Monday, December 1, 2008

ഹജ്ജ് തീര്‍ത്ഥാടനം സര്‍ക്കാര്‍ ചെലവില്‍ - Hajj pilgrimage

സ്വന്തം ആടയാഭരണങ്ങള്‍ വരെ പണയംവച്ച് ലക്ഷക്കണക്കിനു രൂപ ഹജ്ജ് കമ്മറ്റിയില്‍ മുന്‍‌കൂര്‍ അടച്ച് തീര്‍ത്ഥാടനത്തിനായി തന്റെ ഊഴം കാത്തിരിക്കുന്ന ധാരാളം മുസ്ലിം സഹോദരന്‍ /രി മാര്‍ കേരളത്തിലുണ്ട്. എന്നാല്‍ സൌഹൃദ സന്ദര്‍ശനമെന്ന ഓമനപ്പേരും പറഞ്ഞ് മുസ്ലിംസമുദായത്തിലെ വെണ്ണപ്പാളികളിലെ ചിലരെ കുടുമ്പസമേതം സര്‍ക്കാര്‍ ചെലവില്‍ കോടികള്‍ ചെലവിട്ട് സൌദി അറേബ്യയില്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിപ്പിച്ച് ഹജ്ജ് തീര്‍ത്ഥാടനം നടത്തിക്കുന്നത് പ്രതിഷേധാര്‍ഹമല്ലേ. ഇക്കാര്യം സി.ഏ.ജി. തന്റെ റിപ്പോര്‍ട്ടിലൂടെ പാര്‍ലമെന്റിനെ അറിയിച്ചിരിക്കുന്നു.

അന്യ രാജ്യങ്ങളിലേക്ക് സൌഹൃദ സന്ദര്‍ശനം നടത്തുന്നത് പുത്തരിയല്ല. പലരാജ്യങ്ങളിലുള്ള കലാകാരന്മാര്‍ കേരളത്തില്‍ വന്ന് അവരുടേ കലാപ്രകടനങ്ങള്‍ കാഴ്ചവയ്ക്കാറുള്ളത് നാം കാണാറുണ്ടല്ലോ?. ഇന്‍ഡ്യയുടെ പ്രതിനിധികളും അത്തരത്തിലുള്ള സൌഹൃദ സന്ദര്‍ശനങ്ങള്‍ നടത്താറുണ്ട്. പരസ്പര സഹകരണവും സൌഹൃദവും പുതുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് ആ ദൌത്യത്തിന്റെ ഉദ്ദേശം.

ഹജ്ജ് തീര്‍ത്ഥാടന സമയത്താണ് സൌദി അറേബ്യയിലേക്ക് ഇന്‍ഡ്യയുടെ പ്രതിനിധിസഘം സൌഹൃദ സന്ദര്‍ശനത്തിനായി എല്ലാകൊല്ലവും പോകുന്നത്. ഇന്‍ഡ്യയില്‍ നിന്നും പോകുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നല്‍കിവരുന്ന സഹകരണത്തിനു സൌദി അറേബ്യയോട് നന്ദി പ്രകടിപ്പിക്കുകയെന്ന ഉദ്ദേശവും ഇന്‍ഡ്യ്ക്കുണ്ട്. പ്രതിനിധിസഘത്തിനു വേണ്ടുന്ന എല്ലാ ചെലവും സര്‍ക്കാര്‍ ഖജനാവില്‍നിന്നാണ് വഹിക്കുന്നത്. എന്നാല്‍ അതിന്റെ മറവില്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്തന്നറിയേണ്ടേ?..

സാധാരണഗതിയില്‍ ഒരു പ്രതിനിധിസഘത്തെ പുറം രാജ്യത്തേക്ക് അയക്കുമ്പോള്‍ അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെന്തെല്ലാമെന്ന് പ്രതിനിധികള്‍ക്കെങ്കിലും വിശദീകരിച്ച് കൊടുക്കാറുണ്ട്. എന്നാല്‍ ഹജ്ജ് സമയത്ത് സൌദി അറേബ്യയിലേക്ക് പ്രതിനിധികളെ അയക്കുമ്പോള്‍ ഒരു സൌഹൃദസംഘം അവിടെ ചെയ്ത് തീര്‍ക്കേണ്ട ചുമതലകളെന്തല്ലാമാണെന്നു വിശദീകരണം നല്‍കുന്ന സംബ്രദായം നമ്മുടെ വിദേശകാര്യ മന്ത്രാലയത്തിനില്ലെന്നു സി.ഏ.ജി തന്റെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരിക്കുന്നു.

2003 മുതല്‍ 2006 വരെ ഇന്‍ഡ്യയെ പ്രതിനിധീകരിച്ച സൌഹൃദ സഘത്തിന്റെ ഘടന താഴെ കാണുന്ന പട്ടികയില്‍ വ്യക്തമാണ്.



സൌഹൃദസംഘം നിര്‍വഹിക്കേണ്ട ചുമതലകള്‍ എല്ലാകൊല്ലവും ഏതാണ്ട് ഒന്നു തന്നയല്ലേ. പിന്നെയെന്തേ അവരുടെ എണ്ണത്തില്‍ മാത്രം കൊല്ലാകൊല്ലം ഇത്രമാത്രം വ്യതിയാനം?.

ജിദ്ദയിലെ ഇന്‍ഡ്യന്‍ സ്ഥാനപതിയും, സൌഹൃദസംഘത്തിന്റെ തലവന്മാരും എല്ലാകൊല്ലവും സംഘത്തിന്റെ വലിപ്പത്തില്‍ ഉല്‍ക്കഠ രേഖപ്പെടുത്താറുണ്ട്. വലിപ്പം കൊണ്ട് പ്രത്യേകിച്ച പ്രയോജനം ഒന്നും ഉണ്ടാകാറില്ലെന്നും അഭിപ്രായപ്പെടാറുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്നും, പാകിസ്ഥാന്‍ ഉള്‍പ്പടെ, അഞ്ചോ പത്തോ പേരില്‍ കൂടുതല്‍ അവരുടെ സംഘങ്ങളില്‍ ഉള്‍പ്പടുത്താറില്ല. എന്നിട്ടും സംഘത്തിന്റെ എണ്ണം നിശ്ചയിക്കാനുള്ള യാതൊരു മാനദഡ്ഢവും നമ്മുടെ മന്ത്രാലയം ഇതുവരെ കൈകൊണ്ടിട്ടില്ല. പകരം, സര്‍ക്കാരിന്റെ അനുമതിക്കായി കുറേ ‘പേരു‘കള്‍ (അവരെപറ്റി മറ്റുവിവരങ്ങള്‍ ഒന്നും ഇല്ലാതെ) മാത്രമാണ് വിദേശകാര്യമന്ത്രാലയം അയച്ചുകൊടുക്കുന്നത്. ഈ പോരായ്മയും സി.ഏ.ജി രേഖകളുടെ അടിസ്ഥാനത്തില്‍ നിയമസഭയെ അറിയിച്ചിരിക്കയാണ്.

ഹജ്ജ് സൌഹൃദ സംഘത്തോടൊപ്പം അവരുടെ ഭാര്യമാരെയും മറ്റു കുടുമ്പാംഗങ്ങളേയും കൂടെ കൂട്ടാന്‍ അനുവദിക്കുകയും അവര്‍ക്ക് വേണ്ടിയും ഡിപ്ലോമാറ്റിക്ക് പാസ്പോര്‍ട്ട് വിതരണം ചെയ്തു കൊടുക്കുകയും ചെയ്യുന്നു. ഇതു ഭാരതസര്‍ക്കാര്‍ അനുവദിച്ചു പോരുന്ന നടപടികള്‍ക്കെതിരാണ്. സൌഹൃദ സംഘത്തിന്റെ ലക്ഷ്യപ്രാപ്തിക്ക് വേണ്ടി ഈ പരിവാരങ്ങല്‍ക്ക് ഒന്നും ചെയ്യാനില്ല.

യഥാര്‍ത്ഥ കളി നടക്കുന്നത് ഇനിയാണ്. സൌഹൃദസംഘത്തിനു അനുമതി നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവില്‍ സംഘാങ്ങളുടെ പേരുകള്‍ മാത്രമേ കാണൂ. എന്നാല്‍, മന്ത്രാലയത്തില്‍ നിന്നും പ്രത്യേക സന്ദേശം ജിദ്ദയിലെ സ്ഥാനപതിക്ക് ലഭിക്കുന്നു. അതിലൂടെയാണ് സംഘാംഗങ്ങളുടെ കുടെ എത്തുന്ന പരിവാരങ്ങള്‍ക്ക് വേണ്ടി വരുന്ന എല്ലാ ചെലവുകളും വഹിച്ചോളണമെന്ന നിര്‍ദ്ദേശം കൊടുക്കുന്നത്. ഈ പരിവാരങ്ങളുടെ യാത്രാചെലവു (airfare) മാത്രം അതാത് അംഗങ്ങള്‍ വഹിക്കണം. സൌദിയിലെത്തിക്കഴിഞ്ഞാലുള്ള ചെലവുകള്‍ മുഴുവന്‍ സര്‍ക്കാര്‍ വഹിച്ചോളണം.(ജിദ്ദയിലെ സ്ഥാനപതി വഴി).

നിസ്സാര ചെലവല്ല ഈ പരിവാരങ്ങള്‍ അവിടെ ചെന്നു ചെയ്തുകൂട്ടുന്നത്. 2006-ല്‍ രണ്ടാം പ്രാവശ്യം പോയ 54 പേര്‍ക്ക് വേണ്ടി ചെലവായ 2.39 കോടി രൂപ എന്തിനൊക്കെയാണന്നറിയേണ്ടേ?
  • വണ്ടിക്കൂലി = 12.85 ലക്ഷം രൂപ
  • അംഗങ്ങളുടെ ദിവസചെലവ് = 12.12 ലക്ഷം രൂപ.
  • പരിവാരങ്ങളുടെ മാത്രം മറ്റു ചെലവുകള്‍ = 2.14 കോടി രൂപ.

അതായത്, ആകെ ചെലവിന്റെ 90% വും പരിവാരങ്ങളുടെ മറ്റു ചെലവുകള്‍ക്ക് വേണ്ടിയായിരുന്നു എന്ന് സാരം.

അംഗങ്ങള്‍ക്ക് ഹോട്ടലുകളില്‍ ഒറ്റമുറികള്‍ ഒരുക്കണമെന്ന പ്രത്യേക നിര്‍ദ്ദേശം പുല്ലുപോലെ അവഗണിച്ച്, എല്ലാപേര്‍ക്കും ഇരട്ടമുറികളാണ് സൌദി അറേബ്യയില്‍ ഒരുക്കിയത്. കൂടെയുള്ള പരിവാരങ്ങള്‍ക്ക് കൂടി കിടക്കയൊരുക്കണമെങ്കില്‍ അംഗങ്ങള്‍ സ്വന്തം കീശയില്‍ നിന്നും പണം മുടക്കണമായിരുന്നു. പകരം, ഇരട്ടമുറികള്‍ സര്‍ക്കാര്‍ തന്നെ ഒരുക്കികൊടുത്തു. അതുകൊണ്ടെന്തു പറ്റി, ഇന്‍ഡ്യന്‍ ജനതക്ക് സൌഹൃദ സംഘം പരിവാരത്തിലെ ഒരോരുത്തര്‍ക്കും വേണ്ടി ദിനം പ്രതി 38,400 രൂപ വീതം ചെലവാക്കേണ്ടി വന്നു.

ഈ സംഘവും പരിവാരങ്ങളും സൌദി അറേബ്യയില്‍ നടത്തിയ യാത്രയും പ്രവര്‍ത്തികളും പരിശോധിച്ചപ്പോഴാണ് സി.ഏ.ജി. മറ്റൊരു കാര്യം കണ്ടുപിടിച്ചത്. സൌഹൃദം കൂടാന്‍ എത്തിയ അംഗംങ്ങളും പരിവാരങ്ങളും വാസ്തവത്തില്‍ സൌഹൃദം പുതുക്കാനല്ല പകരം തീര്‍ത്ഥാടനത്തിനുവേണ്ടി എത്തിയതായിരുന്നു. എല്ലാരും 18-20 ദിവസത്തോളം മെക്കയിലും, മീനയിലും , മദീനയിലുമെല്ലാം താമസം കൂടി ഇന്‍ഡ്യന്‍ ജനതയുടെ നികുതിപണം കൊണ്ട് ഹജ്ജ്‌ തീര്‍ത്ഥാടനം നടത്തുകയായിരുന്നു.

ഇങ്ങ്‌ ഇന്‍ഡ്യയിലെ പാവപ്പെട്ട മുസ്ലിം ജനത ആഭരണങ്ങള്‍ പോലും വിറ്റ് ലക്ഷക്കണക്കിനു രൂപ ഹജ്ജ് കമ്മറ്റിയിലേക്ക് മുന്‍‌കൂറടച്ച് ഹജ്ജ് കൂടാനുള്ള അനുവാദവും ഊഴവും കാത്തിരിക്കുന്നു.

കുറ്റം പറയരുതല്ലോ, സൌദിയിലെ ഹജ്ജ് മന്ത്രി വിളിച്ചു കുട്ടിയ ഒരു സൌഹൃദ വിരുന്നു സല്‍ക്കാരത്തില്‍ നമ്മുടെ സൌഹൃദസംഘത്തിലെ മൂന്നു പേര്‍ വരെ പങ്കെടുത്തിരുന്നുവെന്നും രേഖകളില്‍ നിന്നും സി.ഏ.ജി കണ്ടെത്തി.

2006 വരെയുള്ള വിവരങ്ങളേ എനിക്ക് ശേഖരിക്കാന്‍ കഴിഞ്ഞുള്ളു. അത് ബ്ലോഗ് വായനക്കാരുടെ സന്തോഷത്തിനായി ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു.

കടപ്പാട്: വിവരാവകാശനിയമം, സി.ഏ.ജി. റിപ്പോര്‍ട്ട്.

Wednesday, November 19, 2008

കേരളത്തിന്റെ അരിപ്രശ്നം - ഉള്ളറകഥകള്‍ -SGRY

കഥ പറയുന്ന ഈ ചെറിയ പട്ടിക ഒന്നു മനസ്സിരുത്തി വായിക്കൂ.


ആദ്യത്തെ കാലഘട്ടങ്ങളില്‍ യു.ഡി.എഫും അവസാന കാലഘട്ടത്തില്‍ എല്‍.ഡി.എഫും ആയിരുന്നു ഭരണാധികാരികള്‍ എന്നു കൂടി പറയുന്നത് കാര്യങ്ങള്‍ മുഴുവന്‍ മനസ്സിലാക്കാന്‍ സഹായിക്കും.

കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതില്‍ നിന്നും കേരളസംസ്ഥാനം ഏറ്റെടുത്ത ഭക്ഷ്യധാന്യത്തിന്റെ അളവാണ് മേലുദ്ധരിച്ചിരിക്കുന്നത്.

ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലായില്ലേ?. 2006-07 വര്‍ഷത്തില്‍ കേരളസംസ്ഥാനം ഏറ്റെടുത്ത അരിയും ഗോതമ്പും മുന്‍‌കാലത്തേതിനെ അപേക്ഷിച്ച് വളരെ കുറഞ്ഞുപോയതുകൊണ്ടല്ലേ പില്‍കാലത്ത് കേന്ദ്രം അരി കുറച്ചതും മുറവിളി കൂട്ടേണ്ടി വന്നതും?. അവിടെയാണു കളിയും കഥയും എന്താണെന്നറിയേണ്ടത്.

2006-07 വര്‍ഷത്തിനു മുമ്പ് അരി ഏറ്റെടുത്ത രീതിയിലും അതിന്റെ വിനിയോഗത്തിലും നടത്തിയ കുംഭകോണം കണ്ടമ്പരന്ന മാറി വന്ന സര്‍ക്കാര്‍ 2006-07 ല്‍ കൂടുതല്‍ അരി ഏറ്റെടുക്കാന്‍ മടി കാണിച്ചുവെന്നാണ് കണക്കും സാഹചര്യവും വെളിവാക്കുന്നത്. ഇതിനിടെ 2006-ല്‍ ഉദ്ദേശശുദ്ധിയോടെ ഇറക്കിയ ഒരു സര്‍ക്കാര്‍ ഉത്തരവും വെളുക്കാന്‍ തേച്ചത് പാണ്ഢു പോലെയായി (വിശദാംശങ്ങള്‍ പിന്നീട്). എന്നാല്‍ മുന്‍ കാലങ്ങളില്‍ നടന്ന ഭക്ഷ്യധാന്യ അഴിമതിയുടെ മുഴുവന്‍ ചിത്രവും അടങ്ങിയ സി.ഏ.ജി റിപ്പോര്‍ട്ട് കൈയ്യിലുണ്ടായിരുന്നിട്ടും അതിനെ ജനങ്ങളുടെ മുമ്പില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.

ഇനി, മുഴുവന്‍ കഥയും ഒന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാം:

ഗ്രാമീണ ദരിദ്രജനതക്ക് കൂടുതല്‍ തൊഴില്‍, വേതനം, ഭക്ഷ്യസുരക്ഷ എന്നിവ ഉറപ്പാക്കുവാന്‍ 2001 സെപ്റ്റമ്പറില്‍ ആരംഭിച്ച കേന്ദ്രാവിഷ്കൃത പദ്ധതിയായ സമ്പൂര്‍ണ്ണ റോസ്ഗാര്‍ യോജനയോടെയാണ് രംഗം ആരംഭിക്കുന്നത്.

  • കരാറുകാരെ ഒഴിവാക്കി ഗ്രാമീണമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നു.
  • കൂലിയുടെ ഒരു ഭാഗം ഭക്ഷ്യധാന്യമായി നല്‍കണം.
  • ഒരാള്‍ക്ക് പ്രതിദിനം 5 കിലോഗ്രാം നിരക്കിലുള്ള ഭക്ഷ്യധാന്യത്തിന്റെ ചെലവ് പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. നവമ്പര്‍ 2005 മുതല്‍ ഇത് 3 കിലോഗ്രാമായി കുറച്ചു.
  • പണമായി നല്‍കേണ്ട കൂലി കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ 75:25 അനുപാദത്തില്‍ നല്‍കണം.
  • സംസ്ഥാനതലത്തില്‍ ഗ്രാമവികസന കമ്മീഷണരും ദേശീയ തലത്തില്‍ ഗ്രാമവികസന മന്ത്രാലയവും പദ്ധതിയുടെ നടത്തിപ്പിന്റെ മേല്‍നോട്ടം വഹിക്കുന്നു.
സംസ്ഥാനത്തുള്ള 67.26 ലക്ഷം കുടുമ്പങ്ങളില്‍ 25.63% മായ 17.24 ലക്ഷം ദാരിദ്ര്യരേഖക്ക് താഴെയാണെന്നാണ് ഇതിനുവേണ്ടി സര്‍ക്കാര്‍ ബോധിപ്പിച്ച കണക്ക്.

  • ഓരോ വര്‍ഷവും ഓരോ ജില്ലക്കും അനുവദിച്ചിരിക്കുന്ന ഭക്ഷ്യധാന്യവിഹിതം ഗ്രാമവികസന മന്ത്രാലയം ഗ്രാമവികസന കമ്മീഷണറെ അറിയിക്കും.
  • ഈ വിഹിതം ഫുഡ് കോര്‍പ്പറേഷന്‍ ഒഫ് ഇന്‍ഡ്യ വില ഈടാക്കാതെ നല്‍കും.
  • ഇങ്ങനെ സൌജന്യമായി നല്‍കുന്ന ഭക്ഷ്യധാന്യങ്ങളുടെ ന്യായവില കേന്ദ്ര മന്ത്രാലയം FCI ക്ക് നല്‍കും.
  • എന്നാല്‍ തൊഴിലാളികളില്‍ നിന്നും ഈടാക്കേണ്ട വില നിശ്ചയിക്കുവാനുള്ള സ്വാതന്ത്ര്യം സംസ്ഥാനസര്‍ക്കാരിനുണ്ടായിരിക്കും.
  • ഇത് ദാരുദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് ബാധകമായ കിലോഗ്രാമിനു 6 രൂപ 20 പൈസ നിരക്കിലും ദാരിദ്ര്യരേഖക്കു മുകളിലുള്ളവര്‍ക്ക് ബാധകമായ കിലോഗ്രാമിനു 8 രൂപ 90 പൈസ നിരക്കിനും ഇടയിലായിരിക്കണം.
  • ഭക്ഷ്യധാന്യങ്ങള്‍ തൊഴിലാളിക്ക് വിതരണം ചെയ്യേണ്ടത് പൊതുവിതരണ സമ്പ്രദായത്തിലൂടെയോ ഗ്രാമപഞ്ചായത്ത് അല്ലെങ്കില്‍ അതിനായി സര്‍ക്കാര്‍ നിയോഗിച്ച ഏജന്‍സി വഴിയോ ആയിരിക്കണം.
  • അതുപോലെ ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ഉള്‍പ്പടെ എല്ലാ പദ്ധതി നടത്തിപ്പ് ഏജന്‍സികള്‍ക്കുമുള്ള ഭക്ഷ്യധാന്യങ്ങള്‍ എടുക്കേണ്ടത് പഞ്ചായത്തോ, ദാരിദ്ര്യ ലഘൂകരണ യൂണിറ്റോ (ദാലയു) ആയിരിക്കണം.
  • ജില്ലാപഞ്ചായത്തു സെക്രട്ടറിയുടെ അല്ലെങ്കില്‍ ദാലയുവിന്റെ പ്രോജക്റ്റ് ഡയറക്ടറുടെ നിയന്ത്രണത്തിലായിരിക്കണം ഭക്ഷ്യധാന്യങ്ങളുടെ കൈമാറ്റവും വിതരണവും.
  • ഓരോ ജില്ലയുടെയും വിഹിതത്തില്‍ നിന്നും പഞ്ചായത്തുകള്‍ക്കുള്ള വിഹിതം നിശ്ചയിക്കേണ്ടത് അതതു ജില്ലയുടെ ദാലയു ആണ്.
ത്രിതല പഞ്ചായത്തുകള്‍ വഴി ഈ പദ്ധതി നടപ്പാക്കേണ്ട രീതി ഇത്ര ഭംഗിയായി വ്യാഖ്യാനിച്ചിരുന്നെങ്കിലും ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു നടപടിക്രമമാണ് 2001 നവമ്പര്‍/ഡിസമ്പര്‍ മാസങ്ങളില്‍ അന്നത്തെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. ഇതനുസരിച്ച്:

  • ഓരോ വര്‍ഷവും പഞ്ചായത്തുകള്‍ക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളുടെ റേഷന്‍ കട അടിസ്ഥാനമാക്കിയുള്ള കണക്ക് ശേഖരിക്കണം.
  • റേഷന്‍ മൊത്തവിതരണശാല ക്രമത്തിലുള്ള ഇന്‍ഡന്റ് തയ്യാറാക്കണം.
  • അതിനെ ഫുഡ് കോര്‍പ്പറേഷന്‍ ഒഫ് ഇന്‍ഡ്യക്ക് ദാലയു വഴി ലഭ്യമാക്കണം.
  • റേഷന്‍ മൊത്തവ്യാപാരികള്‍ FCI ഗോഡൌണുകളില്‍ നിന്നും ഭക്ഷ്യധാന്യം ഏറ്റുവാങ്ങി റേഷന്‍ കടകളെ ഏല്‍പ്പിക്കണം.
  • അവിടെ നിന്നാണ് ആവശ്യാനുസരണം തൊഴിലാളികള്‍ക്ക് വിതരണം ചെയ്യേണ്ടത്.
കുഴപ്പമില്ലാത്ത ഒരു നടപടിക്രമം തന്നെയായിരുന്നു ഇതും. പക്ഷേ കോടിക്കണക്കിനു രൂപയുടെ ഭക്ഷ്യധാന്യം കൈകര്യം ചെയ്യാന്‍ അവസരം കിട്ടിയ പഞ്ചായത്ത് മേലാളന്മാര്‍ ഈ നടപടി ക്രമത്തിനെ അപ്പാടെ തകിടം മറിച്ചു. അവിടെ തുടങ്ങി വെട്ടിപ്പും, തട്ടിപ്പും.

  • ദാലയു നല്‍കിയ ഇന്‍ഡന്റുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ പഞ്ചായത്ത് സെക്രട്ടറിമാരെ ഏല്‍പ്പിക്കുവാന്‍ FCI യെ ചുമതലപ്പെടുത്തി.
  • സെക്രട്ടറിമാര്‍ ഓരോ പ്രവര്‍ത്തിക്കും ആവശ്യമായ ഭക്ഷ്യധാന്യം മുഴുവന്‍ ബന്ധപ്പെട്ട കണ്‍‌വീനര്‍മാര്‍ക്ക് നല്‍കി.
  • റേഷന്‍ മൊത്ത-ചില്ലറ വില്പനശാലകള്‍ മുഖേന തൊഴിലാളികള്‍ക്ക് അവര്‍ ചെയ്തു തീര്‍ക്കുന്ന ജോലിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ നേരിട്ട് വിതരണം ചെയ്യുന്നതിനു പകരം, FCI ഗോഡൌണില്‍ നിന്നും ലഭിച്ച മൊത്തം ഭക്ഷ്യധാന്യവും കണ്‍‌വീനര്‍മാര്‍ക്ക് ഒറ്റയടിക്കു നല്‍കി.
  • ഫുഡ് കോര്‍പ്പറേഷനില്‍ നിന്നും കൈപറ്റിയ ഭക്ഷ്യധാന്യങ്ങള്‍ കേരള സംസ്ഥാന സിവിള്‍ സപ്ലൈസ് കോറ്പ്പറേഷന്റേയും കണ്‍‌വീനര്‍മാരുടെ സ്വകാര്യ ഗോഡൌണുകളിലും സൂക്ഷിച്ചു.
റേഷന്‍ കടകള്‍ വഴി തൊഴിലാളികള്‍ക്ക് നല്‍കുന്നതിനു പകരം എഫ്.സി.ഐ ഗോഡൌണില്‍ നിന്നും നേരിട്ട് കണ്‍‌വീനര്‍മാര്‍ക്ക് ഭക്ഷ്യധാന്യം നല്‍കിയത് അങ്ങയറ്റത്തെ അഴിമതിക്ക് വഴിവച്ചു. ഈ പ്രവര്‍ത്തി പദ്ധതിയെ ആകെ മൊത്തം തുരങ്കം വച്ചു. ഇതെല്ലാം കണ്ട് അന്തം വിട്ട് കുന്തം വിഴുങ്ങിപ്പോയതു കാരണമാണ് 2006-07 ല്‍ അനുവദിച്ച അരിമുഴുവന്‍ ഏറ്റെടുക്കാന്‍ മടിച്ചതെന്നാണ് കണക്കുകളും സാഹചര്യതെളിവുകളും സൂചിപ്പിക്കുന്നത്.

