Saturday, November 1, 2008

കെട്ടിടനിര്‍മ്മാണ ചട്ടലംഘനം-1

തിരുവനന്തപുരത്തുള്ള കോസ്മോപൊളിറ്റന്‍ ഹോസ്പിറ്റല്‍. നമുക്കേവര്‍ക്കും അറിയാവുന്ന പ്രഗത്ഭരായ ഒരു കൂട്ടം ഡോക്ടേര്‍‌മാരുടെ കൂട്ടായ്മ ആതുരസേവനം നടത്തുന്ന സ്ഥാപനം. അവര്‍ക്കുവേണ്ടി 19 ലക്ഷത്തോളം രൂപയുടെ അനര്‍ഹമായ ആനുകൂല്യമാണ് നമ്മുടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ അനുവദിച്ചുകൊടുത്തത്. വെറുതേ അങ്ങ് അനുവദിച്ചു കൊടുത്ത ആനുകൂല്യമാണെന്നു തോന്നുന്നുണ്ടോ? അതു അരമന രഹസ്യം.

ഇനി കാര്യത്തിലോട്ട് കടക്കാം.

തിരുവനന്തപുരം പട്ടണത്തിനകത്ത് കെട്ടിടം പണിയുന്നതിനോ, കെട്ടിയതിനെ പുതുക്കുന്നതിനോ, നീട്ടുന്നതിനോ ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് സാധാജനങ്ങള്‍ക്കെല്ലാം അറിയാം. സാധാരണ ജനങ്ങള്‍ക്ക് മാത്രമേ ആ നിയമങ്ങള്‍ കര്‍ശനമായി ബാധകമാക്കൂ എന്നുമാത്രം. കോസ്മോപൊളിറ്റണ്‍ ആശുപത്രി ഉടമകള്‍ സാധാരണക്കാരല്ലാത്തതുകൊണ്ട് നിയമം ലംഘിച്ച് അനുവദിച്ച അനുകൂല്യത്തിന്റെ കഥയാണിത്. ഇതാണ് നിയമം:

ഒരു വസ്തുവിലുള്ള കെട്ടിടങ്ങളുടെ എല്ലാ നിലകളിലും ഉള്‍പ്പെട്ട ആകെ തറയുടെ വിസ്തീര്‍ണ്ണം വസ്തുവിന്റെ വിസ്തീര്‍ണ്ണത്തിന്റെ ഇരട്ടിയില്‍ കൂടരുത്. ഇതിനെ ഫീല്‍ഡ് ഏരിയാ റേഷ്യോ അഥവാ എഫ്.എ.ആര്‍ എന്നു വിളിക്കുന്നു. ഏതെങ്കിലും കാരണവശാല്‍ മേല്‍‌പറഞ്ഞ തറവിസ്തീര്‍ണ്ണം, സ്ഥലവിസ്തീര്‍ണ്ണത്തിന്റെ ഇരട്ടിയില്‍ കവിഞ്ഞാല്‍, അധിക തറവിസ്തീര്‍ണ്ണത്തിനു ചതുരശ്ര മീറ്റരിനു 1000 രൂപ നിരക്കില്‍ അധിക ഫീസ് ഈടാക്കണം.

