്ള പാച്ച് വര്‍ക്ക് മെയിന്റനന്‍സിനു പകരം ദീര്‍ഘകാല മെയിന്റനന്‍സ് കോട്രാക്ടിലേക്ക് മാറണം. ആദ്യ വര്‍ഷം കട്ടിയേറിയ മെറ്റലും ടാറും മറ്റും ഉപയോഗിക്കുന്ന
  11. ഹെവി മെയിന്റനന്‍സ് സമ്പ്രദായത്തില്‍ റോഡ് നന്നാക്കണം.  പിന്നീട് വര്‍ഷം തോറും റോഡിന്റെ അറ്റകുറ്റപ്പണി നടത്തേണ്ടത് ആ കോണ്ട്രാക്ടറാണു. സമയത്ത് അത് ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ നേരിട്ട് ചെയ്ത് പിഴ അയാളില്‍ നിന്നും ഈടാക്കും.

ചുരുക്കത്തില്‍ ഭരണമുന്നണിയില്‍ നിന്നും ഒരു ഘടക കക്ഷി (കേരളാ കോണ്‍ഗ്രസ്സ് പി.ജെ.ജോസഫ് ഗ്രൂപ്പ്) ഒഴിഞ്ഞ് പോയതിന്റെ ഗുണം ജനങ്ങള്‍ അനുഭവിച്ച് തുടങ്ങാന്‍ പോകുന്നു. ഇതു പൊതുമരാമത്ത് വകുപ്പിന്റെ മാത്രം കാര്യം. ഇങ്ങനെ മറ്റു ചെറുകക്ഷികള്‍ കൂടി ഓരോന്നായി ഒഴിഞ്ഞു പോകുകയും പരകരം സി.പി.എം മന്ത്രിമാര്‍ വകുപ്പ് കൈയ്യാളുകയും ചെയ്തെങ്കില്‍
എന്നാശിച്ചു പോകുന്നു.

ആധാരം 1: http://www.minister-finance.kerala.gov.in/articles/fmar006.pdf
 2: http://www.minister-finance.kerala.gov.in/articles/fmar005.pdf

6 comments:

Unknown said...

ശരിയാണ്, ഇത്തരം വകുപ്പുകള്‍ സി.പി.എം. മന്ത്രിമാര്‍ തന്നെ കൈകാര്യം ചെയ്തെങ്കില്‍ എന്ന് ആരും ആശിച്ചു പോകും. കോണ്‍ഗ്രസ്സുകാര്‍ക്ക് ഇതിനൊന്നും നേരം കിട്ടില്ല. ഖദര്‍ കുപ്പായത്തിന്റെ ഇസ്തിരി ചുളിയാതെ നോക്കുന്നതിന് തന്നെ നേരം തികയില്ല. കൂടാതെ മറ്റേ ഗ്രൂപ്പുകാരനെ ഒതുക്കുകേം വേണം.

കേരളം ബീഹാറല്ലെന്ന് ആരാ പറഞ്ഞേ ??????

അങ്കിള്‍ said...

പൊതുമരാമത് മന്ത്രി സ്വയം തെറ്റ് തിരുത്തലിനു വിധേയനാകുന്നു. തന്റെ വകുപ്പില്‍ ഇതുവരെ നടന്ന തീവെട്ടിക്കൊള്ളകളെ അക്കമിട്ടു നിരത്തുന്നു. ഇതിനു കാരന്നക്കായവര്‍ക്കെതിരെ ഉടന്‍ നടപടി എടുക്കുമെന്ന് പ്രത്യാശിക്കാം.

chithrakaran:ചിത്രകാരന്‍ said...

സുതാര്യമായ പ്രവര്‍ത്തന പരിപാടികളോടെയും,ലക്ഷ്യബോധത്തോടെയുള്ള പ്ലാനിങ്ങോടെയും,മറ്റു രാഷ്ട്രീയ കക്ഷികളോടും ജനങ്ങളോടും കൂടി പ്രതിബദ്ധതയും സഹിഷ്ണുതയും
പുലര്‍ത്തിക്കൊണ്ടും ജാതി മത പ്രീണനമില്ലാതെ ഭരിക്കുകയാണെങ്കില്‍ സി.പി.എം.നുതന്നെ ഒറ്റക്ക്
ദീര്‍ഘകാലം കേരളം ഭരിക്കാവുന്നതേയുള്ളു.

ഞങ്ങളുടെ പാര്‍ട്ടി, ഞങ്ങളുടെ ഗവണ്മെന്റ് എന്നൊക്കെയുള്ള ദാര്‍ഷ്ട്ര്യ പ്രകടനവും മാടംബിത്വവും
മാറ്റിവച്ച് നമ്മുടെ ഗവണ്മെന്റ്, നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍, നമ്മുടെ പൊതുപ്രവര്‍ത്തകര്‍, നമ്മുടെ ജനങ്ങള്‍ എന്നൊക്കെ പറയാനുള്ള ജനാധിപത്യബോധം അവര്‍ക്കുണ്ടായാല്‍ മതി !