തീര്‍ന്നില്ല. സംഗതികള്‍ തുടങ്ങുന്നതേയുള്ളൂ. മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം മൊത്ത/ചില്ലറ പൊതുവിതരണ ഡിപ്പോകളിലേക്കുള്ള കടത്തു കൂലിയും കൈകാര്യചെലവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കേണ്ടത്. എന്നാല്‍ ഭക്ഷ്യധാന്യങ്ങള്‍ കൊണ്ടു വരുന്ന ചണചാക്കുകള്‍ വിറ്റു കിട്ടുന്ന വരുമാനം കടത്തുകൂലി / കൈകാര്യചെലവുകള്‍ക്ക് വേണ്ടി ഉപയോഗിക്കാമെന്നും പദ്ധതിയില്‍ നിര്‍ദ്ദേശമുണ്ടായിരുന്നു.

കണ്‍‌വീനര്‍മാരല്ലേ ഭക്ഷ്യധാന്യം വിതരണം ചെയ്തത്. ചണചാക്കുകളുടെ വില അവരില്‍ നിന്നല്ലേ ഈ ടാക്കേണ്ടിയിരുന്നത്. നാലു പഞ്ചായത്തുകള്‍ പരിശോധിച്ചു നോക്കി. നാലിലും കൂടി 1.44 ലക്ഷം ചാക്കുകളാണുണ്ടാകേണ്ടിയിരുന്നത്. ചാക്കൊന്നിനു 5 രൂപ നിരക്കില്‍ (സര്‍ക്കാര്‍ നിശ്ചയിച്ചത്) 7.20 ലക്ഷം രൂപയില്‍ ഒരു രുപ പോലും സര്‍ക്കാരിനു കിട്ടിയില്ല. മുഴുവന്‍ കണ്‍‌വീനര്‍മാര്‍ മുക്കി.


കൊണ്ടുപോയി സ്വകാര്യ ഗോഡൌണുകളില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗതി, അധോഗതിയായി. എറ‍ണാകുളം ജില്ലാ പഞ്ചായത്തില്‍ പരിശോധിച്ചപ്പോള്‍, അവിടുത്തെ എഫ്.സി.ഐ യില്‍ നിന്നും കൈപറ്റിയ ഭക്ഷ്യധാന്യങ്ങള്‍ കേരള സംസ്ഥാന സിവിള്‍ സപ്ലൈസ് കോര്‍പ്പറേഷന്റേയും കണ്‍‌വീനര്‍മാരുടേയും ഗോഡൌണുകളിലാണ് സൂക്ഷിച്ചിരുന്നതെന്ന് കണ്ടെത്തി. 2007 ജൂലൈവരെയുള്ള നിലയനുസരിച്ച് 235.02 മെട്രിക് ടണ്‍ അരിയും 10.27 മെട്രിക് ടണ്‍ ഗോതമ്പും ഉപയോഗിക്കാതെ ആറു വര്‍ഷം വരെ അവിടെ തന്നെ വച്ചിരിക്കുന്നതായി കണ്ടെത്തി. 34.28 ലക്ഷം രൂപ വിലവരുന്ന ഭക്ഷ്യധാന്യമാണിത്. കാലിതീറ്റയായിക്കഴിഞ്ഞ ഇതിനെയെങ്ങിനെ തൊഴിലാളികള്‍ക്കിനി വിതരണം ചെയ്യും?

ഇതുകൊണ്ടായിരിക്കില്ലേ, ഏറണാകുളം ജില്ലയില്‍ മാത്രം( അവിടെയേ പരിശോധന നടത്തിയുള്ളൂ, ഈ വിഷയത്തില്‍) 2006-07 ല്‍ 65.54 ലക്ഷം രൂപ വിലവരുന്ന 437.57 മെട്രിക് ടണ്‍ അരിയും 37.07 മെട്രിക് ടണ്‍ ഗോതമ്പും എഫ്.സി.ഐ യില്‍ നിന്നും ഏറ്റെടുക്കാന്‍ മടിച്ചതും, തല്‍ഫലമായി കേന്ദ്രസര്‍ക്കാര്‍ സൌജന്യമായി അനുവദിച്ച ഭക്ഷ്യധാന്യവിഹിതം കാലഹരണപ്പെട്ടതും?

ഇനി മറ്റൊരു സംഭവം: 2002-03 വര്‍ഷത്തില്‍ ദാലയുവിന്റെ കൊല്ലം യൂണിറ്റ് കൊല്ലം ജില്ലാ പഞ്ചായത്തിനു പദ്ധതി നടപ്പാക്കാനായി 2243 മെട്രിക് ടണ്‍ അരി അനുവദിച്ചു. എഫ്.സി.ഐ യുടേയും ദാലയുവിന്റേയും കണക്കു പ്രകാരം അനുവദിച്ച മുഴുവന്‍ അരിയും ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ കൊല്ലം പഞ്ചായത്ത് യതാര്‍ത്ഥത്തില്‍ കൈപറ്റിയതായി രേഖപ്പെടുത്തിയിരിക്കുന്നത് വെറും 804.357 മെട്രിക് ടണ്‍ അരി മാത്രമായിരുന്നു. അതായത് 1438.643 മെട്രിക് ടണ്‍ അരി എഫ്.സി.ഐ യില്‍ നിന്നും ഏറ്റെടുത്തവര്‍ ഒന്നോടെ വിഴുങ്ങി. പൊതു ഖജനാവിനു നഷ്ടം 2.04 കോടി രൂപ.

ഇനിയുള്ളതു കേള്‍ക്കൂ: പഞ്ചായത്തു സെക്രട്ടറിമാര്‍ എഫ്.സി.ഐ യില്‍ നിന്നും ഏറ്റെടുത്ത ഭക്ഷ്യധാന്യങ്ങള്‍ തൊഴിലാളികള്‍ക്കല്ല മറിച്ച് കണ്‍‌വീനര്‍മാര്‍ക്കാണ് നല്‍കിയതെന്നു പറഞ്ഞുവല്ലോ. ഈ കണ്‍‌വീനര്‍മാരില്‍ പലരും ഭക്ഷ്യധാന്യങ്ങള്‍ തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിനു പകരം പൊതു വിപണിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ കൂടിയ വിലക്ക് വിറ്റു. എന്നിട്ട് തൊഴിലാളികള്‍ക്ക് കൂലി പൂര്‍ണ്ണമായും പണമായി നല്‍കി. തൊഴിലാളികളുടെ ആവശ്യത്തിനു‍ അരി കൂടിയ വിലക്ക് വിപണിയില്‍ നിന്നും വാങ്ങണം.

കണ്‍‌വീനര്‍മാരില്‍ നിന്നും ഈടാക്കാനുള്ള സൌജന്യ നിരക്കിലെ വില അരിക്ക് കിലോഗ്രാമിനു 6.20 പൈസയും ഗോതമ്പിനു കിലോക്ക് 5 രൂപ.50 പൈസയും ആകുമ്പോള്‍, എഫ്.സി.ഐ ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കേണ്ട വില യഥാക്രമം 14 രൂ. 67 പൈസയും, 9 രൂപ 54 പൈസയും ആയിരുന്നു. 5967.24 മെട്രിക് ടണ്‍ അരിയും 1699.42 മെടിക് ടണ്‍ ഗോതമ്പും ഇപ്രകാരം പൊതു വിപണിയില്‍ വിറ്റുവെന്നു കണ്ടുപിടിച്ചു. ഇതുമൂലം കണ്‍‌വീനര്‍മാര്‍ നേടിയെടുത്തത് അനര്‍ഹമായ 5.44 കോടി രൂപ. സംസ്ഥാനത്തെ 3 ജില്ലാ പഞ്ചായത്തുകളേയും (ഏറണാകുളം, കൊല്ലം, കോഴിക്കോട്) 8 ബ്ലോക്ക് പഞ്ചായത്തുകളേയും (അഞ്ചല്‍, അങ്കമാലി, ചടയമംഗലം, കൊടുവള്ളി, കൊട്ടാരക്കര, കുന്നമംഗലം, വാഴക്കുളം, വൈപ്പിന്‍) മാത്രം പരിശോധിച്ചപ്പോള്‍ അക്കൌണ്ടന്റ് ജനറല്‍ കണ്ടു പിടിച്ചതാണിത്.

ഈ കരിഞ്ചന്ത അവസാനിപ്പിക്കാനായി 2006 നവമ്പര്‍ 13 നു സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. ഇതു പ്രകാരം എഫ്.സി.ഐയില്‍ നിന്നും ഭക്ഷ്യധാന്യം ഏറ്റെടുക്കാനുള്ള അധികാരപത്രം സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനു നല്‍കി. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഏറ്റെടുത്ത അരി ദാലയുവിനെ ഏല്പിക്കുന്നതിനു പകരം കിലോക്ക് 6.20 പൈസ നിരക്കില്‍ എടുത്ത അരിയുടെ മുഴുവന്‍ വിലയും ബന്ധപ്പെട്ട ദാലയു വിനെ ഏല്‍പ്പിച്ചു. അതായത് കോരനു പിന്നേയും കഞ്ഞി കുമ്പിളില്‍ തന്നെ. തൊഴിലാളിക്ക് കൂലി മുഴുവന്‍ പണമായിട്ടേ കിട്ടിയുള്ളൂ. ആ അരി മുഴുവന്‍ വിപണി വിലക്ക് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വിറ്റഴിച്ചു. തൊഴിലാളിക്ക് അരി വേണമെങ്കില്‍ വിപണിയില്‍ നിന്നും കൂടിയ വിലക്ക് വാങ്ങേണ്ടി വരുന്ന അവസ്ഥ തുടരുന്നത് കണ്ടായിരിക്കണം, സര്‍ക്കാര്‍ നേരത്തേയിറക്കിയ അവരുടെ ഉത്തരവു സ്വമേധയാ പിന്‍‌വലിച്ചു, നാലു മാസങ്ങള്‍ക്ക് ശേഷം 2007 മാര്‍ച്ചില്‍. ഇതിനിടയില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഏറ്റെടുത്ത 2075 മെട്രിക് ടണ്‍ അരി പൊതു വിപണിയില്‍ വിറ്റ് 1.65 കോടി രുപയുടെ ലാഭം കൊയ്തു. പാപി പോകുന്നിടമെല്ലാം പാതാളം പോലെയായി തൊഴിലാളിയുടെ ഗതി.

ഞാന്‍ നിര്‍ത്തുന്നു. തീര്‍ന്നിട്ടല്ല. ഞാന്‍ ശേഖരിച്ച വിവരങ്ങല്‍ ഇനിയുമുണ്ട്. പക്ഷേ വായനക്കാര്‍ ബോറടിക്കാതിരിക്കാനും ശ്രദ്ധിക്കണ്ടേ. അതു കൊണ്ട്, അതു കൊണ്ടു മാത്രം നിര്‍ത്തുന്നു.

ജയ് ഹിന്ദ്, ജനാധിപത്യം നീണാള്‍ വാഴട്ടെ.

കടപ്പാട്: വിവരാവകാശനിയമം, സി.ഏ. ജി. റിപ്പോര്‍ട്ട്.


Monday, November 17, 2008

കെട്ടിടനിര്‍മ്മാണ ചട്ടലംഘനം -6 :PRS Hospital

കെട്ടിടനിര്‍മ്മാണചട്ടങ്ങള്‍ കാറ്റില്‍ പറത്തികൊണ്ട് നിര്‍മ്മാണം അനുവദിച്ചുകൊടുത്ത് അനര്‍ഹമായ ആനുകൂല്യം അനുഭവിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരം പി.ആര്‍.എസ്. ആശുപത്രിയുടെ ഉള്ളറകഥ.

സര്‍ക്കാരിന്റെ സോണിംഗ് നിബന്ധനകള്‍ പ്രകാരം തിരുവനന്തപുരം കിള്ളീപ്പാലത്തിനു സമീപത്തുള്ള പി.ആര്‍.എസ്. ആശുപത്രി സ്ഥിതിചെയ്യുന്ന സ്ഥലം, കെട്ടിടനിര്‍മ്മാണം നിരോധിച്ചിട്ടുള്ള ‘ഹരിത മേഖല’യില്‍ ഉള്‍പ്പെടുന്നതാണ്.

കിള്ളീപ്പാലം - കരമന റോഡിലൂടെ ഒരിക്കലെങ്കിലും കടന്നു പോയിട്ടുള്ള ഏതൊരുവനും ആ റോഡിനിരുവശവും നടന്നുകൊണ്ടിരിക്കുന്ന വികസനം കിഴക്കേകോട്ടയില്‍ നിന്നാരംഭിക്കുന്ന എം.ജി.റോഡിനു തുല്യമാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. എന്നിട്ടും, കിള്ളീപ്പാലം കരമന റോഡിനുചുറ്റുമുള്ളത് കൃഷിക്ക് പ്രാമുഖ്യമുള്ള ‘ഗ്രീണ്‍ സോണ്‍‘ ആണെന്ന് എഴുതിവച്ച് കെട്ടിടനിര്‍മ്മാണം നിരോധിച്ചവരെ ചാണകം മുക്കിയ തുറപ്പകൊണ്ടടിക്കേണ്ടതല്ലേ?. കൈക്കൂലിയുടെ തോത് കൂട്ടാന്‍ മാത്രമല്ലേ ലംഘിക്കപ്പെടാന്‍ മാത്രമുള്ള ഇങ്ങനെയൊരു നിയമം പടച്ചുവച്ചിരിക്കുന്നത്.

നിയമം ഇങ്ങനെയാണെന്നു വച്ച് അവിടെ നടത്തിവരുന്ന ഒരാശുപത്രിക്ക് കൂടുതല്‍ സൌകര്യം ഉണ്ടാക്കുന്ന ഒരു കെട്ടിടം കുടി കെട്ടുന്നത് വേണ്ടെന്നു വയ്ക്കാന്‍ പറ്റുമോ. കൈക്കുലിയിനത്തില്‍ കുറച്ചധികം പണം ചിലവഴിച്ചു കാണണം. എന്നാലും പി.ആര്‍.എസ്. ആശുപത്രി ഉടമകള്‍ ആഗ്രഹിച്ചതുപോലെയുള്ള ഒരു എട്ടു നില കെട്ടിടംതന്നെ നിര്‍മ്മിച്ചെടുത്തു. എങ്ങനെയെന്നല്ലേ?. വായിക്കൂ:

ആദ്യം മേല്‍പ്പറഞ്ഞ ‘ഗ്രീന്‍ സോണ്‍’ നിബന്ധനകളില്‍ നിന്നും ഈ ആശുപത്രിയെ സര്‍ക്കാര്‍ 2004 ജൂണില്‍ ഒഴിവാക്കികൊടുത്തു, ചില നിബന്ധനകള്‍ക്ക് വിധേയമായി. അതായത്:
  • ആശുപത്രിക്കും ഭക്ഷണശാലക്കും മാത്രമേ കെട്ടിടം പണിയാവു.
  • കെട്ടിടം മൂന്നു നിലയില്‍ കവിയരുത്.
  • മുനിസിപ്പല്‍ കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കണം.
  • കെട്ടിടനിര്‍മ്മാണാനുമതി വാങ്ങുന്നതിനുമുമ്പ് ലേഔട്ടിനുള്ള അംഗീകാരം വാങ്ങിയിരിക്കണം.

ഇതനുസരിച്ച് ഒരു മൂന്നു നില കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ലേ ഔട്ട് ചീഫ് ടൌണ്‍ പ്ലാനര്‍ 2004 ഒക്ടോബറില്‍ അംഗീകരിച്ചുകൊടുത്തു. ഇതിന്റെ സ്ഥാനത്ത് ഒരു നാലു നില കെട്ടിടം (മൊത്തം 2007 ച.മി വിസ്തീര്‍ണ്ണം) നിര്‍മ്മിച്ചോളാനുള്ള അനുമതിയാണ് തിരോംന്തരം കോറ്പ്പറേഷന്‍ 2005 ജനുവരിയില്‍ നല്‍കിയത്.

സംഗതി പന്തിയല്ലന്ന് ആശുപത്രി അധികാരികള്‍ക്ക് മനസ്സിലായി. നാലുനിലകൊണ്ട് അവരുടെ ആവശ്യം നടക്കില്ല. കാണേണ്ടവരെ വീണ്ടും കാണേണ്ട വിധത്തില്‍ തന്നെ കണ്ടു. ഇതുവരെ നടന്നതെല്ലാം മറന്നിട്ട് പുതിയ ഒരപേക്ഷ കൊടുക്കാനുള്ള പ്രത്യേക നിര്‍ദ്ദേശം കിട്ടി. പഴയകാര്യങ്ങളൊന്നും കാണിക്കാതെ ഒരു എട്ടു നില കെട്ടിടം (8072 ച.മി. വിസ്തീര്‍ണ്ണം) പണിയാനുള്ള പുതിയ അപേക്ഷ നിര്‍ദ്ദേശിച്ച വിധത്തില്‍ തന്നെ സമര്‍പ്പിച്ചു.

ഈ അപേക്ഷയുടെ അടിസ്ഥാനത്തില്‍ മുമ്പ നല്‍കിയിട്ടുള്ള അനുമതി പത്രത്തെപറ്റി ഒന്നും തന്നെ സൂചിപ്പിക്കാതെ ആശുപത്രി അധികൃതര്‍ അപേക്ഷിച്ചതുപോലെ കോര്‍പ്പറേഷന്‍ വീണ്ടും 2006 ഫെബ്രുവരിയില്‍ അനുമതി നല്‍കി. അങ്ങനെ സര്‍ക്കാര്‍ അനുവദിച്ച മൂന്നു നില കെട്ടിടത്തിനു പകരം അനര്‍ഹമായ ആനുകൂല്യം നേടി കെട്ടി ഉയര്‍ത്തിയതാണ് ഈയിടെ ഉത്ഘാടനം ചെയ്ത പി.ആര്‍.എസ്. ആശുപത്രിയുടെ പുതിയ 14 നില ബ്ലോക്ക്. (ഇതേപോലത്തെ വേറൊരു ബ്ലോക്കു കൂടി പണിതീര്‍ന്നു വരുന്നുണ്ട്. അതു വേറേ)

സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള സോണിംഗ് നിബന്ധനകളോ, കേരളാ മുനിസിപ്പല്‍ കെട്ടിടനിര്‍മ്മാണച്ചട്ടങ്ങള്‍ക്കോ യാതൊരുമാറ്റവും വരാതെ ശക്തിപൂര്‍വ്വം ഇപ്പോഴും നിലനില്‍ക്കുന്നു. മൂന്നു നില കെട്ടിടം കെട്ടാനുള്ള സര്‍ക്കാരിന്റെ ടൌണ്‍ പ്ലാനറുടെ അനുമതിയും ഇപ്പോഴും അതേപോലെ നില്‍ക്കുന്നു. ഇശ്വരോ രക്ഷതു.


കടപ്പാട്: വിവരാവകാശനിയമം, സി.ഏ.ജി റിപ്പോര്‍ട്ട്.

Sunday, November 9, 2008

ഇതെവിടുത്തെ ജനാധിപത്യം ബൂലോഗരേ.....

ഭൂമി കൈയ്യേറ്റം നടത്തുന്നവര്‍ക്കും കയ്യേറ്റം മൂടി വയ്ക്കുന്ന ഉദ്ദ്യോഗസ്ഥര്‍ക്കും തടവും പിഴയും നല്‍കുവാനായി ഭൂസംരക്ഷണ നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കുവാന്‍ പോകുന്നതായി പത്രവാര്‍ത്ത. 24നു ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ഇതു ബില്ലായി അവതരിപ്പിക്കുമെന്നും വാര്‍ത്ത. [മലയാളമനോരമ 6-11-2008/പേജ് 12]. ഇതു രണ്ടും കൂടി വായിച്ചപ്പോഴാണ് ഇതെന്തു ജനാധിപത്യം എന്ന് തോന്നിപ്പോയത്.

സാധാരണഗതിയില്‍ അടുത്തെങ്ങും നിയമസഭകൂടാന്‍ സാധ്യതയില്ലാത്തപ്പോഴും, എന്നാല്‍ അടിയന്തിരാവശ്യമുള്ളതുമായ കാര്യങ്ങള്‍ പെട്ടെന്ന് നടത്തിച്ചെടുക്കാനാണ് ഗവര്‍ണ്ണരുടെ അംഗീകാ‍രത്തോടെ ഒരു ഓര്‍ഡിനന്‍സായി വിജ്ഞാപനം ചെയ്യേണ്ടി വരുന്നത്. അതിനു ശേഷം ആദ്യം കൂടുന്ന നിയമസഭയില്‍ ഒരു ബില്ലായി അവതരിപ്പിച്ച്, പാസ്സാക്കി അതിനെ ആക്ടാ‍ക്കി മാറ്റുന്നു. താല്പര്യമില്ലെങ്കില്‍ ആ ബില്‍ പാസ്സാക്കാതെ മാറ്റി മാറ്റി വയ്ക്കുന്നു, നമ്മുടെ ലോകസഭ വനിതാസംവരണ ബില്ലിന്റെ കാര്യത്തില്‍ ചെയ്യുന്നതുപോലെ.

ഇവിടെ ഈ നവമ്പറില്‍ തന്നെ നിയമസഭ കൂടാന്‍ തീരുമാനിച്ചിരിക്കുന്ന സ്ഥിതിക്ക് ഒരു ഓര്‍ഡിനന്‍സിന്റെ പ്രസക്തി എന്താണ്? ഈ ഓര്‍ഡിനന്‍സ് ഒപ്പിടുന്നസമയത്ത് നിയമസഭ ഉടന്‍ കൂടുന്നുണ്ടെന്നുള്ള വിവരം അറിയാമെങ്കില്‍ ഗവര്‍ണ്ണര്‍ ആ ഓര്‍ഡിനന്‍സ് അംഗീകരിക്കുന്നത് ജനാധിപത്യത്തിനു ചേര്‍ന്നതാണോ. നിയമസഭ കൂടാനിരിക്കുന്ന 24 നു മുമ്പ് ഒഴിപ്പിച്ചെടുക്കേണ്ട ഏത് കൈയ്യേറ്റമാണ് കേരളത്തിലുള്ളത്. നിയമസഭ കൂടുന്നതുവരെ കാത്തിരിക്കാന്‍ എന്താ പ്രയാസം. ജനാധിപത്യരീതിയില്‍ പാസ്സാക്കിയെടുക്കാന്‍ പ്രയാസമായിരിക്കുമെന്നുള്ളതു കൊണ്ടാണോ, അതോ അങ്ങനെ പാസ്സാക്കാന്‍ ആഗ്രഹമില്ലാഞ്ഞോ?

ഒരു പക്ഷേ സര്‍ക്കാരിന്റെ കൈയ്യൂക്ക് കൊണ്ട് ഒഴിപ്പിച്ചെടുത്താല്‍ തന്നെ ഓര്‍ഡിനന്‍സ് ലാപ്സായാല്‍ അതില്‍ പറഞ്ഞിരിക്കുന്ന തടവും പിഴയും നടപ്പാക്കാന്‍ പറ്റുമോ? ഒരുപാട് പ്രശ്നങ്ങള്‍.

ഒരു കാര്യം തീര്‍ച്ചയാണ്, ഓര്‍ഡിനന്‍സ് വഴി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ഭൂപരിഷ്കരണനിയമ ഭേദഗതി നടപ്പിലാക്കണമെന്ന് ആര്‍ക്കും ആത്മാര്‍ത്ഥമായി ആഗ്രഹമില്ല. അടുത്തു കൂടാനിരിക്കുന്ന നിയമസഭയില്‍ ഇതിനുവേണ്ടുന്ന ബില്‍ കൊണ്ടു വരുമെന്നുള്ളതു തന്നെ സംശയം ജനിപ്പിക്കുന്നു. ആ ബില്ല് കൊണ്ടു വന്നില്ലെങ്കില്‍ ഓര്‍ഡിനന്‍സ് ലാപ്സാകുമെന്ന് അറിയാത്തവരല്ലല്ലോ നമ്മുടെ സാമാജികര്‍.

പെട്ടെന്ന് ഓര്‍മ്മവരുന്നത് സേവി മനോമാത്യുവിന്റെ കാര്യമാണ്. പരിസ്ഥിതി ദുര്‍ബലപ്രദേശത്തിന്റെ പരിധിയില്‍ തോട്ടങ്ങള്‍ കുടി ഉള്‍പ്പെടുത്തികൊണ്ടുള്ള വിജ്ഞാപനം അന്നത്തെ LDF സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സ്സായിട്ടാണ്‌ പ്രഖ്യാപിച്ചിരുന്നത്‌.ഒരു ബില്ലായി നിയമസഭയില്‍ അവതരിപ്പിക്കും മുമ്പ്‌ സര്‍ക്കാര്‍ മാറി.2001 മേയ്‌ 17 ം തീയതി UDF സര്‍ക്കാര്‍ അധികാരം ഏറ്റു. ജൂലൈ 17 തീയതിക്കകം കൂടിയ നിയമസഭയില്‍ ഈ ഓര്‍ഡിനന്‍സ്സിനെ ബില്‍ രൂപേണ മനപ്പൂര്‍വ്വം അവതരിപ്പിച്ചില്ല. LDF പ്രഖ്യാപിച്ച ഓര്‍ഡിനന്‍സ്സ്‌ ലാപ്സായിപ്പോയി. തേയിലതോട്ടങ്ങള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമായതുമില്ല. [ഇക്കാര്യം അന്നത്തെ CCF ഗോപിനാഥന്‍ കോടതിമുമ്പാകെ സമര്‍പ്പിച്ച നിവേദനത്തിലുള്ളതാണ്]. സംഗതി ഇപ്പോള്‍ കോടതി കയറിയിരിക്കയാണെന്ന് നമുക്കെല്ലാം അറിയാം.