കോസ്മോപൊളിട്ടണ്‍ ആശുപത്രിക്ക് അധികമായി 1680 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഒരു കെട്ടിടം കൂടി നിര്‍മ്മിക്കാന്‍ 2003 ജൂലൈയില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ അനുമതി നല്‍കി. ഇതും കൂടി ആകുമ്പോള്‍ ഈ ആശുപത്രിക്ക് വേണ്ടി പണിതിട്ടുള്ള കെട്ടിടങ്ങളുടെ ആകെ തറവിസ്തീര്‍ണ്ണം 10,785.26 ച.മീറ്ററാണ്. എന്നാല്‍ ആശുപത്രിയുടെ സ്ഥല വിസ്തീര്‍ണ്ണമോ, വെറും 4,454.70 ച.മീറ്റര്‍ മാത്രം. അതായത് എഫ്.എ.ആര്‍ പ്രകാരം ആശുപത്രിക്ക് വേണ്ടി സാധാരണഗതിയില്‍ പണിയാവുന്ന കെട്ടിടങ്ങളുടെ ആകെ തറവിസ്തീര്‍ണ്ണം 4,454,70 * 2 =8,909.40 ച.മീറ്ററില്‍ കൂടാന്‍ പാടില്ല. ഇവിടെ 1,875.86 ച.മീറ്റര്‍ [10,785.26 - 8909.40] അധികം. അപ്പോള്‍ ച. മീറ്ററിനു 1,000 രൂപ വച്ച് 1875.86 ച.മിറ്ററിനു 18,75,860 രൂപ അധിക ഫീസ്സ് ഈടാക്കണം. എന്നാല്‍ സംഭവിച്ചതോ:

ആശുപത്രിക്ക് വേണ്ടി നിലവില്‍ പ്രവര്‍ത്തിച്ചു വന്ന കെട്ടിടങ്ങളെ പരിഗണിച്ചതേ ഇല്ല. ഏമാന്മാരുടെ കണ്ണില്‍ അവിടെയുള്ള
4,454.70 ച.മീറ്റര്‍ സ്ഥലത്ത് അധികം പണിയാന്‍ ആവശ്യപ്പെട്ട കെട്ടിടം മാത്രമേ ഉള്ളൂ എന്നങ്ങു സങ്കല്‍പ്പിച്ചു. അപ്പോള്‍ 1680 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പുതിയ കെട്ടിടം എഫ്.എ.ആര്‍ പരിധിക്ക് പുറത്താകുന്നില്ലല്ലോ. അങ്ങനെയെങ്കില്‍ അധികഫീസൊന്നും വാങ്ങാതെ അനുമതി നല്‍കിയാല്‍ മതി. അതുതന്നെ സംഭവിച്ചെന്ന് അക്കൌണ്ടന്റ് ജനറല്‍ ഫയലുകളില്‍ നിന്നും കണ്ടെത്തി.

സഹായിക്കണമെന്ന് ഉറച്ച് തീരുമാനിച്ചാ‍ല്‍, ചക്ക വേരിലും കായ്ക്കും എന്ന് മനസ്സിലായില്ലേ. ആശുപത്രി അധികാരികളില്‍ നിന്നും ഈ അധിക ഫീസ്സ് ഈടാക്കാന്‍ പോയാല്‍ പലനാറ്റകഥകളും പുറത്താകും.

കടപ്പാട്: വിവരാവകാശനിയമം, സി.ഏ.ജി. റിപ്പോര്‍ട്ട്.

തുടരും.....

11 comments:

അങ്കിള്‍. said... 1

തിരുവനന്തപുരത്തുള്ള മെട്രോപൊളിറ്റന്‍ ഹോസ്പിറ്റല്‍. നമുക്കേവര്‍ക്കും അറിയാവുന്ന പ്രഗത്ഭരായ ഒരു കൂട്ടം ഡോക്ടേര്‍‌മാരുടെ കൂട്ടായ്മ ആതുരസേവനം നടത്തുന്ന സ്ഥാപനം. അവര്‍ക്കുവേണ്ടി 19 ലക്ഷത്തോളം രൂപയുടെ അനര്‍ഹമായ ആനുകൂല്യമാണ് നമ്മുടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ അനുവദിച്ചുകൊടുത്തത്. വെറുതേ അങ്ങ് അനുവദിച്ചു കൊടുത്ത ആനുകൂല്യമാണെന്നു തോന്നുന്നുണ്ടോ? അതു അരമന രഹസ്യം.