അങ്കിളിനു ലഭിച്ചിരിക്കുന്ന ഈ രഹസ്യരേഖ
ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് വളരെ
വിലപ്പെട്ടതാണ്. ഈ രേഖ മുന്‍‌നിര്‍ത്തിയാണ്
കേസില്‍ കുടുക്കാതിരിക്കാനുള്ള മാമൂലുകള്‍ തരപ്പെടുത്തുന്നതിനുള്ള നെഗൊസിയേഷനുകള്‍
നടത്തുന്നത്. ഈ രേഖ രഹസ്യമായി ഇനിയും തുടരുന്നുണ്ടെങ്കില്‍ അത്തരം വിലപേശലുകള്‍
നടക്കുന്നു എന്നൂഹിക്കേണ്ടിയിരിക്കുന്നു.

ഇത്തരം പൊതു കാര്യങ്ങള്‍
ചെയ്യിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്.
ജോലി ചെയ്യുന്ന കോണ്ട്രാക്റ്റര്‍ക്ക് ആ ജോലിയുടെ
കരാര്‍ തുക മാത്രമല്ല, ക്രെഡിറ്റുകൂടി നല്‍കേണ്ടതുണ്ട്.

അതായത്, ഒരു പാലം പണിയുംബോഴോ,റോഡു പണിയുമ്പോഴോ അതിന്റെ ക്രെഡിറ്റ് കോണ്ട്രാക്റ്റര്‍ക്കാണ് നല്‍കേണ്ടത്. അല്ലാതെ,
പൊട്ടന്‍ ചിരിയുമായി ആ പ്രവര്‍ത്തിയുടെ ശിലാസ്ഥാപനം നടത്തുന്ന മന്ത്രിക്കോ തന്ത്രിക്കോ ആകരുത്. പാലമായാലും റോഡയാലും അതു നിര്‍മ്മിക്കുന്ന കോണ്ട്രാക്റ്ററുടേയോ സ്ഥാപനത്തിന്റേയോ
പേര്‍ അഭംഗിയില്ലാത്തവിധം നിര്‍മ്മിച്ച തിയതിയും
പ്രവര്‍ത്തിയുടെ പേരും സഹിതം പ്രവര്‍ത്തി നടന്ന സ്ഥലത്ത് പ്രദര്‍ശിപ്പിക്കേണ്ടതാണ്.

വര്‍ക്കു നന്നായാല്‍ കോണ്ട്രാക്റ്ററെപ്പറ്റി രണ്ടു വാക്കു പറയാനും, മോശമായാല്‍ കോണ്ട്രാക്റ്ററുടെ കുപ്രസിദ്ധിയുടെ ചൂണ്ടു പലകയാകാനും ഇത്തരം ശിലാരേഖകള്‍ക്ക്
കഴിയും.
അങ്കിളിന്റെ പോസ്റ്റിനു നന്ദി.

മുക്കുവന്‍ said...

അതെയതെ.. സിപി.എം ഏതൊക്കെ മന്ത്രിപദങ്ങള്‍ അലങ്കരിക്കുന്നുണ്ടാവോ.. അവയെല്ലാം പത്തരമാറ്റില്‍ പ്രവര്‍ത്തിക്കുന്നു അല്ലേ? കെ പി പറഞ്ഞതു കാര്യം... കോണ്‍ഗ്രസ്സുകാര്‍ക്ക് ഇതിനൊന്നും നേരം കിട്ടില്ല. ഖദര്‍ കുപ്പായത്തിന്റെ ഇസ്തിരി ചുളിയാതെ നോക്കുന്നതിന് തന്നെ നേരം തികയില്ല. കൂടാതെ മറ്റേ ഗ്രൂപ്പുകാരനെ ഒതുക്കുകേം വേണം.

Irshad said...

പണ്ട് വിദ്യാഭ്യാസത്തില്‍ ആഭാസത്തരം കാട്ടിയാണ് ജോസഫ് ഇടതിനെ വീഴ്ത്തിയതു. പിന്നെയും ഒന്നിച്ചു വന്നു. ഇപ്രാവശ്യം കിട്ടിയ പൊതുമരാമത്തിലായി കലാ പരിപാടികള്‍. പണ്ടത്തെ പരിപാടികള്‍ക്കും കഴിഞ്ഞ നാലുകൊല്ലത്തെ പരിപാടികള്‍ക്കും പരിപൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടു കൂടെക്കിടപ്പ് നിര്‍ത്തിയപ്പോള്‍ കാണിക്കുന്ന കടിക്കു എന്തു മാന്യതയാ ഉള്ളതു? സിപി.എമ്മിനു ഏതെങ്കിലും വകുപ്പ് ഏറ്റെടുത്തു നന്നാക്കാനറിയാമെങ്കില്‍ വിദ്യാഭ്യാസരംഗം നന്നാക്കാമായിരുന്നില്ലെ? പടലപ്പിണക്കങ്ങള്‍ കൊണ്ട് ആകെയുള്ള ഗുണം നഷ്ടപ്പെടുത്തിയതിന്റെ കണക്കു വെളിയില്‍ വരുമെന്നതാ. കെ.എസ്.റ്റി.പി വഴി നഷ്ടപ്പെടുത്തിയതിലെ കോടികള്‍ ഐസക് പറഞ്ഞതിന്റെയത്രേമില്ലെന്നാ ജോസഫ് പറയുന്നതു. നഷ്ടപ്പെടുത്തിയെന്നതില്‍ ഒരുമയുണ്ടെന്നതില്‍ സമാധാനിക്കാം. :)

R.Sajan said...

http://groups.google.com/group/speak-about-kerala-pwd/browse_thread/thread/d94aaf21a0314224/b71bfc1eee9334d2

My messages asking for information on the Rs. 40 lakh compensation to the Consultant are not being allowed/posted in the above Google group.