നമ്മുടെ ജനാധിപത്യത്തിനെ ക്രമേണ വെള്ളം ചേര്‍ത്ത് അതിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കനുള്ള ശ്രമമായേ ഇതിനെ കാണാന്‍ പറ്റൂ.

updated on 11th November 2008:

ഇതും കൂടി വായനക്കരുടെ അറിവിലേക്ക് ഇവിടെ കിടക്കട്ടെ:-

Legislative Power of the *Governor

91. Power of Governor to promulgate Ordinances during recess of Legislature.-(1) If at any time, except when both Houses of the Legislature are in session, the *Governor is satisfied that circumstances exist which render it necessary for him to take immediate action, he may promulgate such ordinances as the circumstances appear to him to require :

Provided that the power of making an Ordinance under this section shall extend only to those matters with respect to which the Legislature has power to make laws.

(2) An Ordinance promulgated under this section shall have the same force and effect as an Act of the Legislature assented to by the *Governor but every such Ordinance-

(a) shall be laid before both the Houses of the Legislature, and shall cease to operate at the expiration of six weeks from the re-assembly of the Legislature, or if before the expiration of that period a resolution disapproving it is passed by the Legislative Assembly and agreed to by the Legislative Council, upon the resolution being agreed to by the Legislative Council, and

(b) may be withdrawn at any time by the *Governor.

4[(3) Notwithstanding anything in this Constitution, the satisfaction of the *Governor mentioned in sub-section (1) shall be final and conclusive and shall not be questioned in any Court on any ground].

EXPLANATlON.-Where the Houses of the Legislature are summoned to reassemble on different dates, the period of six weeks shall be reckoned from the latter of those dates for the purposes of this sub-section.

Saturday, November 8, 2008

കെട്ടിടനിര്‍മ്മാണ ചട്ടലംഘനം-4

വാണിജ്യത്തിനും ഓഫീസ്സാവശ്യത്തിനും വേണ്ടി നിര്‍മ്മിക്കാന്‍ അനുവാദം നേടിയെടുത്ത് നാലു നിലയില്‍ പണിത കെട്ടിടത്തില്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നു. സംഭവം തിരുവനന്തപുരത്താണ്. പട്ടം വൈദ്യുതി ബോര്‍ഡിനെതിരെയുള്ള ‘ഗോകുലം ആശുപത്രി’. എല്ലാ കെട്ടിടനിര്‍മ്മാണ നിയമങ്ങളെയും കാറ്റില്‍ പറത്തിയാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. അതു കൊണ്ടുതന്നെ ആ കെട്ടിടം ഇടിച്ചു നിരത്താനാണ് 2007-ല്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തീരുമാനം പക്ഷേ കടലാസില്‍ ഒതുങ്ങുന്നു എന്നു മാത്രം. വിശദാംശങ്ങള്‍ ചുവടെ:

തിരുവനന്തപുരം വൈദ്യുതിബോര്‍ഡാഫീസിനെതിരെയുള്ള (പട്ടം) സര്‍വ്വേ 1170/6, 1170/6-1, വാര്‍ഡ് 2 ല്‍ വാണിജ്യത്തിനും ഓഫീസ് ആവശ്യത്തിനും വേണ്ടി ഒരു നാല് നില കെട്ടിടം പണിയാനാണ് അനുമതി നല്‍കിയത്. പൊട്ടക്കുഴി, വീരഭദ്രാ ഗാര്‍ഡന്‍സിലെ ‘ജയാസ്’ [T.C 2/1877(2)] ല്‍ താമസം സാവിത്രി അമ്മക്കാണ് തിരുവനന്തപുരം കോര്‍പ്പറേഷന്റെ അനുമതി പത്രം ലഭിച്ചത് (2005 ജനുവരി). കേരള മുനിസിപ്പല്‍ ബില്‍ഡിംഗ്സ് ചട്ടങ്ങളിലെ സോണിംഗ് നിബന്ധനകളില്‍ നിന്നും ഈ കെട്ടിടനിര്‍മ്മാണത്തിനെ 2004 ജൂണില്‍തന്നെ സര്‍ക്കാര്‍ ഒഴിവാക്കി കൊടുത്തിരുന്നു.

വാണിജ്യാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ക്ക് അനുവദനീയമായ കൂടിയ കവറേജ് സ്ഥലവിസ്തീര്‍ണ്ണത്തിന്റെ 65 ശതമാനമാണ്. (ഒരു നിലയിലെ കൂടിയ വിസ്തീര്‍ണ്ണവും സ്ഥലത്തിന്റെ വിസ്തീര്‍ണ്ണവും തമ്മിലുള്ള അനുപാദം.)

മേലുദ്ധരിച്ച നിയമപ്രകാരമാണ് 1363.23 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വാണിജ്യാവശ്യത്തിനുള്ള ഒരു നാലുനില കെട്ടിടം നിര്‍മ്മിക്കുവാനുള്ള അനുമതി നല്‍കിയത്. കെട്ടിടം പണി പൂര്‍ത്തിയാക്കി അവിടെ വാണിജ്യ ഓഫീസ്സ് കെട്ടിടത്തിനു പകരം ഒരു ആശുപത്രി (ഗോകുലം ആശുപത്രി) യാണ്‍് പ്രവര്‍ത്തനം തുടങ്ങിയത്.

ഒരു ആശുപത്രിക്കുള്ള കെട്ടിടത്തിനു അനുവദനീയമായ കൂടിയ കവറേജ് സ്ഥലവിസ്തീര്‍ണ്ണത്തിന്റെ 40% മാത്രമാണ്. വാണിജ്യാവശ്യത്തിനുള്ള ഓക്ക്യുപ്പന്‍സിയില്‍ നിന്ന് ആശുപത്രിയിലേക്കുള്ള മാറ്റം, നിര്‍മ്മാണത്തിനുള്ള മാനദന്‍ണ്ഡങ്ങള്‍ വ്യത്യസ്തമായതുകൊണ്ട് , കെട്ടിടനിര്‍മ്മാണചട്ടങ്ങളനുസരിച്ച് അനുവദനീയമല്ല.

ആശുപത്രി ഓക്യുപ്പന്‍സിക്ക് പരമാവധി കവറേജ് 40% മാത്രമായതുകൊണ്ട് ഒരു നിലയിലെ തറവിസ്തീര്‍ണ്ണം വാണിജ്യ ഓക്യുപ്പന്‍സിക്ക് അനുവദിച്ച 340.81 ച.മീറ്ററിന്റെ സ്ഥാനത്ത് സ്ഥലവിസ്തീര്‍ണ്ണമായ 532.30 ച.മീറ്ററിന്റെ 40% മായ 212.92 ച.മീറ്ററായി നിജപ്പെടുത്തണമായിരുന്നു. അതു ചെയ്യാതെ ശ്രീമതി സാവിത്രി അമ്മ ആശുപത്രി തുടങ്ങിയത് കോര്‍പ്പറേഷന്‍ അധികാരികളുടെ മൌനസമ്മതമില്ലാതെയാണെന്ന് വിശ്വസിക്കാന്‍ പ്രയാസം.

ദുരൂഹത അവിടം കൊണ്ട് തീരുന്നില്ല. ആശുപത്രിയുടെ പ്രവര്‍ത്തനം നിര്‍ത്തുന്നതിനുള്ള നടപടിയെടുക്കുന്നതിനു പകരം ആ കെട്ടിടം മുഴുവന്‍ പൊളിച്ചു നീക്കുവാനുള്ള നടപടികള്‍ ആരംഭിച്ചതായാണ് സര്‍ക്കാര്‍ 2007 ഡിസമ്പറില്‍ പ്രസ്ഥാവിച്ചത്. സാവിത്രിയമ്മയുടെ നീക്കങ്ങള്‍ എവിടയോ പിഴച്ചില്ലേയെന്ന് സംശയം. 2008 ഡിസമ്പര്‍ ആകാറായിട്ടും കെട്ടിടം അവിടെ ഉറപ്പോടെ നില്‍ക്കുന്നത് കാണുമ്പോള്‍ അവരുടെ നീക്കങ്ങള്‍ക്ക് ഫലം കാണുന്നുണ്ടെന്നും സംശയം.



Friday, November 7, 2008

കെട്ടിടനിര്‍മ്മാണ ചട്ടലംഘനം-3

എഫ്.എ.ആര്‍. തെറ്റിച്ച് കണക്കാക്കി ആനുകൂല്യം ഉണ്ടാക്കികൊടുത്തതാണ് ചട്ടലംഘനം-1 ല്‍ പ്രസിദ്ധീകരിച്ചത്.

നിശ്ചിത പരിധിയിലും കൂടുതല്‍ കവറേജ് ഏരിയ അനുവധിച്ചുകൊടുത്തുകൊണ്ട് നല്‍കിയ നിയമവിരുദ്ധ ആനുകൂല്യത്തെപറ്റിയാണ് ചട്ടലംഘനം-2 ല്‍ പ്രതിപാധിച്ചത്.

ഇത്തവണ അധികഫീസ് ഈടാക്കുന്നതിനെതിരെ കണ്ണടച്ചതിനെപറ്റിയാണ്. പരമാവധി അനുവദനീയമായ എഫ്.ഏ.ആര്‍ എത്രയെന്ന് നോക്കാന്‍ മെനക്കെടാതെ വ്യക്തികള്‍ക്ക് നേടിക്കൊടുത്ത ആനുകൂല്യങ്ങളാണിത്. ഓരോ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസിലേയും എല്ലാ ഫയലുകളും നോക്കി ശരിയാണെന്നുറപ്പു വരുത്തേണ്ട ചുമതല ലോക്കല്‍ ഫണ്ട് ആഡിറ്റ് ഡയറക്ടര്‍ക്കാണ്. ചുരുക്കം ചില ഫയലുകള്‍ (ഏതാണ്ട് 10%) മാത്രമേ അക്കൌണ്ടന്റ് ജനറല്‍ പരിശോധിക്കാറുള്ളൂ. അങ്ങനെ പരിശോധിച്ച കേസുകളില്‍ 17.52 ലക്ഷം രൂപയോളം വരുമാനം നഷ്ടപ്പെടുത്തിയ 6 കേസുകള്‍ തിരുവനന്തപുരം, കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസുകളില്‍ മാത്രം കണ്ടെത്തി. അതിന്റെ വിശദാംശങ്ങളാണ് ചുവടെ:

  • എഫ്.ഏ.ആര്‍ = തറവിസ്തീര്‍ണ്ണവും സ്ഥലവിസ്തീര്‍ണവും തമ്മിലുള്ള ആനുപാതം.
  • ഉപയോഗിക്കുന്ന സ്ഥലം ഹോട്ടല്‍ വ്യവസായത്തിനാണെങ്കില്‍ (പ്രത്യേക വാസസ്ഥലം) അനുവദനീയമായ എഫ്.ഏ.ആര്‍=2.5
  • ഉപയോഗിക്കുന്നതു വാസസ്ഥലമായിട്ടണെങ്കില്‍ (ഫ്ലാറ്റ്) അനുവദനീയമായ എഫ്.ഏ.ആര്‍=3
  • അനുവദനീയമായ വിസ്തീര്‍ണ്ണത്തില്‍ കൂടുതല്‍ വരുന്ന ഓരോ ച.മീറ്ററിനും 1000 രൂപ നിരക്കില്‍ അധിക ഫീസ് നല്‍കണം.
  • പരമാവധി അനുവദനീയമായ എഫ്.ഏ.ആറിനു വിധേയമായിട്ടായിരിക്കും ഇത്.
ഇതും കൂടി അറിഞ്ഞിരിക്കുക:

സ്ഥലത്തിന്റെ ഉപയോഗത്തെ അടിസ്ഥാനമാക്കിയാണ് ഒരു കെട്ടിടത്തിന്റെ ഓക്യുപ്പന്‍സി തീരുമാനിക്കുന്നത്. പാര്‍പ്പിടം, വിദ്യാഭ്യാസം, ചികിത്സ, വാണിജ്യം, അസംബ്ലി, വ്യവസായം, അപകടകരമായത് മുതലായ വിവിധ ഉപയോഗങ്ങളുടെ അടിസ്ഥാനത്തിലെ കെട്ടിടങ്ങളെ 12 വിഭാഗം ഓക്യുപ്പന്‍സികളായി തരം തിരിച്ചിരിക്കുന്നു. ഓരോ ഇനങ്ങളിലുള്ള ഓക്ക്യുപ്പന്‍സിക്കും അനുവദനീയമായിട്ടുള്ള കവറേജ് ഏരിയയും, എഫ്.ഏ.ആര്‍ -ം വ്യത്യസ്തമാണ്.

1. തിരുവനന്തപുരത്ത് ശാസ്തമംഗലം അജിത്ത് ബംഗ്ലാവില്‍ (T.C 9/1108) താമസം ആര്‍. രാജകുമാറിന്റെ അപേക്ഷ അദ്ദേഹത്തിന്റെ വഴുതക്കാടുള്ള ഹോട്ടല്‍ കെട്ടിടത്തിനു വേണ്ടിയായിരുന്നു. - സര്‍വ്വേ നമ്പര്‍ .12/3-7-2 , തൈക്കാട് വില്ലേജ്, വാര്‍ഡ് -15. അധികഫീസ് ചുമത്താതെ അനുവധിക്കാവുന്ന എഫ്.ഏ,ആര്‍ 2.5 ആയിരുന്നു. അതായത് 1242.20 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള അദ്ദേഹത്തിന്റെ സ്ഥലത്ത് 3105.50 ച.മീറ്റര്‍ വരെയുള്ള ഹോട്ടല്‍ കെട്ടിടത്തിനു അധികഫീസ്സൊന്നും നല്‍കേണ്ടതില്ല. എന്നാല്‍ അദ്ദേഹം കെട്ടി ഉയര്‍ത്തിയത് 4977.74 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഒന്നായിരുന്നു. 18,72,240 രൂപ അധികഫീസ്സായി വാങ്ങേണ്ടിയിടത്ത് വാങ്ങിയത് വെറും 13,70,000 രൂപമാത്രം. 5,02,240 രുപയുടെ നിയമത്തിനതീതമായ ഇളവ് നമ്മുടെ ഉദ്ദ്യോഗസ്ഥവൃന്ദം വെറുതേ വിട്ടുകൊടുത്തതായിരിക്കുമോ?

2. കോഴിക്കോട് വി.കെ.കൃഷ്ണമേനോന്‍ റോഡില്‍ ‘മെഹഫില്‍’ (25/530) താമസം എ.പി.ഷക്കീനക്ക് വേണ്ടിയിരുന്നത് Residential Flat Building പണിയുവാനുള്ള അനുവാദമായിരുന്നു. - ബില്‍ഡിംഗ് 6/1130, വാര്‍ഡ് 6, സര്‍വ്വേ 185/2എ, കസബാ വില്ലേജ്. അനുവദനീയമായ എഫ്.ഏ,ആര്‍=3. സ്ഥലവിസ്തീര്‍ണ്ണ = 2846.26 ച.മിറ്റര്‍. കെട്ടിപ്പൊക്കിയത് = 8740.90 ച.മിറ്റര്‍. അധിക ഫീസ്സായി കൊടുക്കേണ്ടിയിരുന്നത് = 2,11,120 രൂപ. എന്നാല്‍ കൊടുത്തത് = 1,42,313 രൂപ മാത്രം. കോഴിക്കോട് കോര്‍പ്പറേഷന്‍ വക സമ്മാനം=68,807 രൂപ. കാരണം, ഫ്ലാറ്റിനകത്ത് നിര്‍മ്മിച്ചിരുന്ന നീന്തല്‍ക്കുളം നമ്മുടെ മേലാളന്മാര്‍ കാണാതെ പോയി. ഷക്കീനക്കിത് മുഴുവന്‍ കാശായി കിട്ടികാണില്ല, തീര്‍ച്ച.

3.കോഴിക്കോടുള്ള യമുനയില്‍ താമസം [കണ്ണൂര്‍ റോഡ്] റ്റി.രാധാമാധവനും ആവശ്യം ഒരു Residential Flat Building ഉണ്ടാക്കുവാനായിരുന്നു.- വാര്‍ഡ് 1, സര്‍വ്വേ 1445, 1446, കച്ചേരി വില്ലേജ്. ശ്രിമതി രാധക്കുണ്ടായിരുന്ന സ്ഥലം 1396.21 ച.മീറ്ററും, കെട്ടിപൊക്കിയത് 4994.37 ച.മീറ്ററും ആയിരുന്നു. അധികഫീസായി കൊടുക്കേണ്ടിയിരുന്ന 6,91,620 രൂപയില്‍ ഒരു രൂപ പോലും അവര്‍ക്ക് നല്‍കേണ്ടി വന്നില്ല. മുഴുവന്‍ ഇനാം. കെട്ടിടനിര്‍മ്മാണ ചട്ടത്തില്‍ അടുത്തിടെ വരുത്തിയ ഭേദഗതി മൂലമാണ് ഇത്രയും തുക കൂടി ശ്രീമതി രാധക്ക് കൊടുക്കേണ്ടിവരുന്നതെന്നും, എല്ലാ ഭേദഗതികളും അപ്പപ്പോള്‍ ഒര്‍മ്മിച്ചിരിക്കാന്‍ പ്രയാസമല്ലേയെന്നുമൊക്കെയാണ് വാദം.

4. ഇനിയുള്ളത് തിരുവനന്തപുരത്തുകാരായ ബി.വിജയനും, എം.വിജയ കുമാറിനും [റ്റി.സി.51/637, മഖം എസ്റ്റേറ്റ്, പാപ്പനംകോട്] വേണ്ടിയുള്ള പ്രത്യേകവാസസ്ഥലത്തിനു വേണ്ടിയുള്ളതാണ് [വാര്‍ഡ് 9. ശാസ്ഥമംഗലം, സര്‍വ്വേ 472/3, 472/3-1] അനുവദനീയ മായ എഫ്.ഏ.ആര്‍=2.5. 607.05 ച.മീറ്റര്‍ സ്ഥലത്ത് 1942.57 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള മാളിക കെട്ടിയുയര്‍ത്തി. അധികം കൊടുക്കേണ്ട 1,86,500 രൂപയുടെ ഫീസ്സില്‍ ഒരു രൂപാ പോലും കൊടുക്കേണ്ടി വന്നില്ല. തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഔദാര്യം.

5.തിരുവനന്തപുരത്തെ ഹീരാ കണ്‍സ്ട്രക്ഷന്‍സിന്റെ ഉടമ ഏ.ആര്‍. ബാബുവിന്റെ ആവശ്യം കവഡിയാറില്‍ [വാര്‍ഡ് 1, കവഡിയാര്‍ വില്ലേജ്, സര്‍വ്വേ 2483] ഒരു വാസസ്ഥലം ഉണ്ടാക്കുന്നതിലായിരുന്നു. 1133.36 ച.മീറ്റര്‍ സ്ഥലത്ത് 4191.62 ച.മിറ്റര്‍ വിസ്തൃതിയുള്ള ഒരു ചെറിയ വീടുണ്ടാക്കി താമസം തുടങ്ങി. പക്ഷേ അനുവദനിയമായ എഫ്.ഏ.ആര്‍ = 3 ആയിരുന്നു. അങ്ങനെ വന്നപ്പോല്‍ 7,92,140 രൂപ അധികഫീസ നല്‍കണം. പക്ഷേ കൊടുത്തതോ = 6,64,140. ഈ ചെറിയ മുതലാളിക്ക് 1,28,000 രൂപയുടെ ഇളവ് അനുവദിച്ചുകൊടുത്തത് ഒരു വലിയ കുറ്റമാണോ. തിരുവനന്തപുരം നിവാസികളുടെ ആളോഹരി നഷ്ടം കണക്കാക്കിയാല്‍ എത്ര നിസ്സാരം.

6. ഒന്നു കൂടി. തിരുവനന്തപുരത്തെ നികുഞ്ജം കണ്‍സ്ട്രക്ഷന്‍സിന്റെ ഉടമ [റ്റി.സി.4/2554(3), ഇന്ദ്രപ്രസ്ഥം, കുറവങ്കോണം, പട്ടം] ആര്‍. ഗണേശ് കുമാറാണ് അപേക്ഷകന്‍ . വഞ്ചിയൂര്‍ വില്ലേജില്‍ റിഷിമംഗലത്ത് [സര്‍വ്വേ 1863/എ] ഒരു വാസസ്ഥലം പണിയണം. 1497.39 ച.മീറ്റര്‍ സ്ഥലം കൈയ്യിലുണ്ട്. 4666.68 ച.മീറ്ററിലുള്ള വാസസ്ഥലമാണ് പണിതത്. ചട്ടപ്രകാരം എഫ്.ഏ.ആര്‍ =3 ആണ്. അതായത് 174.51 ച.മീറ്റര്‍ അധികമുള്ള തറവിസ്തീര്‍ണ്ണത്തിനു 1,74,510 രൂപ അടക്കണം. കുറേയെങ്കിലും കൊടുത്തു കാണണം. പക്ഷേ കോര്‍പ്പറേഷന്റെ കണക്കില്‍ ഒരു രൂപ പോലും വരവു വച്ചിട്ടില്ല.

അങ്ങനെ 17.50 ലക്ഷത്തോളം രൂപയുടെ ഔദാര്യം നമ്മുടെ ദരിദ്രനാരായണന്മാരായ 6 പേര്‍ക്കുകൂടി വീതിച്ച് നല്‍കിയ വിവരം അക്കൌണ്ടന്റ്ജനറല്‍ ബന്ധപ്പെട്ട എല്ലാ മാന്യ ഉദ്ദ്യോഗസ്ഥരേയും, നമ്മുടെ ബഹുമാനപ്പെട്ട ജനപ്രതിനിധികളേയും അറിയിച്ചിട്ടുണ്ട്. അക്കൌണ്ടന്റ് ജനറലിന്റെ ചുമതല കഴിഞ്ഞു. ഇനി ???

Wednesday, November 5, 2008

ഇത് ശ്രദ്ധിക്കാതെ പോകരുത് - M.A.D

Hello ????????,

I want to introduce you to the most wonderful NGO in the world, which was working right under our noses and still we failed to see how they were Making a Difference

http://makeadiff.in/blog/wp-content/uploads/2008/10/mad-logo1-300x112.jpg

Make A Difference (M.A.D) is a youth volunteer network that currently functions in the three cities of Cochin, Pune and Chennai… 312 volunteers teach more than 1200 underprivileged kids English and computer skills in these three cities to enable them to have better career prospects...
These children live in street shelters and orphanages. Without proper guidance, their lives will go astray. MAD makes sure that they have the proper life skills to make it in life. Then MAD tries to get them placed at jobs where they can live their potential...

MAD was recently picked as one of fifteen finalists for the international Youth Social Entrepreneur Awards which is a prestigious award bestowed by the Ashoka group. MAD became the only Indian entry in this competition in spite of 521 nominations from 60 odd countries. The final winner will be picked by online voting.

http://www.changemakers.net/files/images/YV_badge_vote.gif

Let's try and bring pride to our country by spreading word about the achievements of our countrymen. To stand up and be recognized in such a multi-faced international crowd is an achievement in itself.

Spread the word the only way we know how to do it.

Tuesday, November 4, 2008

കെട്ടിടനിര്‍മ്മാണ ചട്ടലംഘനം-2

കെട്ടിടനിര്‍മ്മാണ ചട്ടലംഘനം നടത്തി സ്വകാര്യ വ്യക്തിക്ക് ആനുകൂല്യം നല്‍കിയ മറ്റൊരു കഥ:

തിരുവനന്തപുരം പേരൂര്‍ക്കട പോസ്റ്റാഫീസിനെതിര്‍വശം രാജ് ബില്‍ഡിങ്സില്‍ താമസം ജെ.ലളിതമ്മയാണ് കെട്ടിട ഉടമ.

കുറച്ചു കൂടി വ്യക്തമാക്കിയാല്‍‍ പേരൂക്കട വില്ലേജില്‍, കൌഡിയാര്‍ വാര്‍ഡില്‍ സര്‍വ്വേ നമ്പര്‍ 434/C1-3 ല്‍ മൂന്നുനിലയില്‍ പണിതീര്‍ത്തിട്ടുള്ള Residential-cum-Shopping Complex.

വാണിജ്യാവശ്യത്തിനുള്ള ഉപയോഗത്തിനുവേണ്ടി ഉണ്ടാക്കുന്ന കെട്ടിടങ്ങളുടെ പരമാവധി കവറേജ് ഏരിയ 65 ശതമാനമാണു്. അതായത് ഒരു നിലയിലെ കൂടിയ തറ വിസ്തീര്‍ണ്ണവും സ്ഥലത്തിന്റെ വിസ്തീര്‍ണ്ണവും തമ്മിലുള്ള അനുപാതമാണിത്. ഇത് നിയമം.

മേല്‍പ്പറഞ്ഞ ലളിതമ്മയുടെ കെട്ടിടത്തിനു മൂന്നു നിലകളിലായി 672 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ടായിരുന്നു. താഴത്തെ നിലയിലെ വിസ്തീര്‍ണ്ണം 224 ച.മീറ്ററും, സ്ഥലവിസ്തീര്‍ണ്ണം 359.17 ച.മീറ്ററും. അതായത് കെട്ടിടത്തിന്റെ കവറേജ് ഏരിയാ= 62.37% . വേറൊരു വിധത്തില്‍ പറഞ്ഞാല്‍, അധികനിര്‍മ്മാണത്തിനു താഴത്തെ നിലയില്‍ 9.46 ച.മീറ്റര്‍ വരെ മാത്രമേ അനുമതി നല്‍കാന്‍ നിയമപ്രകാരം അധികാരമുള്ളൂ. മൂന്നു നിലയിലും കൂടി ഏറി വന്നാല്‍ ആകെ അനുവദിക്കാവുന്നത് 28.38 ച.മീറ്റര്‍.