Haree said... 2

കോസ്മോപോളിറ്റണും, മെട്രോപോളിറ്റണും ഒന്നു തന്നെയാണോ? മുറിഞ്ഞാപാലത്തുള്ള കോസ്മോ ഹോസ്പിറ്റല്‍ തന്നെയല്ലേ ഈ പറഞ്ഞിരിക്കുന്നത്? ആശയകുഴപ്പം ഒഴിവാക്കിയിരുന്നെങ്കില്‍ നന്നായിരുന്നു. (പൂര്‍ണ്ണമായ വിലാസം നല്‍കാവുന്നതാണ്. ‘മെട്രോപോളിറ്റണ്‍/കോസ്മോപോളിറ്റണ്‍’ എന്നു പറഞ്ഞാല്‍ മനസിലായിക്കോളും എന്ന മുന്‍‌ധാരണയില്ലാതെയെന്ന്... തിരു.പുരത്ത് എത്തിയിട്ട് കുറച്ചുകാലമായെങ്കിലും, സ്ഥലങ്ങളൊന്നും വലിയ പിടിയില്ലെന്നേ.... (-: )
--

അങ്കിള്‍. said... 3

ഹരി,
തെറ്റിയെഴുതിപ്പോയതാണ്. കോസ്മോപൊളിട്ടന്‍ ആണ് ശരി. പോസ്റ്റില്‍ തിരുത്തല്‍ വരുത്തിയിട്ടുണ്ട്. നന്ദി.

ചാണക്യന്‍ said... 4

അരമന രഹസ്യം അങ്ങാടിപ്പാട്ടാക്കിയ അങ്കിളിന് അഭിവാദ്യങ്ങള്‍....

Kvartha Test said... 5

ഇത്തരം കൊള്ളരുതായ്മകള്‍ ആഴ്ന്നിറങ്ങി മുങ്ങിത്തപ്പി കണ്ടുപിടിച്ചു ജനത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന അങ്കിളനു നമോവാകം!

സര്‍ക്കാര്‍ കാര്യം മുറപോലെയുടെ RSS ഫീഡ് എന്‍റെ ഗൂഗിള്‍ റീഡറില്‍ ചേര്‍ത്തു.

അങ്കിളേ, ഒരു സംശയം. വലിയ ഒരു കെട്ടിടം നിയമാനുസൃതമായി വച്ചിട്ട്, അതിന് ചുറ്റിലുമുള്ള ഭൂമി വില്‍ക്കാന്‍ തടസ്സമുണ്ടോ? :-)

സാജന്‍| SAJAN said... 6

അങ്കിളേ നിയമം പാലിക്കാതിരിക്കുന്നത് അപലപനീയം തന്നെ!
പക്ഷേ എന്റെ അഭിപ്രായത്തില്‍ അതിനൊരു പ്രായോഗികമായ ബുദ്ധിമുട്ട് തോന്നുന്നുണ്ട്.
അതായത്, ഇക്കണക്കിന് ആകാശം മുട്ടുന്ന; ഇരുപതും മുപ്പതും നിലകളുള്ള ബില്‍ഡിങ്ങുകള്‍ നഗരമധ്യത്തില്‍ നിര്‍മ്മിക്കണമെങ്കില്‍ ഏക്കറു കണക്കിനു സ്ഥലം ഓരോ ബില്‍ഡിങ്ങുകള്‍ക്കും ചുറ്റില്‍ ഉണ്ടാവണമല്ലോ?
സിറ്റികളില്‍ ഇതു പ്രായോഗികമാവുമോ?

അങ്കിള്‍ said... 7

ശ്രീ,
അതിന്റെ പേരല്ലേ ലീഗല്‍ ഇവേഷന്‍ . ഇനിയും കുറേ കേസുകള്‍ കൂടി കിട്ടിയിട്ടുണ്ട്. അതും കൂടെ വായിച്ചു കഴിയുമ്പോള്‍ ചിലപ്പോള്‍ ഉത്തരം കിട്ടിയേക്കും.

സാജന്‍,
അധിക ഫീസ് നല്‍കാന്‍ തയ്യാറായാല്‍ എത്രനില വേണമെങ്കിലും ആകാമെന്നാണ് തോന്നുന്നത്. അല്ലെങ്കില്‍ സെസ്സ് പദവിലഭിച്ചാല്‍ ഇങ്ങനെയുള്ള അലച്ചിലൊന്നും ഇല്ല.