ഇങ്ങനെയുള്ള അവസ്ഥയിലാണ് ശ്രീമതി ലളിതമ്മ തന്റെ കെട്ടിടത്തില്‍ മൂന്നു നിലയിലും കൂടി 174 ച.മീറ്റര്‍ നീട്ടികെട്ടാനുള്ള അനുവാദം തേടിയതും, നേടിയെടുത്തതും. ഇതിനനുവാദം കൊടുത്തപ്പോള്‍ കവറേജ് ഏരിയ 78.51% ആയിപ്പോകുമെന്നോ, മുനിസിപ്പലിറ്റി കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ക്ക് എതിരായിപ്പോകുമെന്നോ ഒന്നുംതന്നെ തിരുവനന്തപുരം കോര്‍പ്പറേഷനു പ്രശ്നമായിരുന്നില്ല.

അക്കൌണ്ടന്റ് ജനറലിനു കുരക്കാനേ അധികാരം കൊടുത്തിട്ടുള്ളൂ, കടിക്കാന്‍ പാടില്ല. അതുകൊണ്ട് വിവരങ്ങളെല്ലാം കൂടി എഴുതി ബന്ധപ്പെട്ട അധികാരികള്‍ക്ക് എഴുതികൊടുത്തു. അവര്‍ അതുവാങ്ങി മേശക്കുള്ളില്‍ ഭദ്രമായി സൂക്ഷിച്ചു. ഏ.ജീ തന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിനും, ജനപ്രതിനിധികള്‍ക്കും വീണ്ടും കൊടുത്തു. അവരും വാങ്ങി സൂക്ഷിച്ച് വച്ചിട്ടുണ്ട്, വെളിച്ചം കാണിക്കാതെ.

ജനാധിപത്യം നീണാള്‍ വാഴട്ടെ.

കടപ്പാട്: വിവരാവകാശ നിയമം, സി.ഏ.ജീ. റിപ്പോര്‍ട്ട്

തുടരും.......

Saturday, November 1, 2008

കെട്ടിടനിര്‍മ്മാണ ചട്ടലംഘനം-1

തിരുവനന്തപുരത്തുള്ള കോസ്മോപൊളിറ്റന്‍ ഹോസ്പിറ്റല്‍. നമുക്കേവര്‍ക്കും അറിയാവുന്ന പ്രഗത്ഭരായ ഒരു കൂട്ടം ഡോക്ടേര്‍‌മാരുടെ കൂട്ടായ്മ ആതുരസേവനം നടത്തുന്ന സ്ഥാപനം. അവര്‍ക്കുവേണ്ടി 19 ലക്ഷത്തോളം രൂപയുടെ അനര്‍ഹമായ ആനുകൂല്യമാണ് നമ്മുടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ അനുവദിച്ചുകൊടുത്തത്. വെറുതേ അങ്ങ് അനുവദിച്ചു കൊടുത്ത ആനുകൂല്യമാണെന്നു തോന്നുന്നുണ്ടോ? അതു അരമന രഹസ്യം.

ഇനി കാര്യത്തിലോട്ട് കടക്കാം.

തിരുവനന്തപുരം പട്ടണത്തിനകത്ത് കെട്ടിടം പണിയുന്നതിനോ, കെട്ടിയതിനെ പുതുക്കുന്നതിനോ, നീട്ടുന്നതിനോ ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് സാധാജനങ്ങള്‍ക്കെല്ലാം അറിയാം. സാധാരണ ജനങ്ങള്‍ക്ക് മാത്രമേ ആ നിയമങ്ങള്‍ കര്‍ശനമായി ബാധകമാക്കൂ എന്നുമാത്രം. കോസ്മോപൊളിറ്റണ്‍ ആശുപത്രി ഉടമകള്‍ സാധാരണക്കാരല്ലാത്തതുകൊണ്ട് നിയമം ലംഘിച്ച് അനുവദിച്ച അനുകൂല്യത്തിന്റെ കഥയാണിത്. ഇതാണ് നിയമം:

ഒരു വസ്തുവിലുള്ള കെട്ടിടങ്ങളുടെ എല്ലാ നിലകളിലും ഉള്‍പ്പെട്ട ആകെ തറയുടെ വിസ്തീര്‍ണ്ണം വസ്തുവിന്റെ വിസ്തീര്‍ണ്ണത്തിന്റെ ഇരട്ടിയില്‍ കൂടരുത്. ഇതിനെ ഫീല്‍ഡ് ഏരിയാ റേഷ്യോ അഥവാ എഫ്.എ.ആര്‍ എന്നു വിളിക്കുന്നു. ഏതെങ്കിലും കാരണവശാല്‍ മേല്‍‌പറഞ്ഞ തറവിസ്തീര്‍ണ്ണം, സ്ഥലവിസ്തീര്‍ണ്ണത്തിന്റെ ഇരട്ടിയില്‍ കവിഞ്ഞാല്‍, അധിക തറവിസ്തീര്‍ണ്ണത്തിനു ചതുരശ്ര മീറ്റരിനു 1000 രൂപ നിരക്കില്‍ അധിക ഫീസ് ഈടാക്കണം.

കോസ്മോപൊളിട്ടണ്‍ ആശുപത്രിക്ക് അധികമായി 1680 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഒരു കെട്ടിടം കൂടി നിര്‍മ്മിക്കാന്‍ 2003 ജൂലൈയില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ അനുമതി നല്‍കി. ഇതും കൂടി ആകുമ്പോള്‍ ഈ ആശുപത്രിക്ക് വേണ്ടി പണിതിട്ടുള്ള കെട്ടിടങ്ങളുടെ ആകെ തറവിസ്തീര്‍ണ്ണം 10,785.26 ച.മീറ്ററാണ്. എന്നാല്‍ ആശുപത്രിയുടെ സ്ഥല വിസ്തീര്‍ണ്ണമോ, വെറും 4,454.70 ച.മീറ്റര്‍ മാത്രം. അതായത് എഫ്.എ.ആര്‍ പ്രകാരം ആശുപത്രിക്ക് വേണ്ടി സാധാരണഗതിയില്‍ പണിയാവുന്ന കെട്ടിടങ്ങളുടെ ആകെ തറവിസ്തീര്‍ണ്ണം 4,454,70 * 2 =8,909.40 ച.മീറ്ററില്‍ കൂടാന്‍ പാടില്ല. ഇവിടെ 1,875.86 ച.മീറ്റര്‍ [10,785.26 - 8909.40] അധികം. അപ്പോള്‍ ച. മീറ്ററിനു 1,000 രൂപ വച്ച് 1875.86 ച.മിറ്ററിനു 18,75,860 രൂപ അധിക ഫീസ്സ് ഈടാക്കണം. എന്നാല്‍ സംഭവിച്ചതോ:

ആശുപത്രിക്ക് വേണ്ടി നിലവില്‍ പ്രവര്‍ത്തിച്ചു വന്ന കെട്ടിടങ്ങളെ പരിഗണിച്ചതേ ഇല്ല. ഏമാന്മാരുടെ കണ്ണില്‍ അവിടെയുള്ള
4,454.70 ച.മീറ്റര്‍ സ്ഥലത്ത് അധികം പണിയാന്‍ ആവശ്യപ്പെട്ട കെട്ടിടം മാത്രമേ ഉള്ളൂ എന്നങ്ങു സങ്കല്‍പ്പിച്ചു. അപ്പോള്‍ 1680 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പുതിയ കെട്ടിടം എഫ്.എ.ആര്‍ പരിധിക്ക് പുറത്താകുന്നില്ലല്ലോ. അങ്ങനെയെങ്കില്‍ അധികഫീസൊന്നും വാങ്ങാതെ അനുമതി നല്‍കിയാല്‍ മതി. അതുതന്നെ സംഭവിച്ചെന്ന് അക്കൌണ്ടന്റ് ജനറല്‍ ഫയലുകളില്‍ നിന്നും കണ്ടെത്തി.

സഹായിക്കണമെന്ന് ഉറച്ച് തീരുമാനിച്ചാ‍ല്‍, ചക്ക വേരിലും കായ്ക്കും എന്ന് മനസ്സിലായില്ലേ. ആശുപത്രി അധികാരികളില്‍ നിന്നും ഈ അധിക ഫീസ്സ് ഈടാക്കാന്‍ പോയാല്‍ പലനാറ്റകഥകളും പുറത്താകും.

കടപ്പാട്: വിവരാവകാശനിയമം, സി.ഏ.ജി. റിപ്പോര്‍ട്ട്.

തുടരും.....

Saturday, October 18, 2008

കൊച്ചിക്കാരേ നിങ്ങളറിഞ്ഞോ? - സോഡിയം വേപ്പര്‍ പ്രകാശം

നമ്മുടെ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അതിര്‍ത്തിക്കൂള്ളില്‍ കാക്കത്തൊള്ളായിരം വാഹനങ്ങളും അത്രയും തന്നെ വഴിനടപ്പുകാരും കടന്നു പോകുന്ന റോഡുകളാണുള്ളത്. അവരുടെ സൌകര്യാര്‍ത്ഥം വഴിനീളെ സോഡിയം വേപ്പര്‍ ലാമ്പുകള്‍ ഫിറ്റ് ചെയ്തു കൊടുക്കണമെന്നാശിക്കുന്നത് ഒരു തെറ്റാണോ? ഒരിക്കലും അല്ല. കുറ്റം പറയരുതല്ലോ, ഇക്കഴിഞ്ഞ 5 കൊല്ലത്തിനിടയില്‍ 933.54 ലക്ഷം രൂപയുടെ സോഡിയം വേപ്പര്‍ലാമ്പുകളാണ് ജനത്തിനു വേണ്ടി ഫിറ്റ് ചെയ്തു കൊടുത്തത്. അതില്‍ 45.5 ലക്ഷം രൂപ ഡീലര്‍മാര്‍ക്ക് കൂടുതല്‍ കൊടുത്തു പോയെങ്കില്‍ അതില്‍ ഒരംശം മാത്രമല്ലേ വാങ്ങിയവരുടെ പോക്കറ്റിലാവുകയുള്ളൂ. അതു നമുക്ക് ക്ഷമിച്ചുകൂടേ. പകരം റോഡുനീളേ പ്രകാശം ലഭിച്ചില്ലേ. കഥയിങ്ങനെയാണ് നടന്നത്:-

നികുതിദായകന്റെ പണം (സര്‍ക്കാര്‍ പണം) മുടക്കി ഒരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്തെങ്കിലും പണി നടത്തിച്ചെടുക്കാനോ സാധനങ്ങള്‍ വാങ്ങനോ തുനിയുമ്പോള്‍ എന്തെല്ലാം കടമ്പകള്‍ കടക്കണമെന്നു വായനക്കാരുണ്ടോ അറിയുന്നു. നികുതിദായകന്റെ ഒരു രൂപാ പോലും ഖജനാവില്‍ നിന്നും നഷ്ടപ്പെടാതിരിക്കാന്‍ ‍, കണിശമായും പാലിക്കേണ്ട, വിശദമായ കല്പനകള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അവ എന്തൊക്കെയാണെന്നു കൂടി ഒന്നു വായിച്ചു വെക്കാം. എന്നെങ്കിലും പ്രയോജനപ്പെടും.

  • ഒന്നാമത്തെ കല്പന: ചെയ്യിക്കേണ്ട ജോലിക്ക് അല്ലെങ്കില്‍ വാങ്ങേണ്ട സാധനങ്ങള്‍ക്ക് മതിയായ തുക ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി പാസ്സാക്കിയെടുക്കണം.
  • നിശ്ചിത അധികാരിയില്‍ നിന്നുള്ള ഭരണാനുമതി ഉണ്ടായിരിക്കണം. അതായത് ഒരു ലക്ഷം രൂപ വരെയുള്ളത് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും അതിനു മുകളില്‍ കൌന്‍സിലുമാണ് ഭരണാനുമതി നല്‍കേണ്ടത്. ഇത് രണ്ടാമത്തെ കല്പന.
  • വിശദമായ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയിരിക്കണം; മൂന്നാമത്തെ കല്പന.
  • നിര്‍ദ്ദിഷ്ട അധികാരിയില്‍ നിന്നും സാങ്കേതിക അനുമതി ലഭിച്ചിരിക്കണം. എന്നു വച്ചാല്‍, 6.50 ലക്ഷം രൂപയിലേറെ വരുന്ന വൈദ്യുതികരണ ജോലികള്‍ക്ക് പൊതുമരാമത്തു വകുപ്പ് വൈദ്യുതി വിഭാഗത്തിലെ അര്‍ഹതപെട്ട എഞ്ചിനിയറില്‍ നിന്നുള്ള സാങ്കേതിക അനുമതി; കല്പന നമ്പര്‍ നാല്.

ഇത്രയും കല്പനകള്‍ പാലിക്കാതെ ഒരു മുനിസിപ്പല്‍ കോര്‍പ്പറേഷനും ഏതെങ്കിലും പ്രവര്‍ത്തി ആരംഭിക്കാന്‍ പാടില്ല.

തീര്‍ന്നില്ല, ഇനിയുമുണ്ട് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍:

  • ഒരു കരാറുകാരന്‍ മുഖേനയാണ് ജോലി നടത്തിക്കുന്നതെങ്കില്‍ ടെന്‍ഡര്‍ ക്ഷണിക്കേണ്ടതും, ടെന്‍ഡര്‍ ക്ഷണിച്ചു കൊണ്ടുള്ള നോട്ടീസ്സ് കോര്‍പ്പറേഷന്റെ ഓഫീസ്സ് നോട്ടിസ് ബോര്‍ഡിലും പൊതുമരാമത്തു വകുപ്പ് ഓഫീസുകളിലും വര്‍ത്തമാന പത്രങ്ങളിലും (50 ലക്ഷം രൂപക്ക് മുകളിലുള്ള പ്രവര്‍ത്തികള്‍ക്കാണെങ്കില്‍ നിര്‍ബന്ധമായും സംസ്ഥാനം മുഴുവന്‍ പ്രചാരമുള്ള രണ്ടു മലയാളം പത്രങ്ങളിലും ദേശീയതലത്തില്‍ പ്രചാരമുള്ള ഒരു ഇംഗ്ലീഷ് പത്രത്തിലും) പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്. ഇത്രയും മനസ്സിലായല്ലോ. ഇതില്‍ കൂടുതല്‍ ഒരു സര്‍ക്കാര്‍ എന്തു ചെയ്യണം.

ഇനിയാണ് കഥ തുടങ്ങുന്നത്.

ഇത്രയും വലിയ തുക ഖജനാവില്‍ നിന്നും ചെലവായതല്ലേ. അക്കൌണ്ടന്റ് ജനറലിനു കണക്കുകള്‍ പരിശോധിക്കാതിരിക്കാന്‍ പറ്റുമോ. പരിശോധിച്ചു. പിന്നാമ്പുറ കഥകള്‍ കണ്ട് അന്തം വിട്ട് കുന്തം വിഴുങ്ങി നില്‍ക്കുകയാണ്. കാരണം, അക്കൌണ്ടന്റ് ജനറലിന്റെ ഉപദേശം കൂടി കണക്കിലെടുത്താണ് മേല്‍പ്പറഞ്ഞ കല്പനകളും നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ഒറ്റ നോട്ടത്തില്‍ ഈ നിര്‍ദ്ദേശങ്ങളേയോ കല്പനകളേയോ ഒന്നിനേയും തന്നെ എതിര്‍ത്ത് പ്രവര്‍ത്തിച്ചിട്ടില്ല. എന്നാല്‍ എല്ലാ നിര്‍ദ്ദേശങ്ങളേയും കുറുക്കു വഴിയിലൂടെ മറികടന്നിട്ടുമുണ്ട്. ഏതെല്ലാം വിധത്തില്‍ മറികടന്ന് സ്വന്തം കീശ വിര്‍പ്പിച്ചുവെന്നത്‌ ഒരു കഥതന്നെയാണേ..... വായിക്കൂ....

2006-07 വര്‍ഷം 257 ലക്ഷം രൂപയുടെ സോഡിയം വേപ്പര്‍ ലാമ്പുകള്‍ വാങ്ങിയെന്നാണ് കൊച്ചി കോര്‍പ്പറേഷന്റെ കണക്കില്‍ കാണിച്ചിരുന്നത്. ഇത്രയും വലിയ തുകയുടെ വാങ്ങലുകള്‍ നടത്തിയപ്പോള്‍ സര്‍ക്കാരിന്റെ കല്പനകളേയും നിര്‍ദ്ദേശങ്ങളേയും പാലിച്ചിട്ടുണ്ടോ എന്നറിയാനായിരുന്നു ഏ.ജി യുടെ പരിശോധന. എന്നാല്‍ മുഴുവന്‍ പരിശോധന കഴിഞ്ഞിട്ടും അത്രയും രൂപക്ക് ഒന്നിച്ചുള്ള ഒരു വാങ്ങള്‍ നടന്നതായി രേഖകളില്‍ കാണാന്‍ കഴിഞ്ഞില്ല. ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ള ഒരു വാങ്ങല്‍ ആയിരുന്നെങ്കില്‍, കോര്‍പ്പറേഷന്‍ കൌണ്‍സിലിന്റെ ഭരണാനുമതി ഉണ്ടാകണമായിരുന്നു, പൊതുമരാമത്ത് വകുപ്പ് വൈദ്യുതി വിഭാഗത്തില്‍ നിന്നും സാങ്കേതിക അനുമതി ഉണ്ടാകണമായിരുന്നു, ടെന്‍ഡര്‍ ക്ഷണിച്ചുകൊണ്ടുള്ള പത്രപരസ്യം ഉണ്ടാകണമായിരുന്നു. ഇവയൊന്നും ഏ.ജിക്ക് കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ കണക്കില്‍ ഇത്രയും തുക ചിലവാക്കി കഴിഞ്ഞു എന്നു കാണിച്ചിട്ടുമുണ്ട്. ആഴത്തിലിറങ്ങിയപ്പോഴല്ലേ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായുള്ളൂ.

ഇത്രയും തുകക്കുള്ള ലാമ്പുകള്‍ക്ക് വേണ്ടി ഒരു ടെന്‍ഡര്‍ ദേശീയതലത്തിലുള്ളതോ, സംസ്ഥാനതലത്തിലുള്ളതോ ആയ ഏതെങ്കിലും പത്രത്തില്‍ വന്നാലത്തെ സ്ഥിതി ഒന്നാലോചിച്ചു നോക്കൂ. ദേശീയതലത്തിലുള്ള മുന്തിയ ലാമ്പ് ഉല്പാദകരെല്ലാം ഓടിയെത്തും. അവര്‍ കൊച്ചിയിലോട്ടല്ല, നേരെ തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിലെത്തി കാണേണ്ടവരെ കണ്ട് കാര്യം സാധിച്ച് മടങ്ങും. അതുകൊണ്ട് മേല്‍പ്പറഞ്ഞ കല്പനകളേയും നിര്‍ദ്ദേശങ്ങളേയും എല്ലാം മറികടക്കാനുള്ള ഉപായം നമ്മുടെ കൊച്ചിന്‍ കോര്‍പ്പറേഷന്‍ കണ്ടു പിടിച്ചു.

ഒരു ലക്ഷത്തില്‍ കൂടുതല്‍ വിലക്കുള്ള ലാമ്പുകള്‍ ഒറ്റയടിക്ക് ഒരാളില്‍ നിന്ന് വാങ്ങിയാലല്ലേ ഈ നിബന്ധനകളെല്ലാം ബാധകം. പകരം 273 പ്രാവശ്യമായിട്ട് വാങ്ങിയാലോ. ഓരോ പ്രാവശ്യവും ഒരു ലക്ഷത്തില്‍ താഴെയല്ലേ ആകൂ. ഒറ്റയടിക്ക് തന്നെ വാങ്ങണ്ടാ, ഒരു കൊല്ലത്തിനകം വാങ്ങിയാല്‍ മതിയല്ലോ. മേല്പറഞ്ഞ ഒരു കല്പനയും, നിര്‍ദ്ദേശവും ബാധകമാക്കാതിരിക്കുകയും ചെയ്യാം. എല്ലാം കോര്‍പ്പറേഷനുള്ളീലെ മേലാളമ്മാരും, കീഴാളന്മാരും കൂടി അങ്ങ് തീരുമാനിച്ചാല്‍ മതി. അങ്ങനെതന്നെ ചെയ്യുകയും ചെയ്തു. ലാമ്പ് വാങ്ങി ഫിറ്റ് ചെയ്തു. തുകയും കൈമാറി. (എന്തൊക്കെ കൈമാറി എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ) ഏ.ജി. ഇതു കണ്ടു പിടിച്ചു.

പരിശോധിച്ച് കഴിഞ്ഞപ്പോള്‍ അക്കൌണ്ടന്റ് ജനറല്‍ പറയുന്നത് ഈ ചെയ്തത് മുഴുവന്‍ തെറ്റാണെന്നാണ്. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ മറികടക്കാന്‍ വേണ്ടി മനപ്പൂര്‍വം ചെയ്തതെന്നാണ്. ഒന്നിച്ച് വാങ്ങിയിരുന്നെങ്കില്‍, അതും ദേശീയ തലത്തിലുള്ള ഏതെങ്കിലും ഉല്പാദകരില്‍ നിന്നായിരുന്നെങ്കില്‍ , സര്‍ക്കാരിനു വളരെയധികം ലാഭമുണ്ടാകുമായിരുന്നുവെന്നും ഏ.ജി. പറഞ്ഞു വക്കുന്നു. പറയാനേ ഏ.ജിക്ക് അധികാരമുള്ളൂ. കൂടിപ്പോയാല്‍, സര്‍ക്കാരിനോടൊപ്പം, നമ്മുടെ ജനപ്രതിനിധികളേയും വിവരമറിയിക്കും. അതിലപ്പുറം ഏ.ജിക്ക് ഒന്നും ചെയ്യാനാകില്ല. പഞ്ഞമില്ലാത്ത ഉപദേശങ്ങള്‍ നല്‍കും.

ഏതായാലും അക്കൌണ്ടന്റ് ജനറല്‍ ഒരു കാര്യം കൂടി ചെയ്തു. ഒരു കൊല്ലം ഇങ്ങനെ ചെയ്തവര്‍ ഇതിനു മുമ്പും ഇതേപോലെ ചെയ്തു കാണുമെന്ന് ഊഹിച്ച് ഇതിനു മുമ്പത്തെ ഒരു മൂന്നു നാലുകൊല്ലത്തെ കണക്കു കൂടി പരിശോധിച്ചു. അവര്‍ കണ്ട കാര്യം താഴെ എഴുതിയിരിക്കുന്നു:

  • 2006-07 ല്‍ ഒരു ലക്ഷം രൂപയില്‍ താഴെ വിലവരുന്ന സോഡിയം വേപ്പര്‍ വിളക്കുകള്‍ 273 പ്രാവശ്യമായിട്ട് കൊച്ചിന്‍ കോര്‍പ്പറേഷനിലുള്ളീലെ ലോക്കല്‍ വിപണിയിലെ പലരില്‍ നിന്നുമായി 257 ലക്ഷം രൂപക്ക് വാങ്ങികൂട്ടി.
  • 2005-06 ല്‍ ഇതേ പോലെ 170 പ്രാവശ്യമായി 171.30 ലക്ഷം രൂപക്ക് വാങ്ങി.
  • 2004-05 ല്‍ ഇതേ പോലെ 263 പ്രാവശ്യമായി 270.61 ലക്ഷം രൂപക്ക് വാങ്ങി.
  • 2003-04 ല്‍ ഇതേ പോലെ 127 പ്രാവശ്യമായി 126.15 ലക്ഷം രൂപക്ക് വാങ്ങി.
  • 2002-03 ല്‍ ഇതേ പോലെ 111 പ്രാവശ്യമായി 108.48 ലക്ഷം രൂപക്ക് വാങ്ങി.

ഇതിനു മുന്നിലെ കാര്യങ്ങള്‍ ഏ.ജി നോക്കാന്‍ പോയില്ല. നോക്കിയ കാര്യങ്ങളില്‍ തന്നെ കുറേകാര്യങ്ങള്‍ കൂടി കണ്ടെത്തി.

  • പ്രാദേശിക വിപണിയില്‍ നിന്നാണ് വാങ്ങികൂട്ടിയതത്രയും
  • ആകെ 943 പ്രാവശ്യം വാങ്ങല്‍ നടത്തിയെങ്കിലും 2 ടെന്‍ഡറുകളില്‍ കൂടുതല്‍ വാങ്ങിയത് വെറും 7 കേസുകളിലാണ്.
  • അകെയുള്ളതില്‍ 920 കേസുകളില്‍ 2 ടെന്‍ഡറുകള്‍ വീതം വാങ്ങിയിരുന്നു.
  • ആകെയുള്ളതില്‍ 60 കേസുകളില്‍ ഓരോ ടെന്‍ഡര്‍ മാത്രം വാങ്ങി അവരില്‍ നിന്നും വിളക്കുകളും വാങ്ങി.

ഇനിപ്പറയുന്നത് കുറച്ചുകൂടി രസമുള്ള കാര്യമാണ്. ഈ അക്കൌണ്ടന്റ് ജനറലിന്റെ ഒരു കാര്യം. കൊച്ചിന്‍ കോര്‍പ്പറേഷനു തൊട്ടടുത്തുള്ള ആലുവ മുനിസിപ്പലിറ്റിയിലും ഇതേ അക്കൌണ്ടന്റ് ജനറലാണ് പരിശോധന നടത്തിയത്. അവിടെയും സോഡിയം വേപ്പര്‍ വിളക്കുകള്‍ വാങ്ങിയതിന്റെ വിശദവിവരങ്ങള്‍ കൊച്ചി പരിശോധിക്കാന്‍ പോയവരുടെ കൈയ്യിലുണ്ടായിരുന്നു. അതു വീണ്ടും പൊല്ലാപ്പായി. 70, 150, 250 വാട്ട് വിളക്കുകള്‍ രണ്ടു കൂട്ടരും വാങ്ങിയിട്ടുണ്ടായിരുന്നു. വാങ്ങിയ വിലകള്‍ ഇതായിരുന്നു:

  • 70 വാട്ട് - ഒരു വിളക്കിനു (ഫിറ്റിംഗ്സ് ഉള്‍പ്പടെയാണേ..) 2075 രൂപ നിരക്കില്‍ ആലുവക്കാര്‍ വാങ്ങിയപ്പോള്‍ 2560 രൂപ വച്ച് കൊച്ചിക്കാര്‍ 1222 എണ്ണം വാങ്ങി കൂട്ടി - നഷ്ടം =592670 രൂപാ മാത്രം.
  • 150 വാട്ട് - ഒരു വിളക്കിനു (ഫിറ്റിംഗ്സ് ഉള്‍പ്പടെയാണേ..) 2850 രൂപ നിരക്കില്‍ ആലുവക്കാര്‍ വാങ്ങിയപ്പോള്‍ 4135 രൂപ വച്ച് കൊച്ചിക്കാര്‍ 2938 എണ്ണം വാങ്ങി കൂട്ടി - നഷ്ടം =3775330 രൂപാ മാത്രം.
  • 250 വാട്ട് - ഒരു വിളക്കിനു (ഫിറ്റിംഗ്സ് ഉള്‍പ്പടെയാണേ..) 3090 രൂപ നിരക്കില്‍ ആലുവക്കാര്‍ വാങ്ങിയപ്പോള്‍ 4655 രൂപ വച്ച് കൊച്ചിക്കാര്‍ 107 എണ്ണം വാങ്ങി കൂട്ടി - നഷ്ടം =167455 രൂപാ മാത്രം.
  • ആകെ നഷ്ടം = 45,35,455 രൂപാ മാത്രം.

സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, കൊച്ചി കോര്‍പ്പറേഷനു വേണ്ടി സര്‍ക്കാര്‍ അക്കൌണ്ടന്റ് ജനറലിനോട് മറുപടിപറഞ്ഞത്, കൊച്ചിക്കാര്‍ വാങ്ങിയത് quality കൂടിയ വിളക്കുകളാണെന്നാണ്. വീണ്ടും പരിശോധിച്ചു. രണ്ടു പേരും വാങ്ങിയത് ജി.ഇ., ഹാവെല്‍‌സ് തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളുടെ ഉപകരണങ്ങളാണ്. കൊച്ചിയിലെ റീട്ടെയില്‍ സ്ഥാപനങ്ങള്‍ക്ക് മാത്രമായി ഈ കമ്പനികള്‍ quality കൂടിയ വിളക്കുകള്‍ നിര്‍മ്മിച്ചു നല്‍കിയോ എന്നു പരിശോധിച്ചു കൊണ്ടിരിക്കുന്നത് കൊണ്ടാകണം പിന്നീടുള്ള സര്‍ക്കാരിന്റെ മൌനം. ഏതായാലും സര്‍ക്കാരിനുണ്ടായ നഷ്ടം നികത്താനുള്ള നടപടിയൊന്നും ഇതുവരെ ഉണ്ടായില്ല. ഉണ്ടാകുമെന്നു പ്രതീക്ഷയും വേണ്ട.

[തീര്‍ന്നില്ലാ..... ഇനിയും വരുന്നുണ്ട്.]

Saturday, October 11, 2008

ഇലനക്കി പട്ടിയുടെ ചിറിനക്കി പട്ടികള്‍:- ആലപ്പുഴ ആറാട്ടുപുഴ പഞ്ചായത്ത്‍

സുനാമി. ഈ പേര് കേള്‍ക്കാത്തവര്‍ കേരളത്തില്‍ ചുരുക്കം. ആലപ്പുഴ കടലോര പ്രദേശങ്ങളില്‍ സുനാമി ഉണ്ടാക്കിയ നാശനഷ്ടങ്ങളെപറ്റി അറിയാത്തവരും ചുരുക്കം. വള്ളവും വലയും വീടും മറ്റു ജംഗമവസ്തുക്കളും നഷ്ടപ്പെട്ട് ഒരു നേരത്തെ ആഹാരം പോലും കിട്ടാതെ കഷ്ടപ്പെട്ടിരുന്ന ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ അന്നത്തെ ജനങ്ങളുടെ പിച്ചചട്ടിയില്‍ കൈയ്യിട്ട് വാരിയ പഞ്ചായത്തു ഭരണാധികാരികളെ ചിറിനക്കി പട്ടികള്‍
എന്നല്ലാതെ വേറെ വിളിക്കാന്‍ പറ്റിയ വാക്കുകള്‍ കിട്ടുന്നില്ല.

ചിറിനക്കി പട്ടികളായ പഞ്ചായത്തു ഭരണക്കാര്‍ വെട്ടിച്ചത് ഒന്നും രണ്ടും രൂപയല്ല, 28.79 ലക്ഷം വിലവരുന്ന 349.65 മെട്രിക്ക് ടണ്‍ ഭക്ഷ്യധാന്യമാണ്. എല്ലാം നഷ്ടപ്പെട്ട സുനാമി ബാധിതര്‍ക്ക് വിശപ്പടക്കാനായി ഭരണകൂടം കൊടുത്തയച്ചതാണിത്. ഇനിയിതെങ്ങനെ അടിച്ചുമാറ്റി എന്നു വായിക്കൂ:

സുനാമിയില്‍, ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ റോഡുകളില്‍ ഭൂരിഭാഗവും നശിച്ചു. ആ റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനു സുനാമി ബാധിതരെ ഉപയോഗപ്പെടുത്തിയാല്‍ റോഡും ശരിയാക്കിയെടുക്കാം, ഏല്ലാം നഷ്ടപ്പെട്ട കുറേപേര്‍ക്ക് തൊഴില്‍ ചെയ്തതിനു പകരമായി കൂലിയും നല്‍കാം. ഇതായിരുന്നു സര്‍ക്കാരിന്റെ ചിന്ത. ചാകര വരുന്നു എന്നു മനസ്സിലാക്കിയതു കൊണ്ടാകണം, ആറാട്ടുപുഴ പഞ്ചായത്തുകാര്‍ അവിടെയുള്ള റോഡുകള്‍
പുനര്‍നിര്‍മ്മിക്കാനായി 12 പദ്ധതികള്‍ക്ക് 2005 ആഗസ്റ്റ്, നവമ്പര്‍ മാസങ്ങളില്‍ രൂപം കൊടുത്തു. എല്ലാം കൂടി 60.63 ലക്ഷം രൂപയുടെ മൊത്ത അടങ്കല്‍ വരുന്ന 12 പദ്ധതിക്ക് ആലപ്പുഴ ജില്ലാ ഗ്രാമവികസന ഏജന്‍സി ഉടന്‍ തന്നെ ഭരണാനുമതിയും നല്‍കി.

ഈ തുകയില്‍ 31.84 ലക്ഷം രൂപ പണമായും 28.79 ലക്ഷം രൂപ ഭക്ഷ്യധാന്യ വിഹിതമായും ആയിരുന്നു നല്‍കിയത്. സുനാമിയില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്ത് ‘ഗുണഭോക്ത സമിതി’കളുണ്ടാക്കി, ആ സമിതികളുമായാണ് മേല്‍പ്പറഞ്ഞ റോഡ് പണി ചെയ്യുവാന്‍ 2005 ഒക്ടോബര്‍, നവമ്പര്‍ മാസങ്ങളില്‍ തന്നെ കരാര്‍ ഉറപ്പിച്ചത്. ഉടന്‍ തന്നെ ആലപ്പുഴ ഡി.ആര്‍.ഡി.എ പ്രോജക്ട് ഓഫീസര്‍ ഫുഡ് കോര്‍പ്പറേഷന്റെ ആലപ്പുഴ
ഡിപ്പോയില്‍ നിന്നും അവശ്യം വേണ്ട 349.65 മെട്രിക്ക് ടണ്‍ അരി എടുക്കുന്നതിനുള്ള അധികാരപത്രവും പഞ്ചായത്തു സെക്രട്ടറിക്കു നല്‍കി.

ഈ അധികാരപത്രം രണ്ടായിട്ടാണ് നല്‍കിയത്. എട്ടു പ്രവര്‍ത്തികള്‍ക്കു വേണ്ടിയുള്ള 103.70 മെട്രിക് ടണ്‍ ഭക്ഷ്യധാന്യത്തിനു ഒന്നും, ബാക്കിയുള്ള 4 പ്രവര്‍ത്തികള്‍ക്ക് വേണ്ടിയുള്ള 245.95 മെട്രിക് ടണ്‍ ഭക്ഷ്യധാന്യത്തിനു വേണ്ടി മറ്റൊന്നും. ഈ അധികാരപത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത്, മുഴുവന്‍ അളവ് (349.65 മെട്രിക് ടണ്‍) അരിയും 2005 നവമ്പറില്‍ തന്നെ ഏറ്റെടുക്കുകയും ചെയ്തു. ഇതു വരെ സംഗതികളെല്ലാം ക്ലീന്‍ . എന്തൊരാത്മാര്‍ത്ഥത!!.

ഈ ഭക്ഷ്യധാന്യങ്ങളെല്ലാം ഗുണഭോക്താക്കള്‍ക്കെത്തിക്കാനായി ഓരോ‍രോ കണ്‍‌വീനര്‍മാരെ തീരുമാനിച്ചതോടെയാണ് പ്രശ്നം തുടങ്ങുന്നത്. പഞ്ചായത്തു
ഭരണസമിതി തന്നെയാണ് ഈ ക്ണ്‍‌വീനര്‍മാരെ കണ്ടെത്തിയത്. ഇതില്‍ 235.95 മെട്രിക് ടണ്‍ അരി നാലു പ്രവര്‍ത്തികളുടെ കണ്‍‌വീനര്‍മാരെ 2005 നവമ്പര്‍ 30 നു ഏല്‍പ്പിച്ചു. പാവപ്പെട്ട സുനാമി ബാധിതര്‍ ഇതൊന്നും അറിയുന്നേയില്ല. ഇതൊന്നും ശ്രദ്ധിച്ചില്ലെന്നു പറയുന്നതാവും ശരി. കാരണം, പല ശ്രോതസ്സുകളില്‍ നിന്നും ദുരിതാശ്വാസങ്ങള്‍ അവര്‍ക്ക് കിട്ടിക്കൊണ്ടിരുന്നു.

റോഡ് പണി തുടങ്ങിയാലല്ലേ കൂലിയായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യേണ്ടതുള്ളൂ. കണ്‍‌വീനര്‍മാര്‍ റോഡ് പണി തുടങ്ങിയതേ ഇല്ല. മെട്രിക്ക് ടണ്ണിനു 13,837 രൂപ പ്രകാരം 34.03 ലക്ഷം രൂപക്കുള്ള 245.95 മെട്രിക് ടണ്‍ അരി എന്തു ചെയ്തുവെന്നതിനു രേഖകളൊന്നും ഇല്ല. രണ്ടു കൊല്ലം കഴിഞ്ഞപ്പോഴും റോഡ് പണിയൊന്നും തുടങ്ങാത്തപ്പോഴാണ് അന്വേഷണം തുടങ്ങിയത് (പുതിയ ഭരണ സമിതിയായിരിക്കണം!). അക്കൌണ്ടന്റ് ജനറലും പരിശോധനക്കെത്തി.

പമ്പ് ഹൌസ്സ് കവല മുതല്‍ ലക്ഷ്മി ഹൌസ്സ് കവലവരെയുള്ള റോഡിന്റെ നിര്‍മ്മാണം 2005 ഒക്ടോബര്‍ 5 നു ഏല്‍പ്പിച്ചിരുന്ന കണ്‍‌വീനര്‍മാരില്‍ ഒരാള്‍ ഒന്‍‌പതു വര്‍ഷം മുമ്പ് 1996 ഡിസമ്പര്‍ 14-നു അന്തരിച്ച വ്യക്തിയായിരുന്നുവെന്ന് പരിശോധനയില്‍ കണ്ടുപിടിച്ചു. ഇതിനര്‍ത്ഥം ഇതു മുഴുവന്‍ വെട്ടിക്കണമെന്നു മുന്‍‌കൂര്‍ പദ്ധതിയിട്ടിരുന്നു എന്നുതന്നെയല്ലേ. നാലു കണ്‍‌വീനര്‍മാരെ ഏല്‍പ്പിച്ചത് 245.95 മെട്രിക്ക് ടണ്‍ അരിയാണ്. ബാക്കി കിട്ടിയ 103.70 മെട്രിക്ക് ടണ്‍ അരി പഞ്ചായത്തിന്റെ സ്റ്റോക്കിലും ഏടുത്തിട്ടില്ല, ആര്‍ക്കുമൊട്ട് വിതരണം ചെയ്തിട്ടുമില്ല. ചുരുക്കത്തില്‍ കിട്ടിയ മുഴുവന്‍ അരിയും (349.65 മെട്രിക് ടണ്‍) എല്ലാരുംകൂടി കടത്തി പുട്ടടിച്ചു. പിന്നീടുള്ള പരിശോധനയില്‍ മനസ്സിലായത് ഈ 103.70 മെട്രിക്ക് ടണ്‍ അരി (14.35 ലക്ഷം രൂപ) അടിച്ചു മാറ്റിയത് പഞ്ചായത്ത് ഓഫീസ്സിലെ തന്ന ഒരു ക്ലാര്‍ക്കായിരുന്നു. കണ്‍‌വീനര്‍മാക്ക് ഈ ക്ല്ലാര്‍ക്ക് ചെയ്ത സഹായത്തിനു
പ്രത്യോപകാരമായിരിക്കണം ഇത്. ഏതായാലും അയാളിപ്പോള്‍ സസ്പെന്‍ഷനിലാണ്. സ്റ്റോക്കില്‍ എടുക്കാതിരുന്നതുകൊണ്ട് അതിനെപറ്റി അന്വഷിച്ചു കണ്ടുപിടിച്ചു. സ്റ്റോക്കിലെടുത്തിട്ട് കണ്‍‌വീനര്‍മാര്‍ക്ക് വീതിച്ചു കൊടുത്തതായി രേഖപ്പെടുത്തിയ ഭക്ഷ്യധാന്യം എവിടെപ്പോയി എന്നറിയാന്‍ മാര്‍ഗ്ഗമില്ല. കണ്‍‌വീനര്‍മാര്‍ അതിന്റെ കണക്കു വച്ചാലല്ലേ കണ്ടുപിടിക്കൂ.

2006 സെപ്റ്റമ്പറില്‍ ഗ്രാമ പഞ്ചായത്ത് നല്‍കിയ നോട്ടിസ്സ് ലഭിച്ച കണ്‍‌വീനര്‍മാരില്‍ ഒരാള്‍ നോട്ടീസ്സില്‍ പറയുന്നതു പോലെ തനിക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കിയിട്ടില്ല എന്ന പരാതിയുമായി 2006 സെപ്റ്റമ്പര്‍ 28 നു ഓംബുഡ്സ്മാനെ സമീപിച്ചപ്പോള്‍ മാത്രമാണ് ക്ലാര്‍ക്കിന്റെ ഈ കൃത്രിമം വെളിയില്‍ വന്നത്.

ഇതാണ് വായനക്കാരേ ജനകീയാസൂത്രണം.

ഒരാള്‍ക്കെതിരെ നടപടിയെടുത്തതു കൊണ്ടായോ. സര്‍ക്കാരിനുണ്ടായ നഷ്ടം നികത്തണ്ടേ. അതുകൊണ്ടാണ് ഇക്കാര്യങ്ങളെല്ലാം അക്കൌണ്ടന്റ് ജനറല്‍ 2007 ഡിസമ്പറില്‍ സര്‍ക്കാരിനെ അറിയിച്ചത്. നാളിതുവരെ മറുപടിയോ, നടപടിയോ ഇല്ല.

ആധാരം: സി.ഏ.ജി. റിപ്പോര്‍ട്ട്.

[തീര്‍ന്നില്ലാ, ഇനിയും വരുന്നുണ്ട് ഇതുപോലത്തെ അഴിമതി കഥകളുമായി.]

Wednesday, October 8, 2008

പഞ്ചായത്തിലെ തട്ടിപ്പുകള്‍ - ഭാഗം ഒന്നു

കരാറുകാരെ സഹായിക്കുന്നത് പലവിധത്തിലാണ്. അതിലൊരു വിധം എങ്ങനെയെന്നാണ് ഇവിടെ വിവരിക്കുന്നത്.

ഒന്നു മനസ്സിരുത്തി വായിച്ചാലേ ഇതിലെ ഗുട്ടന്‍സ് മനസ്സിലാകൂ.

‘അടങ്കല്‍’ എന്ന വാക്കു കരാര്‍ പണി ചെയ്യുന്നവര്‍ക്ക് സുപരിചതം. പൊതുമരാമത്തു പണി ചെയ്യിപ്പിക്കുന്ന ഏമാന്മാര്‍ക്കും സുപരിചിതം. എന്നാല്‍ സര്‍ക്കാരിനു വേണ്ടി പൊതുമരാമത്ത് പണി ചെയ്യിക്കുമ്പോള്‍ ‘അടങ്കല്‍’ എന്ന വാക്കിനു ചില പ്രത്യേക അര്‍ത്ഥങ്ങള്‍ നിയമാനുസൃതമായി ഉണ്ടാകുന്നു. അതെന്തെന്നു മനസ്സിലായാല്‍ ഇവിടെ വിവരിക്കുന്ന അഴിമതിയെന്തെന്നും മനസ്സിലാകും.

ഒരു മരാമത്ത് പണി ചെയ്തു തീര്‍ക്കുവാന്‍ വേണ്ടി വരുന്ന ആകെ ചെലവ് കണക്കാക്കി അതിനെ ‘അടങ്കല്‍’ തുക എന്നു വിളിക്കുന്നു. റോഡ് പണി നടത്തുവാന്‍ അവശ്യം വേണ്ടുന്ന ഒരു ഘടകമാണ് ടാര്‍ അഥവാ കീല്‍. ഈ സാധനം വിപണിയില്‍ നിന്നും ആര്‍ക്കും വാങ്ങാവുന്ന ഒന്നല്ല. ഒന്നുകില്‍ സര്‍ക്കാര്‍ നേരിട്ട് നല്‍കും എന്നിട്ട് അതിന്റെ വിപണിവില കരാറുകാരനില്‍ നിന്നും ഈടാക്കും, അല്ലെങ്കില്‍ ഉല്പാദകരില്‍ നിന്നും വാങ്ങികൊള്ളാന്‍ സര്‍ക്കാരില്‍ നിന്നും പ്രതേക അനുമതി പത്രം നല്‍കും. സര്‍ക്കാരായാലും, കരാറുകാരനായാലും ടാര്‍ ഉല്പാദകന് വാങ്ങുമ്പോഴുള്ള വിപണിവിലയാണ് നല്‍കേണ്ടത്.

മരാമത്ത് പണികള്‍ ചെയ്യുവാന്‍ വേണ്ടി പരസ്യപ്പെടുത്തുമ്പോള്‍ ആ പണി ചെയ്തു തീര്‍ക്കുവാന്‍ വേണ്ടിവരുന്ന ‘അടങ്കല്‍’ തുക കൂടി സര്‍ക്കാര്‍ കണക്കാക്കി പരസ്യപ്പെടുത്തുന്നു. റോഡു പണിയാണെങ്കില്‍ ആ പണിക്കുപയോഗിക്കേണ്ടിവരുന്ന ടാറിന്റെ വിലയും ഉള്‍പ്പെടുത്തിയുള്ളതാണല്ലോ ‘അടങ്കല്‍’ തുക. ടാറിന്റെ വിലയെത്രയെന്നു പൊതുമരാമത്തു വകുപ്പ് കാലാകാലങ്ങളില്‍ പ്രസിദ്ധപ്പെടുത്തുന്നു. വിപണിയില്‍ അപ്പപ്പോള്‍ ഉണ്ടാകുന്ന വിലമാറ്റം ഉടന്‍ തന്നെ പ്രസിദ്ധപ്പെടുത്തുന്നത് പ്രായോഗികമല്ല. അതുകൊണ്ട് ‘അടങ്കല്‍’ തുക കണക്കാക്കിയിരിക്കുന്നത് ടാറിന്റെ യഥാര്‍ത്ഥ വിപണി വിലയേക്കാല്‍ കുറവായ (സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്) വിലയാണെങ്കില്‍, കരാര്‍ തുകയില്‍ നിന്നും ടാറിന്റെ വിപണിവില കുറവുചെയ്തിട്ട് ബാക്കിയേ കരാര്‍ കാരനു നല്‍കേണ്ടതുള്ളൂ എന്നതാണ് നിയമപ്രകാരമുള്ള കീഴ്വഴക്കം. കാരണം, ടാര്‍ ഉല്പാദകനു സര്‍ക്കാര്‍ നല്‍കേണ്ടത് വിപണിവിലയാണ്, ‘അടങ്കല്‍’ തുകയില്‍ ഉള്‍പ്പെടുത്തിയ വിലയല്ല. കരാറുകാരന്‍ ഉല്പാദകരില്‍ നിന്നും നേരിട്ട് വാങ്ങിയിരുന്നെങ്കിലും അവര്‍ നല്‍കേണ്ടത് വിപണിവിലയാണല്ലോ.

ഈ വിലവിത്യാസം നേരത്തേ അറിയാവുന്ന കരാറുകാര്‍ ‘അടങ്കല്‍’ തുകയെക്കാള്‍ ഇത്ര ശതമാനം കൂട്ടി പണിതീര്‍ത്തു തരാമെന്ന് രേഖപ്പെടുത്താറാണ് പതിവ്. അങ്ങനെയാണ് ചെയ്യേണ്ടതും. പണി പൂര്‍ത്തിയാകുമ്പോള്‍ ‘കരാര്‍ തുക’ യില്‍ നിന്നും ടാറിനു വേണ്ടി സര്‍ക്കാര്‍ ടാര്‍ ഉല്പാദകര്‍ക്ക് നല്‍കിയ വിപണിവില കുറച്ച് ബാക്കി കരാറുകാരനു നല്‍കി ഇടപാട് തീര്‍ക്കുന്നു.

ഇത്രയും മനസ്സിലായെങ്കില്‍ ഇനിപ്പറയുന്ന വെട്ടിപ്പും മനസ്സിലാകും.

അഞ്ചല്‍, ചെങ്ങന്നൂര്‍ എന്നീ ബ്ലോക്ക് പഞ്ചായത്തുകള്‍ റോഡ് പണികള്‍ നടത്തിയതിലാണ് ഈ വെട്ടിപ്പ് കണ്ടു പിടിച്ചതു.

1. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത്, ഉണക്കത്തോട്-ആനക്കുളം റോഡ് പണി നടത്തിയതിനു ചെലവാക്കിയ 31.27 ലക്ഷം രൂപയില്‍ 90000 രൂപ മേല്‍ വിവരിച്ച ടാറിന്റെ വിലവിത്യാസവും ഉള്‍പ്പെട്ടിരുന്നു. ഇതും കരാറുകാരനില്‍ നിന്നും പിടിക്കുന്നതിനു പകരം, അടങ്കല്‍ തുകയില്‍ ഉള്‍പ്പെടുത്തിയ ടാറിന്റെ കുറഞ്ഞ വില മാത്രമേ തിരിച്ചു പിടിച്ചൊള്ളൂ. ഒറ്റ നോട്ടത്തില്‍ സര്‍ക്കാര്‍ നല്‍കിയ ടാറിന്റെ വില തിരിച്ചു പിടിച്ചതായി തോന്നാം. എന്നാല്‍, 90000 രൂപ കുറച്ച് പിടിച്ച് കരാറുകാരനു നേട്ടം ഉണ്ടാക്കി കൊടുത്തത് ആഴ്ന്ന് ഇറങ്ങി ചെന്നാലേ തിരിച്ചറിയൂ. അക്കൌണ്ടന്റ് ജനറലിന്റെ പരിശോധനയില്‍ കണ്ടു പിടിച്ചപ്പോള്‍, ആര്‍ക്കും ഒരു മറുപടിയും തരാനില്ല.

2. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ തന്നെ മറ്റൊന്നാണ് മണലില്‍-എറച്ചിക്കല്‍ റോഡ് പണി. കരാറുകാരനു കൊടുത്തു തീര്‍ത്ത 63.22 ലക്ഷം രൂപയില്‍ ടാറിന്റെ വിലവിത്യാസമായ 2.09 ലക്ഷം രൂപ കൂടി തിരിച്ച് പിടിക്കാതെ നേട്ടം ഉണ്ടാക്കി കൊടുത്തു. കാരണം ചോദിച്ചപ്പോള്‍, മറുപടിയില്ല.

3. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലും നടന്നു ഇതേ പോലൊരു തിരിമറി. മാന്തുക - റീത്തുപള്ളി പുത്തന്‍‌കണ്ടം റോഡാണ് പണി. കരാറുകാരനു കൊടുത്ത് തീര്‍ത്തത് 33.92 ലക്ഷം രൂപ. ടാറിന്റെ വിലവിത്യാസമായ 2.94 ലക്ഷം രൂപ തിരിച്ചു പിടിക്കാതെ കണ്ണടച്ചു.

അങ്ങനെ സര്‍ക്കാര്‍ ഖജനാവിലേക്ക് ചെല്ലേണ്ട 5.93 ലക്ഷം രൂപ ഗോപി.

വിവരാവകാശപ്രകാരം ആവശ്യപ്പെട്ടാല്‍ ഈ പോസ്റ്റിന്റെ അവസാനഭാഗത്ത് പറഞ്ഞിരിക്കുന്ന റോഡ് പണിയുടെ വിശദാംശങ്ങളേ ലഭ്യമാക്കൂ. അതു പരിശോധിച്ച് ഖജനാവ് നഷ്ടം ഉണ്ടായതെങ്ങനെയെന്നറിയണമെങ്കില്‍ ബന്ധപ്പെട്ട സര്‍ക്കാരുദ്ദ്യോഗസ്ഥരോ, കരാറുകാരോ സഹായിക്കണം. അതുണ്ടാകാത്തതുകൊണ്ട്, മാധ്യമ സുഹൃത്തുക്കള്‍ക്ക് ഈ വിവരം ലഭ്യമാക്കിയാലും അവര്‍ക്കിത് പൊതിയാതേങ്ങയാണ്.

അറുബോറാണ് ഈ പോസ്റ്റൊന്നു വായിച്ച് മനസ്സിലാക്കാനെന്നറിഞ്ഞു കൊണ്ടു തന്നെ, ഞാന്‍ ഇത് പോസ്റ്റുന്നു.

Monday, September 29, 2008

തൊഴിലുറപ്പ് പദ്ധതി - 2 : കൂടുതല്‍ ഉള്ളറക്കഥകള്‍

തൊഴിലുറപ്പ് പദ്ധതിയും തദ്ദേശസ്വയംഭരണവും - തുടരുന്നു...

2008 ഏപ്രില്‍ മുതല്‍ സംസ്ഥാനം മുഴുവന്‍ നടപ്പിലാക്കിയ ഒരു പദ്ധതിയാണിത്. ഇതിന്റെ ഒന്നാം ഭാഗം വായിച്ച് വരുന്നവര്‍ക്ക് കൂടുതല്‍ മനസ്സിലാകും. ഒരു മാധ്യമത്തില്‍ കൂടിയും കിട്ടാത്ത വിവരങ്ങളാണ് ഞാനിവിടെ ശേഖരിച്ച് നിരത്തിയിരിക്കുന്നത്.

ജനപങ്കാളിത്തം
.
നിയമത്തിലെ വ്യവസ്ഥകള്‍ വിശദീകരിക്കുന്നതിനും രജിസ്ട്രേഷനുള്ള അപേക്ഷകള്‍ സ്വരൂപിക്കുന്നതിനും പരിശോധന നടത്തുന്നതിനും നിയമം നടപ്പായപ്പോള്‍ ഗ്രാമസഭ വിളിച്ചു ചേര്‍ക്കണമെന്നത് നിര്‍ബന്ധമായിരുന്നു. പാലക്കാട് ജില്ലയില്‍ ഒരിടത്തും അതു നടന്നില്ല. തല്‍ഫലമായി പദ്ധതിയുടെ പ്രയോജനത്തെ പറ്റി ഗുണഭോക്താക്കള്‍ക്ക് അറിയാനും കഴിഞ്ഞില്ല.

വീടുവീടാന്തരമുള്ള സര്‍വ്വേ നടത്തിയതേയില്ല.
പദ്ധതിയെപറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്യാന്‍ സന്നദ്ധരായവരെ കണ്ടുപിടിക്കുന്നതിനും ഗ്രാമപഞ്ചായത്തു പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വാര്‍ഡ് മെമ്പര്‍മാര്‍ , പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ , സ്ത്രീകള്‍ , ഗ്രാമതലത്തിലുള്ള ഒരു സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥന്‍ , പഞ്ചായത്ത് സെക്രട്ടറി എന്നിവരടങ്ങുന്ന ഒരു സംഘം വീടുവീടാന്തരം ഒരു സര്‍വ്വേ നടത്തണമെന്നായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്. അങ്ങനെയൊരു സര്‍വ്വേ 16 ഗ്രാമപഞ്ചായത്തുകള്‍ പരിശോധിച്ചതില്‍ മൂന്നെണ്ണത്തില്‍ മാത്രമേ നടത്തിയുള്ളൂ. പദ്ധതികൊണ്ടുള്ള പ്രയോജനത്തെപറ്റി ജനങ്ങള്‍ക്ക് വേണ്ട അറിവു ലഭിക്കാതിരിക്കുന്നതിനു ഇതു കാരണമായി. തൊഴില്‍ ആവശ്യപ്പെടുന്നവര്‍ ഉണ്ടാകാതെപോയി എന്നതായി ഫലം.

രജിസ്ട്രേഷനുള്ള അപേക്ഷ.
സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള ഫാറത്തില്‍ ഈ പദ്ധതിയിന്‍ കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷ ഗ്രാമപഞ്ചായത്തിനു നല്‍കണം. വാക്കാലുള്ള അപേക്ഷപോലും സ്വീകരിക്കണം. അത്ര ലഘുവാണ് നടപടിക്രമങ്ങള്‍. അപേക്ഷ ലഭിച്ചുകഴിഞ്ഞ് രണ്ടാഴ്ചക്കുള്ളില്‍ ഗ്രാമപഞ്ചായത്ത് അപേക്ഷ പരിശോധിക്കുകയും കുടുമ്പത്തെ രജിസ്റ്റര്‍ ചെയ്യുകയും വേണം. പാലക്കാടും വയനാടും ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത കുടുമ്പാംഗങ്ങളുടെ എണ്ണം യഥാക്രമം 166200 -ം 101444 -ം , അത് ആ ജില്ലകളിലെ ആകെ ഗ്രാമീണ കുടുമ്പങ്ങളുടെ 36% -ം 63% -ം ആയിരുന്നു.

രജിസ്ട്രേഷനില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം.
പദ്ധതിയനുസരിച്ച വര്‍ഷത്തിലെ എല്ലാ ദിവസവും രജിസ്റ്റര്‍ ചെയ്യാമെന്നിരിക്കേ , ഗ്രാമവികസന കമ്മീഷ്ണര്‍ 2006 ഫെബ്രുവരി 2 നും 16 നും മദ്ധ്യേ അപേക്ഷകള്‍ സ്വീകരിക്കുവാനാണ് ജില്ലാ പ്രൊഗ്രാം കോ-ഓര്‍ഡിനേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഈ നിര്‍ദ്ദേശമനുസരിച്ച പാലക്കാട് ജില്ലയില്‍ അപേക്ഷകള്‍ സ്വീകരിച്ചത് ഈ ദിവസങ്ങളില്‍ മാത്രമായിരുന്നപ്പോള്‍ വയനാട്ടില്‍ വര്‍ഷം മുഴുവനും അപേക്ഷ സ്വീകരിച്ചു. പിന്നീട് പാലക്കാട് ജില്ലയില്‍ 2006 സെപ്റ്റമ്പര്‍ മുതലാണ് തുടര്‍ച്ചയായി രജിസ്ട്രേഷന്‍ പുനരാരംഭിച്ചത്. ഇതു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമായതു കൂടാതെ നിയമം ഉറപ്പു നല്‍കുന്ന ഗുണഫലങ്ങള്‍ അനുഭവിക്കുന്നതില്‍ നിന്നും അര്‍ഹരായ ഗുണഭോക്താക്കളെ തടയുകയും ചെയ്തു.

രജിസ്റ്റര്‍ ചെയ്ത എല്ലാ കുടുമ്പങ്ങള്‍ക്കും തൊഴില്‍ കാര്‍ഡുകള്‍ നല്‍കിയില്ല.
അപേക്ഷ ലഭിച്ച് രണ്ടാഴ്ചക്കകം ഗ്രാമപഞ്ചായത്തുകള്‍ രജിസ്റ്റര്‍ ചെയ്ത കുടുമ്പത്തിനു തൊഴില്‍ കാര്‍ഡ് നല്‍കണമായിരുന്നു. ക്രിത്രിമങ്ങളില്‍ നിന്നും തൊഴിലാളികളെ രക്ഷിക്കുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനും ഉള്ള ഒരു നിര്‍ണ്ണായക നിയമരേഖയാണ് തൊഴില്‍കാര്‍ഡ്. ഫോട്ടോയുള്‍പ്പടെ തൊഴില്‍കാര്‍ഡിന്റെ ചെലവ് പദ്ധതിയുടെ ഭാഗമായി വഹിക്കണമായിരുന്നു. പക്ഷേ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത എല്ലാ കുടുമ്പങ്ങള്‍ക്കും തൊഴില്‍ കാര്‍ഡ് നല്‍കിയില്ല. ആകെ രജിസ്റ്റര്‍ ചെയ്ത 267614 കുടുമ്പങ്ങളില്‍ 213840 കുടുമ്പങ്ങള്‍ക്ക് മാത്രമാണ് തൊഴില്‍ കാര്‍ഡ് നല്‍കിയത്.

പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാരല്ലാത്ത രജിസ്റ്റര്‍ ചെയ്ത കുടുമ്പങ്ങളോട് തൊഴില്‍ കാര്‍ഡില്‍ പതിക്കുന്നതിനുവേണ്ടി ഫോട്ടോകള്‍ അവരവരുടെ ചെലവില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചത് വയനാട്ടില്‍ കാര്‍ഡുകള്‍ തയ്യാറാക്കാന്‍ കാലതാമസത്തിനിടയാക്കി. ഫോട്ടോ എടുക്കുന്നതിനു പണം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ കുടുമ്പങ്ങള്‍ക്ക് തൊഴില്‍കാര്‍ഡ് ലഭിച്ചതുമില്ല. ഈ നടപടി ക്രമരഹിതമായിരുന്നു.

തൊഴില്‍ കാര്‍ഡിന്റെ കാലാവധി, നല്‍കിയ തീയതി, കുടുമ്പാഗംങ്ങളുടെ ഒപ്പ്/വിരലടയാളം എന്നിവ തൊഴില്‍ കാര്‍ഡുകളില്‍ പലതിലും രേഖപ്പെടുത്താത്തതുകൊണ്ട് , ക്രിത്രിമം തടയുംക സുതാര്യത ഉറപ്പ് വരുത്തുക മുതലായവ അസാധ്യമായിരുന്നു.

തൊഴില്‍ ആവശ്യപ്പെടലും നല്‍കലും.
ഗ്രാമപഞ്ചായത്തില്‍ ജോലി ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ സമര്‍പ്പിക്കുന്ന തൊഴില്‍ കാര്‍ഡ് ഉടമകള്‍ തൊഴില്‍ ലഭിക്കുന്നതിനു അര്‍ഹരാണ്. തൊഴില്‍ കാര്‍ഡിന്റെ രജിസ്ട്രേഷന്‍ നമ്പര്‍, എന്നുമുതലാണ് തൊഴില്‍ ആവശ്യമുള്ളത്, എത്ര ദിവസം തൊഴില്‍ ചെയ്യാന്‍ സന്നദ്ധമാണ് എന്നീ വിവരങ്ങള്‍ അപേക്ഷയില്‍ ഉണ്ടായിരിക്കണം. ഒരു വര്‍ഷത്തില്‍ വിവിധ ഘട്ടങ്ങളിലായി പല ദിവസങ്ങളില്‍ തൊഴില്‍ ലഭിക്കാന്‍ ഒരൊറ്റ അപേക്ഷ മതിയാകും. അപേക്ഷ ലഭിച്ചു എന്നതിനു തെളിവായി തീയതി വച്ച ഒരു രസീത് അപേക്ഷകനു നല്‍കണം. തൊഴില്‍ ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷിച്ച തീയതി മുതല്‍ 15 ദിവസത്തിനകം അപേക്ഷര്‍ക്ക തൊഴില്‍ നല്‍കാന്‍ ഗ്രാമപഞ്ചായത്ത് ബാദ്ധ്യസ്ഥരാണ്. ഒരു ഗ്രാമ പഞ്ചായത്തിനു തൊഴില്‍ നല്‍കാന്‍ കഴിയാതെ വന്നാല്‍ , കാര്‍ഡ് ഉടമക്ക് ജോലി കൊടുക്കാനുള്ള ചുമതല പ്രോഗ്രാം ഓഫീസര്‍ക്കാണ്. ഈ ഓഫീസര്‍ തൊഴില്‍ നല്‍കാന്‍ പരാജയപ്പെടുകയാണെങ്കില്‍ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ തൊഴില്‍ നല്‍കുന്നതിനു വേണ്ടി ഇടപെടണം. മറിച്ച്, ഗ്രാമ പഞ്ചായത്തോ, പ്രോഗ്രാം ഓഫീസറോ നിര്‍ദ്ദേശിക്കുന്ന വിധത്തില്‍ നിയമത്തില്‍ അനുശാസിക്കുന്ന തൊഴില്‍ ചെയ്യാന്‍ അപേക്ഷകനും ബാദ്ധ്യസ്ഥനാണ്.

ഇത്തരത്തില്‍ തൊഴില്‍ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍, ആ കുടുമ്പത്തിനു തൊഴിലില്ലായ്മാ ബത്ത നല്‍കേണ്ടി വരുന്നു. ഈ ബത്ത കേന്ദ്രം തരില്ല, സംസ്ഥാനം വഹിക്കണം.

ഭൂരിഭാഗം തൊഴില്‍ കാര്‍ഡ് ഉടമകള്‍ തൊഴിലിനു വേണ്ടി അപേക്ഷിച്ചില്ല.
സംസ്ഥാനത്തെ 213840 തൊഴില്‍കാര്‍ഡ് ഉടമകളില്‍ 104920 പേര്‍ മാത്രമാണ് തൊഴില്‍ ആവശ്യപ്പെട്ടത്. അതായത് തൊഴിലിനുവേണ്ടി അപേക്ഷിക്കാത്ത രജിസ്റ്റര്‍ ചെയ്ത കുടുമ്പങ്ങള്‍ 61% ത്തോളം മാത്രം. വയനാട് ജില്ലയിലെ നെന്മേനി ഗ്രാമപഞ്ചായത്തിലെ 4700 തൊഴില്‍ കാര്‍ഡുടമകളില്‍ 950 പേര്‍ മാത്രമാണ് തൊഴിലിനപേക്ഷിച്ചതെന്ന് പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു.

തൊഴില്‍ കാര്‍ഡുടമകളെ തൊഴിലിനു അപേക്ഷിക്കുന്നതില്‍ നിന്ന് നിയന്ത്രിച്ചു.
തൊഴിലിനുള്ള അപേക്ഷ ചുരുങ്ങിയത് തുടര്‍ച്ചയായി 14 ദിവസത്തേക്കെങ്കിലും വേണ്ടിയായിരിക്കണം. കുടുമ്പത്തിന്റെ ആകെയുള്ള അര്‍ഹതക്ക് വിധേയമായി ഒരാള്‍ അപേക്ഷിക്കുന്ന തൊഴില്‍ദിനങ്ങളുടെ എണ്ണത്തിനോ അയാള്‍ക്ക് നല്‍കിയ തൊഴില്‍ദിനങ്ങളുടെ എണ്ണത്തിനോ പരിധിയില്ല. ആഴ്ചയില്‍ 6 ദിവസത്തില്‍ കവിയാതെ ചുരുങ്ങിയത് 14 ദിവസം തുടര്‍ച്ചയായിട്ടണ് സാധാരണ തൊഴില്‍ നല്‍കുന്ന കാലയളവ്.

വയനാട് ജില്ലയിലെ പരിശോധനക്ക് ശേഷം, സി.ഏ.ജി. റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അവിടുത്തെ ഗ്രാമപഞ്ചായത്തുകളില്‍ തൊഴില്‍ അനുവദിക്കുന്നതില്‍ സത്യസന്ധവും നീതിയുക്തവുമായ ഒരു മാനദണ്ഢവും പാലിച്ചിരുന്നില്ലെന്നാണ്. ധാരാളം ഉദാഹരണങ്ങളും എടുത്തു കാണിച്ചിട്ടുണ്ട്. അപേക്ഷ ലഭിച്ചതിനു തെളിവായി തീയതി രേഖപ്പെടുത്തിയ രസിത് നല്‍കിയതേയില്ല.

തൊഴിലുറപ്പു ദിനം.
തൊഴിലിനുള്ള അപേക്ഷകളിന്മേല്‍ നടപടി സ്വീകരിക്കുന്നതിനും വിവരങ്ങള്‍ വെളിപ്പെടുത്തുക, തൊഴില്‍ അനുവദിക്കുക, വേതനവും തൊഴിലില്ലായ്മാ ബത്തയും വിതരനം ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായി മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ആഴ്ചയില്‍ ഒരു നിശ്ചിതദിവസം തൊഴിലുറപ്പുദിനമായി നീക്കിവക്കണമായിരുന്നു. ഒരു ഗ്രാമപഞ്ചായത്തിലും അങ്ങനെയൊരു ദിവസം ഉണ്ടായില്ല. അതായത് പദ്ധതി നടത്തികൊണ്ടിരുന്നത് സുത്യാര്യമായിട്ടേ ആയിരുന്നില്ല.

പദ്ധതി വ്യപനത്തിലുള്ള ന്യൂന്നത
തൊഴില്‍ നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ പരമമായ ലക്ഷ്യം. പക്ഷേ സംസ്ഥാനത്ത് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത 267614 കുടുമ്പങ്ങളില്‍ 99107 കുടുമ്പങ്ങള്‍ക്ക് മാത്രമാണ് തൊഴില്‍ നല്‍കിയത്. അതില്‍ തന്നെ പദ്ധതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നതു പോലെ 100 ദിവസത്തെ തൊഴില്‍ നല്‍കിയത് വെറും 537 കുടുമ്പങ്ങള്‍ക്ക് മാത്രം. എന്നിട്ട് മുക്കിലും മൂലയിലും സഖാക്കള്‍ പ്രസംഗിക്കുത്, കേരളത്തില്‍ 30% തോളം ജനങ്ങള്‍ ദാരിദ്ര്യരേഖക്ക് താഴെയാണു പോലും.

തൊഴില്‍ അനുവദിച്ച വിവരം തൊഴില്‍കാര്‍ഡ് ഉടമകളെ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ള മേല്‍‌വിലാസത്തില്‍ കത്തുവഴി അറിയിക്കുകയും ഗ്രാമപഞ്ചായത്തുകളുടേയും പ്രോഗ്രാം ഓഫീസറുടെയും ഓഫീസ്സുകളില്‍ പരസ്യം ചെയ്യുകയും വേണം. അക്കൌണ്ടന്റ് ജനറല്‍ പരിശോധിച്ച ഏതെങ്കിലും ഗ്രാമപഞ്ചായത്തോ, ബ്ലോക്കോ തൊഴില്‍ അനുവദിച്ച വിവരം അറിയിച്ചുകൊണ്ട് ഗുണഭോക്താക്കള്‍ക്ക് കത്തയച്ചിട്ടില്ല, പരസ്യപ്പെടുത്തിയിട്ടും ഇല്ല. അതെങ്ങനെ ചെയ്യും. (തൊഴില്‍ നല്‍കുന്ന്ത് തങ്ങള്‍ ചെയ്തു കൊടുക്കുന്ന ഔദാര്യമായിട്ടല്ലേ ഈ ഉദ്ദ്യോഗസ്ഥര്‍ കാണുന്നത്.)

ഒരപേക്ഷയില്‍ തന്നെ വിവിധ കാലയളവിലേക്ക് തൊഴില്‍ ആവശ്യപ്പെടാമെന്നും ജോലി കഴിഞ്ഞ് 15 ദിവസത്തിനകം വേതനം വിതരണം ചെയ്തിട്ടില്ലെങ്കില്‍ നഷ്ടപരിഹാരത്തിനു അര്‍ഹതയുണ്ടെന്നും നിയമത്തില്‍ ഉള്ള കാര്യം പഞ്ചായത്ത് ഓഫീസിലുള്ളവര്‍ക്ക് പോലും അറിയില്ലായിരുന്നു. നിയമം അനുശാസിക്കുന്ന അവകാശങ്ങളേയും അര്‍ഹതകളേയും സംബന്ധിച്ച ഗുണഭോക്താക്കളുടെ അറിവില്ലായ്മ തൊഴില്‍ ആവശ്യപ്പെടുന്ന തോത് കുറക്കാനിടയാക്കി. (ഗുണഭോക്താക്കള്‍ക്ക് അറിവ് കൂടിയാല്‍ അപേക്ഷകള്‍ കൂടും, ഓഫീസില്‍ പണി കൂടും, എന്തിനാ വേണ്ടാത്ത തൊന്തരവിനൊക്കെ പോണത്, അല്ലേ)

വേതന വിതരണം.
ഈ പദ്ധതിയുടെ ഏറ്റവും പ്രധാനമായ ഒരു ഘടകമാണ് വേതനവിതരണം. കര്‍ഷകതൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ വേതന നിരക്കായ 125 രൂപ ഈ പദ്ധതിക്കും ബാധകമാക്കി. ഒരു ദിവസം 7 മണിക്കൂര്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഒരു കാരണവശാലും 125 രൂപയില്‍ താഴ്ന്ന വേതനം നല്‍കാവുന്നതല്ല. തുല്യവേതനത്തിനു സ്ത്രീയും പുരുഷനും ഒരു പോലെ അര്‍ഹരാണ്. സമയബന്ധിത നിരക്കിലോ, ചെയ്ത ജോലിയുടെ അളവിന്റെ അടിസ്ഥാനമാക്കിയുള്ള നിരക്കിലോ വേതനം നല്‍കാവുന്നതാണ്. സമയബന്ധിത നിരക്കിലാണെങ്കില്‍ ഒരു ദിവസം 7 മണിക്കൂര്‍ പണിയെടുക്കുന്ന ഒരാള്‍ക്ക് ചെയ്ത ജോലിയുടെ അളവു നോക്കാതെ മുഴുവന്‍ വേതനത്തിനും അര്‍ഹതയുള്ളപ്പോള്‍, ചെയ്ത ജോലിയുടെ അളവിന്റെ അടിസ്ഥാനത്തിലുള്ള നിരക്കിലാണെങ്കില്‍ ഓരോരുത്തരും ചെയ്ത ജോലി എത്രയാണെന്നു അളന്നു തിട്ടപ്പെടുത്തിയതിനു ശേഷം അതിന്റെ അടിസ്ഥാനത്തിലായിരിക്കും വേതനം ലഭിക്കുന്നത്. ഇതൊക്കെയാണ് നിയമം.

പരിശോധിച്ച 16 ഗ്രാമപഞ്ചായത്തുകളിലും പ്രവര്‍ത്തികള്‍ നടത്തിയപ്പോള്‍ അക്കൌണ്ടന്റ് ജനറല്‍ കണ്ടത് ശരാശരി വേതനം 60 രൂപയായിരുന്നു. തല്പരകക്ഷികള്‍ ഇതിനെ ചൂഷണമെന്നു വിളിച്ചേക്കാം. ഇക്കാരണവും തൊഴില്‍ ആവശ്യപ്പെടുന്നതില്‍ നിന്നും തൊഴിലാളികളെ പിന്‍‌തിരിപ്പിച്ചു.

ഏറ്റവും കുറഞ്ഞത് 125 രൂപയെന്നത് ജോലിസ്ഥലത്ത് പ്രദര്‍ശിപ്പിച്ചിരിക്കണമെന്നത് നിയമപ്രകാരം ആവശ്യമായിരുന്നു. പക്ഷേ ഒരിടത്തും അങ്ങനെ ചെയ്തില്ല. പകരം തൊഴിലാളികളുടെ ബാങ്ക് അക്കൌണ്ടുകളില്‍ നേരിട്ട് വരവു വയ്ക്കുകയായിരുന്നു. തല്‍ഫലമായി ഗുണഭോക്താക്കള്‍ കുറഞ്ഞ കൂലിയെപറ്റി അജ്ഞരും അത്രത്തോളം അതു സുതാര്യതെയെ ബാധിക്കയും ചെയ്തു.

നിയമം അനുസരിച്ച് വേതന വിതരണം പ്രതിവാരാടിസ്ഥാനത്തിലോ അല്ലെങ്കില്‍ തൊഴില്‍ ചെയ്ത തീയതി മുതല്‍ ഒരു കാരനവശാലും 14 ദിവസത്തില്‍ കവിയാതെയോ ആകണം. എന്നാല്‍ വയനാടു ജില്ലയില്‍ അക്കൌണ്ടന്റ് ജനറല്‍ പരിശോധിച്ച എല്ലാ ഗ്രാമപഞ്ചായത്തുകളിലേയും പ്രവൃത്തികളില്‍ വേതനവിതരണം 56 ദിവസം വരെ വൈകിയിരുന്നു. ഏറ്റവും കൂടുതല്‍ വൈകിയത് മേപ്പാടി ഗ്രാമപഞ്ചായത്തിലായിരുന്നു. നിയമമനുസരിച്ചുള്ള (1936 ലെ വേതന വിതരണ നിയമം) നഷ്ടപരിഹാരം ആരും നല്‍കിയില്ല. അന്നന്നുള്ള അഷ്ടിക്കുള്ള വക കാണാനാണ് തൊഴിലും തേടി പഞ്ചായത്തിനെ സമീപിച്ചതും, സര്‍ക്കാര്‍ നിയമമുണ്ടാക്കിയതും. ഈ കാലതാമസത്തിനിടയാക്കിയ ഏമാന്മാര്‍ക്ക് ഒന്നാം തീയതി ശമ്പളം കിട്ടിയില്ലെങ്കില്‍ പുകിലെന്താകുമായിരുന്നു. ക്രിമിനല്‍ കുറ്റമല്ലേ അവര്‍ കാണിച്ചത്.

മസ്റ്റര്‍ റോളിലും തൊഴില്‍ കാര്‍ഡുകളിലും വിതരണം നടത്തിയ് വേതനത്തിന്റെ വിവരം രേഖപ്പെടുത്തണമെന്നത് നിര്‍ബന്ധമായിരുന്നു. പാലക്കാട് ജില്ലയില്‍ മസ്റ്റര്‍ റോളില്‍ മാത്രം രേഖപ്പെടുത്തിവിട്ടു. വിതരണം ചെയ്ത തൊഴില്‍ കാര്‍ഡുകളില്‍ വേതനം രേഖപ്പെടുത്താനുള്ള സ്ഥലം പോലും ഉണ്ടായില്ല. ആരെങ്കിലും വന്നു മസ്റ്റര്‍ റോളില്‍ കുടി എഴുതിയെടുത്തതു തന്നെയാണ് തൊഴിലാളിക്ക് കൊടുത്തതെന്ന് പരിശോധിച്ച് കണ്ടുപിടിക്കുന്നതൊഴിവാക്കണ്ടേ; പരിശോധിക്കുന്നത് അക്കൌണ്ടന്റ് ജനറലല്ല, ദൈവം തമ്പുരാന്‍ വന്നാലും പിടികൊടുക്കാതിരിക്കാനുള്ള വേലകളെല്ലാം നമ്മുടെ ഏമാന്മാര്‍ക്കറിയാം.

വേതന വിതരണം സുഗമമാക്കുന്ന് അടിസ്ഥാന രേഖകളില്‍ സുപ്രധാനമാണ് മസ്റ്റര്‍ രോള്‍. ഹാജരായതും വിട്ടുനിന്നതും ആയ തൊഴിലാളികളുടെ വിവരങ്ങള്‍, വിതരണം നടത്തിയ വേതനം, വേതനം പറ്റിയ ആളുടെ ഒപ്പ്/ വിരലടയാളം എന്നിവ രേഖപ്പെടുത്തിയതും സമാനമല്ലാത്ത തിരിച്ചറിയല്‍ നമ്പരുകളുള്ളതുമായ പ്രത്യേകം മസ്റ്റര്‍ റോള്‍ ഓരോപ്രവര്‍ത്തിക്കും സൂക്ഷിക്കേണ്ടതുണ്ട്. എങ്കിലല്ലേ, കണക്കുകള്‍ എല്ലാം ശരിയാണെന്ന് ആര്‍ക്കെങ്കിലും പരിശോധിച്ച് ഉറപ്പ് വരുത്താന്‍ കഴിയൂ. എന്നാല്‍ ഓരോ ഗ്രാമപഞ്ചായത്തും അവര്‍ക്ക് തോന്നിയ വിധത്തില്‍, ആരു വന്നാലും ഒന്നും മനസ്സിലാക്കാന്‍ കഴിയാത്തവിധത്തില്‍ മസ്റ്റര്‍ റോള്‍ എഴുതി സൂക്ഷിച്ചു.