അലിഫ് /alif said... 8

അങ്കിൾ, ഇത്തരം അഴിമതികഥകൾ പുറത്തുകൊണ്ട് വരാൻ കാണിക്കുന്ന ഉത്സാഹത്തിനു നന്ദി.
കെട്ടിടനിർമ്മാണവുമായ് ബന്ധപ്പെട്ടതിനാൽ തുടർ വായനക്കാർക്കായ് ഒന്ന് രണ്ട് വിശദാംശങ്ങൾ കൂടി.
1. എഫ്.എ.ആർ ന്റെ നിർവചനം - ഫ്ലോർ ഏരിയ റേഷ്യോ എന്നാണ്. അതായത് കെട്ടിടങ്ങളുടെ ആകെ എല്ലാനിലകളിലും കൂടിയുള്ള ആകെ വിസ്തീർണ്ണവും, ആ കെട്ടിടം അഥവാ കെട്ടിടങ്ങൾ നിർമ്മിക്കാനുദ്ദേശിക്കുന്ന വസ്തുവിന്റെ വിസ്തീർണ്ണവും തമ്മിലുള്ള അനുപാതം.
2. പോസ്റ്റിൽ ‘ഇതാണു നിയമം’ എന്ന തലകെട്ടിലുള്ളത് മൊത്തമായും ശരിയല്ല, കാരണം ഓരോ തരം കെട്ടിടങ്ങൾക്കും എഫ്.എ.ആർ വ്യത്യസ്ഥപെട്ടിരിക്കും; ആ കെട്ടിടം എന്തിനുവേണ്ടി ഉപയോഗിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത് എന്നതിനെ ആശ്രയിച്ച്.(ഈ കേസിൽ , ഹോസ്പിറ്റൽ എന്ന ഉപയോഗമായതിനാൽ ആണ് അത് വസ്തുവിന്റെ വിസ്തീർണ്ണത്തിന്റെ ഇരട്ടി ആയത്) ഇതാണു നിയമം എന്നത് പൊതുവായി ഉപയോഗിച്ചത് പോലെ തോന്നിയതിനാലാണ് ഈ കമന്റ് തന്നെ.

എഫ്.എ.ആർ = എല്ലാ നിലകളിലും കൂടിയുള്ള ആകെ തറവിസ്തീർണ്ണം/ വസ്തുവിന്റെ വിസ്തീർണ്ണം എന്നാണ് എഫ്.എ ആർ കാണാനുള്ള വാക്യം.

എഫ്.എ.ആർ എന്നത് പോലെ മറ്റൊരു സംഗതി കൂടി കെട്ടിടനിർമ്മാണചട്ടം ഇതേപോലെ അനുശാസിക്കുന്നുണ്ട്. ‘കവറേജ്’എന്ന് പറയും. ഇത് ഒന്നോ അതിലധികമോ കെട്ടിടങ്ങളുടെ (വലിയ പ്രോജക്റ്റിലൊക്കെ ഒന്നിലധികം കെട്ടിടങ്ങൾ കാണുമല്ലോ) ഏതെങ്കിലും നിലയിലെ ഏറ്റവും അധികരിച്ച് നിൽക്കുന്ന ഫ്ലോർ ഏരിയ ( താഴെ നിലയിൽ കുറച്ച് വിസ്തീർണ്ണവും മുകളിലെ ഏതെങ്കിലും നിലയിൽ കൂടിയ വിസ്തീർണ്ണവുമായാൽ, ആ കൂടിയ വിസ്തീർണ്ണമാകും എടുക്കുക)വസ്തുവിന്റെ വിസ്തീർണ്ണത്തിന്റെ നിശ്ചിതശതമാനമേ ആകാവൂ എന്നുണ്ട്; ഇതും കെട്ടിടങ്ങളുടെ ഉപയോഗലക് ഷ്യം അനുസരിച്ച് വ്യത്യസ്ഥമാണ്. ഉദാഹരണത്തിനു ഈ കേസിൽ ഹോസ്പിറ്റൽ കെട്ടിടത്തിനു അനുവദിക്കുന്ന കവറേജ് 40ശതമാനം ആണ്;സാധാരണനിലയിൽ ഉള്ള എഫ്.എ ആർ -2, ഇനി അധികം ഫീസ് കെട്ടിവെച്ചാൽ പരമാവധി അനുവദിക്കാവുന്നത് 3 ഉം ആണ്. (ഇത് സാധാരണ വീടിനു യഥാക്രമം 65 ശതമാനം, 3, 4 എന്നിങ്ങനെയാണ്)