പുതിയ സംവിധാനമല്ലേ, ഞങ്ങള്‍ക്ക് ഒന്നും അറിഞ്ഞുകൂടാ, സാര്‍.
അവര്‍ക്ക പറഞ്ഞു കൊടുക്കാനല്ലേ ഏമാര്‍ മാര്‍. അവര്‍ക്കും അറിയില്ല, സാര്‍.
ഇവിടെ ജനപ്രതിനിധകളല്ലേ പഞ്ചായത്തംഗങ്ങള്‍? അവരൊന്നും ചോദിക്കാറില്ലേ? കേന്ദ്രസര്‍ക്കാരില്‍ നിന്നും കിട്ട്യ പദ്ധതിയുടെ ഇംഗ്ലീഷിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവരെല്ലാം കാണുന്നുണ്ട്, സാര്‍.
പോരേ, പൂരം.

തൊഴിലില്ലായ്മ ബത്ത:
തൊഴിലിനപേക്ഷിച്ച ഒരു തൊഴിലാളിക്ക് തൊഴില്‍ ആവശ്യപ്പെട്ട തീയതി മുതല്‍ 15 ദിവസത്തിനകം തൊഴില്‍ നല്‍കിയില്ലെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ തൊഴിലില്ലായ്മ ബത്ത നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണ്. അങ്ങനെ നിശ്ചയിക്കുന്ന നിരക്ക് ആദ്യത്തെ മുപ്പത് ദിവസത്തേക്ക് വേതനനിരക്കിന്റെ നാലിലൊന്നില്‍ കുറയാന്‍ പാടില്ലാത്തതും പിന്നീടുള്ള ദിവസങ്ങള്‍ക്ക് വേതനനിരക്കിന്റെ പകുതിയില്‍ കുറയാന്‍ പാടില്ലാത്തതും ആകുന്നു. ഇത് നിയമം.

സംസ്ഥാനത്ത് 213840 തൊഴില്‍ കാര്‍ഡുടമകള്‍ ഉള്ളതില്‍ 104927 പേര്‍ തൊഴിലിനപേക്ഷിച്ചു. എന്നാല്‍ നിയമം ഉറപ്പുനല്‍കിയതു പ്രകാരം 537 കുടുമ്പങ്ങള്‍ക്ക് മാത്രമാണ് 100 ദിവസത്തെ തൊഴില്‍ നല്‍കാനായത്. ഒരുത്തര്‍ക്കും തൊഴിലില്ലായ്മാ ബത്ത നല്‍കിയതേയില്ല. 30% പേര്‍ ദാരിദ്ര്യ രേഖക്ക് താഴ്യുള്ളവര്‍ പാര്‍ക്കുന്ന സംസ്ഥാനമാണിതെന്നോര്‍ക്കണം. കൊടുക്കുന്ന വേതനം മുഴുവന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും തിരിയെ കിട്ടുന്നതാണെന്നും ഓര്‍ക്കണം.

അക്കൌണ്ട്ന്റ് ജനറല്‍ കണക്കാക്കിയിരിക്കുന്നത്, 105.53 കോടി യുടെ വേതനമാണ് ബത്തയായി കൊടുത്തിട്ട് കേന്ദ്രത്തില്‍ നിന്നും ചോദിച്ച് വാങ്ങേണ്ടിയിരുന്നത്. ഒരു പൈസ കൊടുത്തതുമില്ല, കിട്ടിയതുമില്ല.

പ്രവൃത്തി നിര്‍വഹണം.
ജലസംരക്ഷണം, വറള്‍ച്ചനിവാരണം, ജലസേചനത്തിനുള്ള കനാലുകള്‍, മുന്‍‌ഗണനാവിഭാഗത്തിലുള്ള ഗുണഭോക്താക്കളുടെ ഭൂമിയില്‍ ജലസേചന സൌകര്യം ഏര്‍പ്പെടുത്തുക , പരമ്പരാഗത ജലസ്രോതസ്സുകളുടെ പുനരുദ്ധാരണം, ഭൂവികസനം, വെള്ളപ്പൊക്ക നിയന്ത്രണം , ഗ്രാമീണ പാതകള്‍ എന്നീ എട്ടു വിഭാഗങ്ങളില്‍ പെട്ട പ്രവൃത്തികള്‍ക്കാണ് ഈ നിയമത്തിന്‍ കീഴില്‍ പ്രാമുഖ്യം. സംസ്ഥാനത്ത് എല്ലാ പ്രവൃത്തികളും ഗ്രാമപഞ്ചായത്തുകള്‍ മുഖേന നടപ്പിലാക്കുകയും കരാറുകാരെ പ്രവൃത്തി നിര്‍വഹണത്തില്‍ നിന്നും ഒഴിവാക്കുകയും ചെയ്യണം. ഇതു നിയമം.

ഈ നിയമം വയനാട് ജില്ലയില്‍ പ്രാവര്‍ത്തികമാക്കിയതെങ്ങനെയെന്നരിയണ്ടേ? ഇവിടുത്തെ രണ്ട് ഗ്രാമപഞ്ചായത്തുകളായ നെന്മേനിയിലും വെള്ളമുണ്ടയിലും അവയുടെ പ്രദേശത്തുള്ള സ്വകാര്യ വിദ്യാലയങ്ങളില്‍ കളിസ്ഥലങ്ങള്‍ ഉണ്ടാക്കികൊടുത്തു. ചെലവായ 2.20 ലക്ഷം രൂപ മുഴുവന്‍ തൊഴിലുറപ്പുപദ്ധതി വഴി ചെലവഴിച്ചു. നിയമത്തിനു ഘടകവിരുദ്ധം. പക്ഷേ ആര്‍ ചോദിക്കാന്‍ ?.

തൊഴില്‍ ചെയ്യുവാന്‍ സാധനസാമഗ്രികള്‍ ആവശ്യമെങ്കില്‍, അതും ഈ പദ്ധതിയില്‍ വകവച്ചുതന്നെ വാങ്ങികൊടുക്കണം. എന്നാല്‍ പദ്ധതിവേണ്ടി അനുവദിക്കുന്ന തുകയുടെ 60% എങ്കിലും അവിദഗ്ദതൊഴില്‍ നല്‍കുന്നതിനുവേണ്ടി വിനിയോഗിക്കപ്പെടണം. ഇതു നിയമം.

പാ‍ലക്കാടു ജില്ലയില്‍ പരിശോധന നടത്തിയ പുതിശ്ശേരി ഗ്രാമത്തില്‍ നടപ്പാക്കിയ 20 പ്രവൃത്തികളില്‍ ഒന്നിലും ഈ നിയമം നോക്കാതെ സാധനസാമഗ്രികള്‍ വാങ്ങിക്കൂട്ടി.

പ്രീയ വായനക്കരേ, ഇപ്പോള്‍ മനസ്സിലായില്ലേ, നമ്മുടെ സംസ്ഥാനത്ത് ജനസംഖ്യയുടെ 30% പേരെ ദാരിദ്ര്യരേഖക്ക് താഴെ നിലനിറുത്താന്‍ നാം പെടുന്ന പാട്.

ആധാരം: സി.ഏ.ജി റിപ്പോര്‍ട്ട് (2008)

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: അറിഞ്ഞതും അറിയാത്തതും

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി:

നിങ്ങള്‍ക്കറിയാമോ?

  • ഒരു തൊഴിലിനായി അപേക്ഷ കൊടുത്താല്‍ 15 ദിവസത്തിനുള്ളില്‍ തൊഴില്‍ നല്‍കണം. അതിനുവേണ്ടുന്ന വേതനം മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കും;

തൊഴില്‍ നല്‍കിയില്ലെങ്കിലൊ?

  • അപേക്ഷകനു തൊഴിലില്ലാ ബത്ത കൊടുക്കേണ്ടി വരും. അതിന്റെ ചെലവു മുഴുവന്‍ സംസ്ഥാനസര്‍ക്കാര്‍ സ്വന്തം ഖജനാവില്‍ നിന്നും കണ്ടെത്തണം.

നമ്മുടെ രാജ്യത്ത് അതും കേരളത്തിലെ പാലക്കാടും വയനാടും നടപ്പാക്കിയ ഒരു പദ്ധതിയെ പറ്റിയാണ് മേലുദ്ധരിച്ചത്. ഇത്രയും കര്‍ക്കശവും ഗംഭീരവുമായ ഒരു നിയമം നടപ്പാക്കിയിട്ടും അത് എത്രത്തോളം വിപ്ലവം സൃഷ്ടിച്ചു എന്നറിയാനുള്ള ഒരു ശ്രമമാണിവിടെ നടത്തുന്നത്:

ഗ്രാമീണതൊഴിലുറപ്പുപദ്ധതിയെപറ്റി അറിയാന്‍ , അടുത്തറിയാന്‍ , ആധികാരികമായറിയാനുള്ള ഒരു എളിയ ശ്രമം.

അഭ്യസ്ഥവിദ്യരായ നാം ഇതറിഞ്ഞിരിക്കേണ്ടത് നമുക്കുവേണ്ടിയല്ല, മറിച്ച് മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കാന്‍ വേണ്ടിയാണ്.
ഇതു ലക്ഷ്യമിട്ടിരിക്കുന്നത് വിദ്യാഭാസമില്ലാത്ത തൊഴില്‍ രഹിതരായ ഗ്രാമീണരെയാണ്. പലരും ഇതിനെപറ്റി കേട്ടിട്ടുണ്ടാകാം. പക്ഷേ ഭൂരിഭാഗം പേരും ഇതിന്റെ നൂലാമാലകളെപറ്റി അജ്ഞരാണ്. ഈ പദ്ധതിയെപറ്റി നമുക്കവരോട് പറയാന്‍ കഴിഞ്ഞാല്‍ അതുതന്നെ വലിയൊരുകാര്യമാണ്. അതിനു വേണ്ടിയെങ്കിലും എന്താണ് തൊഴിലുറപ്പ് പദ്ധതിയെന്നു മനസ്സിലാക്കി വയ്ക്കാം. ഞാന്‍ ആ ഉദ്ദേശത്തോടെയാണ് ഇതെന്താണെന്നു പഠിക്കാന്‍ ശ്രമിച്ചത്. കേരളത്തില്‍ ആദ്യമായി നടപ്പാക്കിയത് പാലക്കടും വയനാടുമാണ്. ഞാന്‍ ശേഖരിച്ച വിവരങ്ങള്‍ വായനക്കാരോട് പങ്കുവയ്ക്കുന്നു.

ആമുഖം.
അവിദഗ്ദതൊഴിലില്‍ ഏര്‍പ്പെടാന്‍ സന്നദ്ധരായ പ്രായപൂര്‍ത്തിയായ അംഗങ്ങളുള്ള ഏതൊരു ഗ്രാമീണ കുടുമ്പത്തിനും ഓരോ സാമ്പത്തിക വര്‍ഷവും 100 ദിവസത്തെ തൊഴില്‍ ഉറപ്പ് നല്‍കുന്നതാണ് 2005 സെപ്റ്റമ്പറില്‍ പുറപ്പെടുവിച്ച ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം.

കേരള സര്‍ക്കാര്‍ 2006 ജൂണില്‍ കേരളാ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് രൂപം നല്‍കി. സംസ്ഥാനത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന പിന്നാക്ക ജില്ലകളായ പാലക്കാടും വയനാടും ഈ പദ്ധതി 2006-07 മുതല്‍ നടപ്പാക്കി. 2008 മുതല്‍ സംസ്ഥാനം മുഴുവന്‍ നടപ്പാക്കി. എന്നാലും ഇനിയെഴുതിയിരിക്കുന്നതെല്ലാം പാലക്കാടും വയനാടും ഈ പദ്ധതി നടപ്പാക്കിയ രീതിയെ അടിസ്ഥാനമാക്കിയാണ്.

പാലക്കടും വയനാടും ഇതായിരുന്നു അന്നത്തെ സ്ഥിതി:


അതാതിടത്തെ ഗ്രാമപഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗ്രാമീണ കുടുമ്പങ്ങള്‍ക്ക് ഒരു വര്‍ഷം വേതനത്തോടെയുള്ള 100 ദിവസത്തെ തൊഴിലിനോ അല്ലെങ്കില്‍ നിശ്ചിതനിരക്കിലുള്ള തൊഴിലില്ലായ്മ ബത്തക്കോ അര്‍ഹതയുണ്ട്.

കേരള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ താഴെപറയുന്ന കാര്യങ്ങള്‍ നിഷ്കര്‍ഷിച്ചിരിക്കുന്നു:
  • പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്താവുന്ന പ്രവൃത്തികള്‍
  • തൊഴില്‍ ലഭിക്കാന്‍ വേണ്ട ഏറ്റവും കുറഞ്ഞ അര്‍ഹത
  • സംസ്ഥാന സര്‍ക്കാര്‍ തലം മുതല്‍ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തു തലങ്ങള്‍ വരെയുള്ള വിവിധ ഉദ്ദ്യോഗസ്ഥരുടെ പങ്കും ചുമതലകളും
  • ആസൂത്രണം, കാര്യനടത്തിപ്പ്, രജിസ്ട്രേഷന്‍ , തൊഴില്‍ നല്‍കല്‍, പ്രവൃത്തി നിര്‍വഹണം, വേതനവും തൊഴിലില്ലായ്മബത്തയും നല്‍കല്‍, മുതലായവയുടെ വിശദമായ നടപടി ക്രമങ്ങള്‍
പ്രധാന ലക്ഷ്യങ്ങള്‍ ഇവയായിരുന്നു:
  1. അവിദഗ്ദ്ധ തൊഴിലില്‍ ഏര്‍പ്പെടാന്‍ സന്നദ്ധരായ പ്രായപൂര്‍ത്തിയായ അംഗങ്ങളുള്ള ഓരോ ഗ്രമീണ കുടുമ്പത്തിനും സംസ്ഥാനത്ത് നിലവിലുള്ള കുറഞ്ഞകൂലി നിരക്കില്‍ ഓരോ സാമ്പത്തിക വര്‍ഷവും 100 ദിവസത്തെ തൊഴില്‍ നല്‍കുന്നതിനോ അല്ലെങ്കില്‍ തൊഴിലില്ലായ്മ ബത്ത നല്‍കുന്നതിനോ നിയമപരമായ ഉറപ്പ് നല്‍കുക.
  2. ഗ്രാമപഞ്ചായത്തുകള്‍ക്കും ഗ്രാമീണ ജനങ്ങള്‍ക്കും വേണ്ടി സ്ഥായിയായ ആസ്ഥികള്‍ സൃഷ്ടിക്കുക.

പ്രകൃതി സംരക്ഷണം, ഗ്രാമീണ സ്ത്രീ ശാക്തീകരണം, ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്കുള്ള കുടിയേറ്റം കുറക്കല്‍, സാമൂഹ്യ സമതുലിതാവസ്ഥ പരിപോഷിപ്പിക്കല്‍ മുതലായവ സ്വാഭാവികമായും പ്രധാനലക്ഷ്യം നിറവേറ്റുന്നതോടൊപ്പം ഉണ്ടായികൊള്ളുമെന്നും പ്രതീക്ഷിക്കുന്നു.

ഇനിയെഴുതുന്നതെല്ലാം പാലക്കാടും വയനാടും ഈ പദ്ധതി നടപ്പാക്കിയ രീതികളെപറ്റി സംസ്ഥാന അക്കൌണ്ടന്റ് ജനറല്‍ പഠന വിധേയമാക്കിയപ്പോള്‍ കണ്ടെത്തിയ കാര്യങ്ങളാണ്. അതുകൊണ്ടു തന്നെ ഇതിന്റെ ആധികാരികതയില്‍ ഒട്ടും സംശയിക്കേണ്ട കാര്യമില്ല.

സംഘടനാ രൂപം.
ദേശീയ തലത്തില്‍ നടപ്പാക്കുന്നതിനു നിയുക്തമായ് ഗ്രാമവികസന മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് സമയോചിതവും പര്യാപ്തവുമായ സാമ്പത്തിക സഹായം നല്‍കുന്നതിനു വേണ്ടി ഒരു കേന്ദ്ര തൊഴിലുറപ്പ് സമിതി രൂപീകരിച്ചു. പദ്ധതി നടത്തിപ്പിന്മേല്‍ സംസ്ഥാനസര്‍ക്കാരിനു ഉപദേശം നല്‍കുന്നതിനും അതിന്റെ വിലയിരുത്തലിനും അവലോകനത്തിനുമായി സംസ്ഥാനഗ്രാമവികസന മന്ത്രി അദ്ധ്യക്ഷനായ സംസ്ഥാന തൊഴിലുറപ്പു സമിതി സംസ്ഥാന തലത്തില്‍ 2006 മാര്‍ച്ചില്‍ രൂപീകരിക്കുകയുണ്ടായി. നിയമത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനും യുക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നു ഉറപ്പു വരുത്തുന്നതിനുമായി ഗ്രാമവികസന കമ്മീഷ്ണറെ സംസ്ഥാന്‍ ഗ്രാമീണ തൊഴിലുറപ്പ് കമ്മിഷ്ണറായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. ജില്ലാ തലത്തില്‍ പദ്ധതി നടത്തിപ്പിനു ഉത്തരവാദപ്പെട്ട ജില്ലാ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍മാരായി ജില്ലാ കളക്ടര്‍മാരെ ചുമതലയേള്‍പ്പിക്കുകയും ചെയ്തു. ബ്ലോക്ക് വികസന ഓഫീസറില്‍ താഴെയല്ലാത്ത ഒരുദ്ദ്യോഗസ്ഥനാണ് പദ്ധതിയുടെ ബ്ലോക്ക്തല നിര്‍വഹണത്തിനായി നിയോഗിക്കപ്പെട്ട പ്രോഗ്രാം ഓഫീസര്‍. ഗ്രാമതലത്തിലാകട്ടെ ഗ്രാമപഞ്ചായത്തുകള്‍ക്കാണ് പദ്ധതിനിര്‍വഹണത്തിന്റെ ചുമതല.

വിവിധ വകുപ്പുകള്‍, സര്‍ക്കാരിതര സംഘടനകള്‍, കേന്ദ്രസംസ്ഥാനസര്‍ക്കാര്‍ സംരംഭങ്ങള്‍, സ്വയം സഹായസംഘങ്ങള്‍ എന്നിവയെയും പദ്ധതിനിര്‍വഹണ ഏജന്‍സികളായി നിയമിക്കാമെങ്കിലും (നിയമപ്രകാരം) കേരളസംസ്ഥാനത്ത് ഇവയൊന്നിനേയും നിര്‍വഹണ ഏജന്‍സികളാക്കിയില്ല.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിലവില വന്നതു മുതല്‍ ആറു മാസത്തിനകം സംസ്ഥാനങ്ങളും അത്തരത്തിലൊരു പദ്ധതിക്ക് രൂപം നല്‍കണമായിരുന്നു. 2006 മാര്‍ച്ച് നാലിനു മുമ്പ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് രൂപം നല്‍കണമായിരുന്നെങ്കിലും മൂന്നു മാസത്തെ കാലതാമസത്തിനു ശേഷം 2006 ജുണ്‍ 23 നു തുടങ്ങിയതു തന്നെ ആശ്വാസം. പക്ഷേ ഏതൊരു പദ്ധതിയും നിയമം കൊണ്ടു മാത്രം പ്രാവര്‍ത്തികമാക്കാന്‍ പറ്റില്ല. അതു നടപ്പിലാക്കാന്‍ വേണ്ടുന്ന ചട്ടങ്ങളും നിര്‍മ്മിക്കണം. നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചട്ടങ്ങളിലാണ് വിശദീകരിക്കുന്നത്. ഇതിനു വേണ്ടിയുള്ള ചട്ടങ്ങള്‍ ഉണ്ടാക്കാന്‍ വളരെയധികം താമസിച്ചു. അതിന്റെ അഭാവത്തില്‍, വിവിധ ഘട്ടങ്ങളായ പ്രചാരണം, വീടുവീടാന്തരമുള്ള സര്‍വ്വേ, രജിസ്ട്രേഷന്‍ , തൊഴില്‍ കാര്‍ഡുകളുടെ വിതരണം, തൊഴില്‍ നല്‍കല്‍ മുതലായവയെ പ്രതികൂലമായി ബാധിച്ചു.

ആസൂത്രണം: ഒരു പദ്ധതിയുടെ വിജയകരമായ് നിര്‍വ്വഹണത്തിനു ആസൂത്രണം വളരെ നിര്‍ണ്ണായകമാണ്‍്. ഗുണനിലവാരമുള്ള ആസ്തികളുടെ സൃഷ്ടി സാധ്യമാകത്തക്ക വിധത്തില്‍ പ്രവൃത്തികളുടെ തെരഞ്ഞെടുപ്പും രൂപകല്പനയും ഉറപ്പുവരുത്തുന്നതോടൊപ്പം ആവശ്യമായ സമയത്തും പര്യാപ്തമായ രീതിയിലും തൊഴില്‍ സൃഷ്ടിക്കുക എന്നുള്ളതാണ് വിജയത്തിന്റെ പ്രധാന സൂചിക. ആവശ്യപ്പെടുമ്പോഴെല്ലാം പ്രത്യുല്പാദനപരമായ തൊഴില്‍ നല്‍കാന്‍ ഓരോ ജില്ലയും കാലേകൂട്ടി സജ്ജമാണെന്നു ഉറപ്പുവരുത്തുക എന്നതാണ് അസൂത്രണ പ്രക്രിയയുടെ അടിസ്ഥാന ലക്ഷ്യം. നമ്മുടെ ജില്ലകള്‍ ഈ പ്രക്രിയയില്‍ അമ്പേ പരാജയപ്പെട്ടുവെന്ന് കാണുന്നതില്‍ ദുഃഖമുണ്ട്.

ധനാഗമം:

ഈ പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ പണം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ താഴെപ്പറയുന്ന വിധത്തില്‍ നല്‍കുന്നു:
  • അവിദഗ്ദ്ധ തൊഴിലാളികളുടെ മുഴുവന്‍ വേതനവും കേന്ദ്രം നല്‍കും. എന്നാല്‍ തൊഴിലില്ലായ്മ ബത്ത കൊടുക്കേണ്ടി വന്നാല്‍ അതു സംസ്ഥാനം മുടക്കണം.
  • വിദഗ്ദ്ധ / അര്‍ദ്ധ വിദഗ്ദ്ധ തൊഴിലാളികളുടേയും സാധനസാമഗ്രികളുടേയും വിലയുടെ 75% കേന്ദ്രവും ബാക്കി 25% സംസ്ഥാനവും വഹിക്കണം.
  • കേന്ദ്ര തൊഴിലുറപ്പ് കൌണ്‍സിലിന്റേയും പ്രോഗ്രാം ഓഫീസര്‍മാരുടേയും അവരുടെ ഉദ്ദ്യോഗസ്ഥരുടേയും ഭരണപരമായ ചെലവുകള്‍ കേന്ദ്രസര്‍ക്കാരും, സംസ്ഥാന തൊഴിലുറപ്പു കൌണ്‍സിലിന്റെ ഭരണപരമായ ചെലവുകള്‍ സംസ്ഥാന സര്‍ക്കാരും വഹിക്കേണ്ടതാണ്.
ചുരുക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനു ഈ പദ്ധതി നടപ്പാക്കുന്നതിനു വേണ്ടി ചെലവിടേണ്ടതു തുച്ഛമായ സംഖ്യ മാത്രം.

സംസ്ഥാന തൊഴിലുറപ്പ് ഫണ്ട്.
ചാക്രിക ഫണ്ടായി ചെലവഴിക്കേണ്ടതും നോക്കി നടത്തേണ്ടതുമായ സംസ്ഥാന തൊഴിലുറപ്പ് ഫണ്ട് എന്നൊരു ഫണ്ട് വിജ്ഞാപനം വഴി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കേണ്ടതായിരുന്നു. നിയമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്കരുസൃതമായി അതിന്റെ ഉപയോഗവും നോക്കി നടത്തലും ഉറപ്പു വരുത്തുന്നതിനു വേണ്ടി അതോടൊപ്പം ചട്ടങ്ങളും ഉണ്ടാക്കേണ്ടിയിരുന്നു. പക്ഷേ അത്തരത്തിലുള്ള ഒരു ഫണ്ടോ, അതിനുവേണ്ടിയുള്ള ചട്ടങ്ങളോ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. അതുപോലെ ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളില്‍ രൂപീകരിക്കേണ്ടിയിരുന്ന ചാക്രികഫണ്ടുകളും സ്ഥാപിതമായില്ല. ചാക്രിക ഫണ്ടുകളുടെ അഭാവത്തില്‍ പദ്ധതി നടത്തിപ്പിനുവേണ്ടി നടത്തിയ പണമിടപാടുകള്‍ അവയുടെ പരിധിക്കു പുറത്തായിരുന്നു. പദ്ധതിക്കുവേണ്ടി തുടങ്ങിയ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഗ്രാമവികസനമന്ത്രാലയം കേന്ദ്രവിഹിതം നേരിട്ട് കൈമാറിയപ്പോള്‍ സംസ്ഥാനവിഹിതം ഗ്രാമവികസന കമ്മിഷ്ണര്‍ മുഖേനയാണ് അവര്‍ക്ക് നല്‍കിയത്. ഇത് പദ്ധതി നിയമത്തില്‍ പറഞ്ഞതിനു കടകവിരുദ്ധമാണ്. യഥാര്‍ത്ഥ തൊഴിലാളിക്ക് പണം കിട്ടുന്നതില്‍ താമസം വരുത്താനേ ഈ സംവിധാനങ്ങള്‍ ഉപകരിച്ചുള്ളൂ. അതുകൊണ്ട് തൊഴിലാളികള്‍ പദ്ധതിക്കു നേരേ മുഖം തിരിച്ചു നിന്നു. ഉദാഹരണത്തിനു, പാലക്കാട്ടെ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുടെ ബാങ്ക് അക്കൌണ്ട് പ്രകാരം ചെലവഴിക്കാതെ ബാക്കിയുണ്ടായിരുന്ന തുക 9.08 കോടി രൂപയായിരുന്നു.

മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം ഈ പദ്ധതിയുടെ പണം സൂക്ഷിക്കുന്നതിനു പൊതുമേഖലാ ബാങ്കുകളില്‍ മാത്രമേ അക്കൌണ്ട് തുടങ്ങാവു. പാലക്കാട് ജില്ലയില്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററും ഗ്രാമപഞ്ചായത്തുകളും തുടങ്ങിയിട്ടുള്ള 15 ബാങ്ക് അക്കൌണ്ടുകളില്‍ നാലെണ്ണം ഇടപാടുകളൊന്നും നടക്കാത്തതും പിന്നൊരു നാലെണ്ണം സ്വകാര്യബാങ്കുകളിലും ആയിരുന്നു.

  • ഫെഡറല്‍ ബാങ്ക് = 36 ലക്ഷം
  • സൌത്ത് ഇന്‍ഡ്യന്‍ ബാങ്ക് =27 ലക്ഷം
  • കാത്തലിക്ക് സിറിയന്‍ ബാങ്ക് =18 ലക്ഷം
  • ധനലക്ഷ്മി ബാങ്ക് = 9 ലക്ഷം
  • കോര്‍പ്പറേഷന്‍ ബാങ്ക് = 9 ലക്ഷം
ഇങ്ങനെയായിരുന്നു നിക്ഷേപം. ഇതില്‍ ആദ്യത്തെ ബാങ്കില്‍ മാത്രമായിരുന്നു ഇടപാടുകള്‍ കുറച്ചെങ്കിലും നടന്നത്. മറ്റു ബാങ്കുകളി ഒരിടപാടും നടത്താതെ തൂക സൂക്ഷിക്കുകയായിരുന്നു. 2007 മാര്‍ച്ചിലെ കണക്കാണിത്. ദോഷം പറയരുതല്ലോ, ഇതിനെല്ലാം പലിശ കിട്ടി. ഈ സ്വകാര്യ ബാങ്കുകളില്‍ പണം നിക്ഷേപിച്ചത് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് ചേരുന്നതായിരുന്നില്ല.

പണത്തിന്റെ വരവും വിനിയോഗവും:
2007 മാര്‍ച്ച് വരെ ലഭിച്ച 48.36 കോടി രൂപയില്‍ 27.90 കോടി രൂപ ഉപയോഗിച്ചതിനു ശേഷം 20.46 കോടി രൂപ ബാക്കി വച്ചിരുന്നു. ഇതു പാലക്കാട്ടെയും വയനാടിന്റെയും മാത്രം കണക്ക്. അവിടെ പണിയില്ലാത്ത തൊഴിലാളികളില്ലായിരുന്നോ എന്ന് ആരെങ്കിലും ചോദിക്കണ്ടേ. പിന്നെങ്ങനെ മിച്ചം വന്നു?. താഴെ കൊടുത്തിരിക്കുന്ന ഈ കണക്കുകള്‍ കുടെ ഒന്നു നോക്കൂ:


സംസ്ഥാനത്ത് തൊഴില്‍ ആവശ്യപ്പെട്ട 104927 കുടുമ്പങ്ങള്‍ക്ക് അര്‍ഹമായ 104.93 ലക്ഷം തൊഴില്‍ ദിനങ്ങളുടെ സ്ഥാനത്ത് 20.50 ലക്ഷം തൊഴില്‍ ദിനങ്ങള്‍ നല്‍കാനേ സാധിച്ചുള്ളൂ.

പാലക്കാട്ട് ജില്ലയില്‍ നടപ്പാക്കേണ്ടിയിരുന്ന 394.29 കോടി രൂപ മതിപ്പുള്ള എട്ടു തരം പ്രവര്‍ത്തിയുടെ സ്ഥാനത്ത് 16.20 കോടി രുപയുടെ സാമ്പത്തിക ലക്ഷ്യം മാത്രമേ കൈവരിക്കാനായുള്ളൂ. മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് തുകയുടെ 60% എങ്കിലും തൊഴില്‍ നല്‍കുന്നതിനു ചെലവാക്കിയിരിക്കണം. അതായത് 236.57 കോടി രൂപയെങ്കിലും വേതനമായി ചെലവഴിച്ചിരിക്കണം. ഈ തുക ഉപയോഗിച്ച് 189.26 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാമായിരുന്നു. അതാകട്ടെ പാലക്കാട്ട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 186200 കുടുമ്പങ്ങള്‍ക്കും തൊഴില്‍ നല്‍കാന്‍ പര്യാപ്തമായിരുന്നു. പക്ഷേ സംഭവിച്ചതോ?


ബാക്കി ഭാഗം രണ്ടില്‍ വായിക്കുക.....

Thursday, September 25, 2008

തദ്ദേശസ്വയംഭരണം കേരളാസ്റ്റൈല്‍

കേരളത്തിലെ തദ്ദേശസ്വയംഭരണം. അറിഞ്ഞകാര്യങ്ങള്‍ അടുത്തറിയാനുള്ള ഒരു ശ്രമം.

ആമുഖം

കേരളാ പഞ്ചായത്ത് നിയമവും കേരളാ മുനിസിപ്പലിറ്റി നിയമവും കേരളാ നിയമസഭ 1994 ല്‍ പാസ്സാക്കി. ഈ നിയമങ്ങളില്‍ വിഭാവനം ചെയ്തിരുന്നതുപോലെ നിയമങ്ങളുടെ അതാതു പട്ടികകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട
ചുമതലകളും ഉദ്ദ്യോഗസ്ഥരും സ്ഥാപനങ്ങളും പദ്ധതികളും 1995 ഒക്ടോബര്‍ 2 മുതല്‍ പ്രബല്യത്തോടെ തദ്ദേശസ്വയംഭരണ (തസ്വഭ) സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ 1995 സെപ്റ്റമ്പറില്‍ കൈമാറി, ഈ സ്ഥാപനങ്ങളുടെ ആസ്തിയും ബാദ്ധ്യതകളും ഉള്‍പ്പടെ. പക്ഷേ കൈമാറ്റം ചെയ്യപ്പെട്ട ആസ്തികള്‍ വില്‍ക്കുന്നതിനോ കൈമാറുന്നതിനോ അന്യാധീനപ്പെടുത്തുന്നതിനോ പണയപ്പെടുത്തുന്നതിനോ അവര്‍ക്ക് അധികാരമില്ല. എന്നാല്‍ കൈമാറിയ ജീവരക്കാരുടെ ശമ്പളം സര്‍ക്കാര്‍ തന്നെ തുടര്‍ന്നും നല്‍കി. (മാറ്റപ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ ഈയടുത്തകാലം വരെയും ബന്ധപ്പെട്ട തസ്വഭ യില്‍ ചെന്നു ചുമതലകള്‍ ഏറ്റിരുന്നില്ലെന്നുള്ളത് പരസ്യമായ രഹസ്യം).

വികേന്ദ്രീകൃതാസൂത്രണം.
അതായത് ഇനിമുതല്‍ സാമ്പത്തിക വികസനത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പദ്ധതികള്‍ നടപ്പാക്കേണ്ടത്
തസ്വഭ കളാണെന്നു സാരം. ഒമ്പതാം പഞ്ചവത്സരക്കാലത്ത് ഇതിനുവേണ്ടി സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 35 മുതല്‍ 40 ശതമാനം വരെ തസ്വഭ സ്ഥാപനങ്ങള്‍ രൂപം കൊടുക്കുന്ന പദ്ധതികള്‍ക്ക് വേണ്ടി മാറ്റിവക്കാനും 1995 ജൂലൈയില്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജനപങ്കാളിത്തത്തോടെ ജനകീയാസൂത്രണം എന്ന ഓമനപ്പേരില്‍ നടപ്പാക്കാന്‍ അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും, പത്താം പഞ്ചവത്സരപദ്ധതി സമയത്ത് പുതുതായി വന്ന സര്‍ക്കാര്‍ കേരള വികസന പദ്ധതി എന്ന മറ്റൊരു പേരിലാണ് ഇതിനെ പരിചയപ്പെടുത്തിയത്. തസ്വഭ സ്ഥാപനങ്ങളുടെ ഈ തൃണമൂലതല ആസൂത്രണം 2006-07 അവസാനത്തോടെ ഒരു ദശാബ്ദം പിന്നിട്ടു.

തസ്വഭ സ്ഥാപനങ്ങളുടെ രൂപരേഖ.

2007 മാര്‍ച്ച് 31 നു സംസ്ഥാനത്ത് 1223 തസ്വഭ സ്ഥാപനങ്ങളുണ്ടായിരുന്നു. വിവിധ വിഭാഗങ്ങളിലുള്ളവ ഏതെല്ലാമെന്ന് താഴെ കാണിച്ചിരിക്കുന്നു.



കേരളത്തിലെ 1223 തസ്വഭ സ്ഥാപനങ്ങളിലേക്ക് ഒടുവില്‍ തെരഞ്ഞെടുപ്പ് നടന്നത് 2005 സെപ്റ്റമ്പറിലായിരുന്നു. അന്നു 20554 പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെട്ടു.

സംഘടനാ രൂപം.
ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും രൂപീകൃതമായിട്ടുള്ള തസ്വഭ സ്ഥാപനങ്ങള്‍ യഥാക്രമം പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ എന്നും നഗര സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നും അറിയപ്പെടുന്നു. പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ രൂപീകൃതമായിട്ടുള്ളത് താഴെകൊടുത്തിരിക്കുന്ന ചാര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നതു പോലെ ത്രിതല വ്യവസ്ഥയിലാണ്.


ഓരോ തലത്തിലേയും പഞ്ചായത്തുകളിലെ അംഗങ്ങള്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് , സ്റ്റാന്‍ഡിംഗ് കമ്മറ്റി അദ്ധ്യക്ഷന്മാര്‍ എന്നിവരെ തെരഞ്ഞടുക്കുന്നു. അതുപോലെ മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ കൌണ്‍സിലര്‍മാര്‍ ചെയര്‍പേര്‍സന്‍/മേയര്‍, വൈസ് ചെയര്‍പേര്‍സന്‍/ ഡെപ്പ്യൂട്ടി മേയര്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി അദ്ധ്യക്ഷന്മാര്‍ എന്നിവരെ തെരഞ്ഞെടുക്കുന്നു.

പ്രസിഡന്റ്/ചെയര്‍പേര്‍സന്‍/മേയര്‍ ഓരോ സ്റ്റാന്‍ഡിംഗ് കമ്മറ്റിയിലും എക്സ് ഒഫീഷ്യോ അംഗവും വൈസ് പ്രസിഡന്റ്/ വൈസ് ചെയര്‍പേര്‍സന്‍ / ഡെപ്യൂട്ടി മേയര്‍ ധരകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റിയില്‍ എക്സ് ഒഫീഷ്യോ അംഗവും അതിന്റെ അദ്ധ്യക്ഷനും ആണ്.

ഓരോ പഞ്ചായത് രാജ് സ്ഥാപനത്തിനും സര്‍ക്കാര്‍ ജീവനക്കാരായ ഒരു സെക്രട്ടറിയും അനുബന്ധ ജീവനക്കാരും ഉണ്ട്. മുനിസിപ്പാലിറ്റികളിലേയും നഗരസഭകളിലേയും സെക്രട്ടറിമാര്‍ സര്‍ക്കാര്‍ ജീവനക്കാരും അനുദ്ദ്യോഗസ്ഥര്‍ മുനിസിപ്പല്‍ പൊതു സര്‍വ്വീസ്സില്‍ ഉള്ളവരുമാണ്.

നിയന്ത്രണ വ്യവസ്ഥ.
ലോക്കല്‍ ഫണ്ട് ഓഡിറ്റ് നിയമപ്രകാരം സര്‍ക്കാരിനും നിയമസഭക്കും മുമ്പാകെ സമര്‍പ്പിക്കുന്നതിനു വേണ്ടി
ഓഡിറ്റ് ചെയ്ത കണക്കുകള്‍ അതിനുവേണ്ടി പ്രത്യേകം അധികാരപ്പെടുത്തിയ ഉദ്ദ്യോഗസ്ഥന്‍ (ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡയറക്റ്ററല്ല) സമാഹരിക്കേണ്ടതാണ്. ഇതിനു വിരുദ്ധമായി ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡയറക്റ്റര്‍ സാക്ഷ്യപ്പെടുത്തിയ വാര്‍ഷിക റിപ്പോര്‍ട്ട് അതിനുവേണ്ടി അധികാരപ്പെടുത്തിയ ഉദ്ദ്യോഗസ്ഥനു സമര്‍പ്പിക്കണമെന്നാണ് കേരളാ പഞ്ചായത്ത് രാജ് നിയമത്തിലും കേരളാ മുനിസിപ്പാലിറ്റി നിയമത്തിലും വ്യവസ്ഥ ചെയ്തിരിക്കുന്നത്.

പരസ്പരവിരുദ്ധമായ ഈ വ്യവസ്ഥകള്‍ ഒഴിവാകാനാവശ്യമായ ഭേദഗതികള്‍ വരുത്താമെന്ന് സര്‍ക്കാര്‍ 2003 ജൂലൈയില്‍ സമ്മതിച്ചിട്ടുണ്ട്. പക്ഷേ ഇതുവരെ വരുത്തിയിട്ടില്ല(2008). അതുകൊണ്ട് ഒരുത്തരും ഒരിടത്തുനിന്നും കണക്കുകള്‍ ശേഖരിച്ച് സമാഹരിക്കുവാന്‍ ഇതുവരെ മിനക്കെട്ടിട്ടില്ല. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ പരിതാപകരമായ കണക്കെഴുത്തും റിപ്പോര്‍ട്ടിംഗും ഇതിന്റെ സംഭാവനയാണ്.

തസ്വഭ സ്ഥാപനങ്ങളുടെ വരവുകള്‍
വരവുകളെ ‘എ’ മുതല്‍ ‘ജി’ വരെയുള്ള വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:

വിഭാഗം എ: ജനകീയാസൂത്രണ പദ്ധതി/കേരള വികസന പദ്ധതിയുടെ കീഴില്‍ അസൂത്രണം ചെയ്ത പദ്ധതികള്‍ നടപ്പാക്കുന്നതിനുവേണ്ടി സംസ്ഥാനസര്‍ക്കാര്‍ സംസ്ഥാന പദ്ധതിവിഹിതത്തില്‍ നിന്നും തസ്വഭ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ പദ്ധതി തുകയാണിത്. വികസനചെലവ് ഫണ്ട് എന്നും അറിയപ്പെടുന്നു.

സംസ്ഥാനത്തിന്റെ 2006-07 ലെ ബഡ്ജറ്റ് നോക്കിയാല്‍ ഈ വിഭാഗത്തിനു വേണ്ടി 1400.38 കോടി രൂപ അക്കൊല്ലം ചിലവഴിച്ചതായികാണാം. എന്നാല്‍ ഇത് പച്ചകള്ളമാണ്. ഇത്രയും തുക സംസ്ഥാന ബഡ്ജറ്റില്‍ നിന്നും പിന്‍‌വലിച്ച് തസ്വഭ സ്ഥാപനങ്ങളുടെ അക്കൌണ്ടിലേക്ക് മാറ്റിക്കൊടുത്തു എന്നത് സത്യമാണ്. അതുകൊണ്ട് സംസ്ഥാനത്തിന്റെ കണക്കില്‍ അത്രയും തുക ചെലവായതായും കണക്കാക്കുന്നു. (ഇതൊരുതരം കണക്കിലെ കളിയാണ്) എന്നാല്‍ തസ്വഭ സ്ഥാപനങ്ങള്‍ 1221.37 കോടി രൂപ മാത്രമാണ് അക്കൊല്ലം ചെലവഴിച്ചത്. 178.99 കോടി രൂപ വിനിയോഗിക്കപ്പെടാതെ ബാക്കി നില്‍പ്പുണ്ടായിരുന്നു. സംസ്ഥാന ബഡ്ജറ്റില്‍ കൂടി ഈ വിവരം അറിയുകയേ ഇല്ല.

വിഭാഗം ‘ബി’: തസ്വഭ സ്ഥാപനങ്ങളെ ഏല്‍പ്പിച്ച സംസ്ഥാനാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിനുവേണ്ടിയുള്ളതും മറ്റുചില പദ്ധതിയേതര തുകകളുമാണ് ഈ വിഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പ്രത്യേക ‘കന്നുകുട്ടി’ പരിപാലന പദ്ധതി, ഭൂരഹിതരായ ഗ്രാമീണ തൊഴിലാളികള്‍ക്ക് വീടുവയ്ക്കുന്നതിനു സ്ഥലം നല്‍കല്‍ തുടങ്ങിയവ സംസ്ഥാനാവിഷ്കൃത പദ്ധതികളാണ്. തൊഴിലില്ലായ്മ വേതനം, കര്‍ഷകതൊഴിലാളി പെന്‍ഷന്‍ , വിധവാ പെന്‍ഷന്‍ മുതലായവ പദ്ധതിയേതരവും.

2006-07 ല്‍ ഈ വിഭാഗത്തിലേക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ 584.84 കോടി രൂപ ചെലവാക്കിയതായി ബഡ്ജറ്റില്‍ കാണിച്ചിട്ടുണ്ടെങ്കിലും, യഥാര്‍ത്തില്‍ തസ്വഭ സ്ഥാപനങ്ങള്‍ ചെലവാക്കിയത് 531.28 കോടി രൂപ മാത്രമായിരുന്നു. അതായത് 2006-07 അവസാനം 54.56 കോടി രൂപ പാഴാവുന്നതിനു ഇത് ഇടയാക്കി. കുടുതലും പട്ടികജാതി/വര്‍ഗ്ഗ , പിന്നാക്കവിഭാഗക്ഷേമം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് വേണ്ടിയുള്ള തുകയാണ് പാഴായത്.

വിഭാഗം ‘സി’: തസ്വഭ സ്ഥാപനങ്ങളുടെ ആസ്തികളുടെ പരിപാലനത്തിനുള്ള ചെലവുകള്‍ വഹിക്കുന്നതിനു സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന സഹായധനമാണ് ഈ വിഭാഗത്തില്‍ വരിക. പ്രധാനമായും റോഡുകളും റോഡിതര ആസ്തികളുടേയും പരിപാലനം.

ധനകാര്യകമ്മിഷന്‍ ശുപാര്‍ശയനുസരിച്ച് 2004-07 കാലയളവില്‍ 1475.71 കോടി രൂപക്ക് അര്‍ഹതയുണ്ടായിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ബഡ്ജറ്റി വകയിരുത്തിയത് 1057.77 കോടി രൂപയും നല്‍കിയത് 831.05 കോടി രൂപയും ആയിരുന്നു. കുറവ്=644.66 കോടി രൂപ.

വിഭാഗം ‘ഡി’: തസ്വഭ സ്ഥാപനങ്ങള്‍ക്ക് അവരുടെ പരമ്പരാഗത ചുമതലകളുള്‍പ്പടെയുള്ള പൊതു ചെലവുകള്‍ വഹിക്കുന്നതിനു സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന പൊതു ഉദ്ദേശഫണ്ടാണിത്. ഉദാ: അടിസ്ഥാന നികുതി ഗ്രാന്റ്, സ്റ്റാമ്പ് ഡ്യൂട്ടിയിന്മേലുള്ള സര്‍ച്ചാര്‍ജ്ജ്, റൂറല്‍ പൂള്‍ഗ്രാന്റ് മുതലായവ.

2004-07 വരെയുള്ള കാലയളവിലേക്ക് അര്‍ഹതപ്പെട്ട 939.09 കോടി രൂപയുടെ സ്ഥാനത്ത് സംസ്ഥാനസര്‍ക്കാര്‍ ബഡ്ജറ്റില്‍ വകയിരുത്തിയത് 750.98 കോടി രൂപയും നല്‍കിയത് 742.36 കോടി രൂപയുമായിരുന്നു.

വിഭാഗം ‘ഇ’: കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പിലാക്കുന്നതിനു വേണ്ടി സംസ്ഥാന വിഹിതമുള്‍പ്പടെ കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സഹായധനം, ലോകബാങ്ക്, ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്ക് മുതലായവയില്‍ നിന്നും ലഭിക്കുന്ന പണം, ജില്ലാകളക്ടറിന്മാരില്‍ നിന്നും വെള്ളപൊക്കം/വറള്‍ച്ച ദുരിതാശ്വാസങ്ങള്‍ക്ക് ലഭിക്കുന്ന തുക, സാക്ഷരതാമിഷനില്‍ നിന്നും ലഭിക്കുന്ന തുക മുതലായവ ഉള്‍പ്പെടുന്നതാണിത്.

ദാരിദ്ര്യ ലഘൂകരണ യൂണിറ്റുകള്‍ എന്നു പുനര്‍നാമകരണം ചെയ്ത ജില്ലാഗ്രാമീണ വികസന ഏജന്‍സികള്‍, സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന സമിതി, നഗരകാര്യ ഡയറക്റ്റര്‍, ജില്ലാകളക്റ്റര്‍മാര്‍ മുതലായ ഏജന്‍സികള്‍ മുഖേനയാണ് ഈ വിഭാഗത്തിലുള്‍പ്പെട്ട പണം വിതരണം ചെയ്യുന്നത്. നല്‍കിയവര്‍ നിഷ്കര്‍ഷിക്കുന്ന രീതിയില്‍ ഈ പണം നിക്ഷേപിക്കേണ്ടതും വിനിയോഗിക്കേണ്ടതും ആണ്. കേന്ദ്രസഹായമായി 373.90 കോടി രൂപയും സ്സംസ്ഥാനവിഹിതമായി 76.66 കോടി രൂപയും തസ്വഭ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചതില്‍ 292.97 കോടി രൂപ വിനിയോഗിക്കുകയുണ്ടായി. 2006-07 വര്‍ഷാവസാനം മുന്‍‌വര്‍ഷത്തെ നീക്കിയിരുപ്പുള്‍പ്പടെ 209.95 കോടി രൂപ ചെലവാക്കാതെ ബാക്കി വച്ചിട്ടുണ്ട്.

വിഭാഗം ‘എഫ്’: തസ്വഭ സ്ഥാപനങ്ങളുടെ നികുതി, നികുതിയിതര വരുമാനമാണിത്. തനതു ഫണ്ട് എന്നും അറിയപ്പെടുന്നു. വസ്തുനികുതി, തൊഴില്‍നികുതി, വിനോദനികുതി, പരസ്യനികുതി, തടിനികുതി എന്നിവയും ലൈസന്‍സ് ഫീസ്സ്, രജിസ്ട്രേഷന്‍ ഫീസ് മുതലായവയും ഉള്‍പ്പെട്ടത്.

നിയമങ്ങള്‍ അനുശാസിക്കുന്ന വിധത്തില്‍ തനതുഫണ്ട് സംബന്ധിച്ച വിവരങ്ങള്‍ തസ്വഭ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുകയോ അവ സംസ്ഥാനതലത്തില്‍ ക്രോഡീകരിക്കുകയോ സര്‍ക്കാര്‍ ഇതുവരെ ചെയ്തിട്ടില്ല. അതിനാല്‍ തനതുഫണ്ട് സംബന്ധിച്ച വിവരമൊന്നും സര്‍ക്കാരിന്റെ കൈയ്യിലില്ല.

വിഭാഗം ‘ജി’: മറ്റു വിഭാഗങ്ങളിലൊന്നും പെടാത്ത വരവുകള്‍ ഇതില്‍ ഉള്‍പ്പെടുത്തുന്നു. കേരള നഗരവികസന സാമ്പത്തിക കോര്‍പ്പറേഷന്‍ , ഭവന നിര്‍മ്മാണ നഗരവികസന കോര്‍പ്പറേഷന്‍ , കേരള സംസ്ഥാന ഗ്രാമവികസന ബോര്‍ഡ് മുതലായവ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങളുടേയും മാര്‍ഗ്ഗരേഖകളുടേയും അടിസ്ഥാനത്തില്‍ വിനിയോഗിക്കേണ്ട , അവയില്‍ നിന്നുള്ള വായ്പകളും ഇതിലുള്‍പ്പെടുന്നു.

പലയിടങ്ങളില്‍ നിന്നുമായി തസ്വഭ സ്ഥാപനങ്ങളുടെ വിഭാഗം ‘ബി’ യിലേക്ക് ചെല്ലേണ്ട 108.91 കോടി രൂപ, സംസ്ഥാന സര്‍ക്കാര്‍ തെറ്റായ അക്കൌണ്ടിലേക്ക് നിക്ഷേപിച്ചതു കാരണം സര്‍ക്കാരിന്റെ ചില വകുപ്പുകളാണ് ആ തുകകള്‍ പിന്‍‌വലിച്ച് ചെലവാക്കിയത്.

ചുരുക്കത്തില്‍ 2006-07 ലേക്ക് തസ്വഭ സ്ഥാപനങ്ങളിലേക്കായി ചെലവഴിച്ചുവെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ബഡ്ജറ്റില്‍ വകകൊള്ളീച്ചിരുന്നത് (അതായത് തസ്വഭ സ്ഥാപനങ്ങളുടെ വരവ്)
3663.68 കോടി രൂപയായിരുന്നു.

ഈ വിശകലനത്തിന്റെ ഒന്നാം ഭാഗം അവസാനിക്കുന്നതിനു മുമ്പ് തസ്വഭ സ്ഥാപനങ്ങള്‍ ചെലവാക്കിയതിനെപറ്റി കൂടി രണ്ട് വാക്ക്:

തസ്വഭ സ്ഥാപനങ്ങളുടെ ചെലവുകള്‍:
അധികമൊന്നും പറയാനില്ല. വിഭാഗം ‘എ’ മുതല്‍ ‘ഡി’ വരെയുള്ളതേ സമാഹരിച്ചവിധത്തില്‍ അവര്‍ക്കു പോലും ലഭ്യമുള്ളൂ. അതിപ്രകാരമാണ് (Rs.in crores):


തുടരും.