അങ്കിള്‍ said... 9

പ്രീയ അലീഫ്,
താങ്കളെപോലെയുള്ളവരുടെ പ്രതികരണം എത്രയോ നാളായി ഞാന്‍ പ്രതീക്ഷിക്കുന്നു. ഇതുവരെ ആരെയും കണ്ടില്ല. അതുകൊണ്ട് സ്വന്തം മനഃസമാധാനത്തിനുവേണ്ടിയായിരുന്നു ഇതുവരെ ഇതെല്ലാം, കൈയ്യില്‍ നിന്നും കുറേ ചിലവുണ്ടെങ്കിലും, പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത്.

ഈ പ്രതികരണത്തിനു വളരെ വളരെ നന്ദി.

പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന നിയമങ്ങളെല്ലാം ആ പരിതസ്ഥിതിയില്‍ ആ കെട്ടിടത്തിനു മാത്രം അല്ലെങ്കില്‍ അതു പോലെയുള്ള കെട്ടിടങ്ങള്‍ക്ക് മാത്രം ബാധകമെന്നു എന്റെ ഇനിയുള്ള പോസ്റ്റുകളില്‍ നിന്നും മനസ്സിലാകുമായിരുന്നു.

താങ്കളുടെ പ്രതികരണങ്ങള്‍ വായനക്കാര്‍ക്ക് വളരെയധികം പ്രയോജനപ്പെടും.
നന്ദി,

ബഷീർ said... 10

അങ്കിള്‍ ..ആദ്യമായി അഭിനന്ദനങ്ങള്‍

സാധാരണ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന സ്ഥലത്ത്‌ നിര്‍മ്മിക്കന്ന വീടിനു നമ്പര്‍ ഇടുന്നതിനു മുന്നോടിയായി വീട്ടു നികുതി വിസ്തീര്‍ണ്ണവും മറ്റു കണക്കാക്കി നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം അറിയാന്‍ ആഗ്രഹിക്കുന്നു. കൂടാതെ എന്‍.ആര്‍.ഐ. ക്കാര്‍ക്ക്‌ വല്ല ഇളവും ( വിദേശ നാണ്യം ഉപയോചിച്ച്‌ പണിയിപ്പിച്ച വീടാണെന്ന് തെളിയിച്ചാല്‍ ) ഉണ്ടോ ?
ഒരു പഞ്ചായത്ത്‌ പരിധിയില്‍ പെട്ട ഒരേ വിസ്തീര്‍ണ്ണമുള്ള വീടുകള്‍ക്ക്‌ വിത്യസ്ത രീതിയില്‍ നികുതി ചുമത്തുന്നത്‌ കാണുന്നു. എന്ത്‌ കൊണ്ടാണിത്‌. അത്‌ പോലെ ഇന്റീരിയര്‍ ഡെക്കറേഷനും , വീടു പണിയാന്‍ ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകളും (മാര്‍ ബിള്‍, ടെയില്‍സ്‌ തുടങ്ങിയവ) നികുതി കണക്കാക്കുന്നതില്‍ പങ്ക്‌ വഹിക്കുന്നുണ്ടോ

അങ്കിള്‍ said... 11

ബഷീറേ ഇതാ ഇതൊന്നു വായിച്ചു നോക്കൂ.